സിഡ്‌നി: ദയനീയ ഫോമില്‍ ദേശീയ ടീമില്‍ തുടരുന്ന ക്രിസ് ഗെയ്ല്‍ വിരമിക്കണമെന്ന് വെസ്റ്റിന്റീസ് ക്രിക്കറ്റ് ബോര്‍ഡ്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഡേവ് കാമറോണ്‍ തന്റെ ട്വിറ്ററിലൂടെയാണ് ഗെയ്‌ലിനെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ 20 കളികളില്‍ ഒരു സെഞ്ച്വറി പോലും നേടാന്‍ ഗെയ്‌ലിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഗെയ്‌ലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ 65 പന്ത് നേരിട്ടാണ് ഗെയ്ല്‍ 34 റണ്‍സ് നേടിയത്. മത്സരത്തില്‍ വെസ്റ്റിന്റീസ് തോല്‍ക്കുകയും ചെയ്തു. രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ജയിച്ചെങ്കിലും കേവലം നാലു റണ്‍ മാത്രമാണ് ഗെയ്‌ലിന് നേടാന്‍ കഴിഞ്ഞത്.

തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജിതനായതോടെ തന്റെ വിശ്വാസ്യത സംരക്ഷിക്കാനെങ്കിലും ഗെയ്ല്‍ കളിയില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് ഒരു ആരാധകന്റെ ട്വീറ്റില്‍ റീ ട്വീറ്റ് ചെയ്ത കാമറോണ്‍ പറഞ്ഞത്. അതേസമയം വലിയൊരു ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കെ കളിക്കാരനെതിരായ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കളിക്കാരുടെ സംഘടനയായ വെസ്റ്റിന്‍ഡീസ് പ്ലയേഴ്‌സ് അസോസിയേഷന്‍ കാമറോണിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുള്ളതുമാണെന്ന് പ്രതികരിച്ചു. കളിക്കാരും വെസ്റ്റിന്റീസ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ പല അവസരങ്ങളിലും കൊമ്പു കോര്‍ത്തിട്ടുണ്ട്. ലോകത്തെ ഒന്നാമന്‍മാരായിരുന്ന വെസ്റ്റിന്റീസ്, ക്രിക്കറ്റില്‍ പിന്നോക്കം പോയത് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍ മൂലമാണ്.