
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങും പാകിസ്താന്‍ ക്രിക്കറ്റ് താരം ഷുഹൈബ് അക്തറും തമ്മില്‍ വലിയ സൗഹൃദമുള്ളവരല്ല. രണ്ട് പേരും കളത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം കൊമ്പുകോര്‍ക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ട് പേരും വിരമിച്ച ശേഷം പഴയ സംഭവങ്ങളെല്ലാം രസകരമായ ഓര്‍മകളെന്ന നിലയില്‍ പല വേദികളിലും പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ പാക് പേസ് ഇതിഹാസമായ അക്തറിനെ ആദ്യമായി കണ്ട ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്.

2004 ലെ പാകിസ്താന്‍ പര്യടനത്തിനിടയിലെ ഓര്‍മകളാണ് ഹര്‍ഭജന്‍ പങ്കുവെച്ചിരിക്കുന്നത്. അന്ന് പരിശീലനത്തിനായി ബൈക്കില്‍ എത്തിയ അക്തറിനെക്കുറിച്ചുള്ള ഓര്‍മകളാണ് ഹര്‍ഭജന്‍ പങ്കുവെച്ചത്. സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ നാല് ഏകദിനവും മൂന്ന് ടെസ്റ്റും കളിക്കാനായാണ് ഇന്ത്യ 2004ല്‍ പാകിസ്താന്‍ പര്യടനം നടത്തിയത്. ഇതിന്റെ ഓര്‍മകളാണ് ഹര്‍ഭജന്‍ സിങ് ആരാധകരുമായി പങ്കുവെച്ചത്. സ്‌പോര്‍ട്‌സ് കീഡയിലെ 'എസ്‌കെ അണ്‍സെന്‍സേര്‍ഡ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

'2004ലെ പാകിസ്താന്‍ പര്യടനത്തിന്റെ സമയത്ത് എല്ലാവരും ബസിലാണ് വന്നത്. എന്നാല്‍ ഒരാള്‍ മാത്രം ജോണ്‍ എബ്രഹാമിനെപ്പോലെ ബൈക്കിലാണെത്തിയത്. ലെതറിന്റെ ജാക്കറ്റിട്ട് ഹെല്‍മറ്റുമെല്ലാം അണിഞ്ഞ് ഒരാള്‍. ഗ്രൗണ്ടിലേക്ക് ബൈക്കുമായി ഒരാള്‍ വരുന്നതുകണ്ട് ശരിക്കും അത്ഭുതപ്പെട്ടു. ഗ്രൗണ്ടിലേക്കെത്തിയതോടെ അവന്‍ ഹെല്‍മറ്റ് അഴിച്ചു. അപ്പോഴാണ് ഷുഹൈബ് അക്തറാണെന്ന് മനസിലായത്. മറ്റെല്ലാ താരങ്ങളും ബസിലെത്തിയപ്പോള്‍ അവന്‍ മാത്രം തന്റെ സ്‌റ്റൈലിലാണ് എത്തിയത്' -ഹര്‍ഭജന്‍ പറഞ്ഞു.

കരിയറിന്റെ തുടക്കകാലത്ത് ബാറ്റ്‌സ്മാന്റെ പേടി സ്വപ്‌നമായിരുന്നു അക്തര്‍. അതിവേഗ ബൗളറെന്ന നിലയില്‍ എല്ലാവരെയും ഞെട്ടിക്കാന്‍ അക്തറിനായിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ പോരാട്ടങ്ങള്‍ക്ക് അല്‍പ്പം ആവേശ ചൂട് കൂടുതലായിരിക്കും. ഇന്ത്യക്കെതിരേ അക്തര്‍ പന്തെറിയാനെത്തുമ്പോള്‍ പല തവണ താരങ്ങളുമായി കൊമ്പുകോര്‍ത്തിട്ടുണ്ട്. അക്തര്‍ ക്രിക്കറ്റിലേക്കെത്തുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇതിഹാസമായി മാറിയിരുന്നു. അക്തര്‍-സച്ചിന്‍ നേര്‍ക്കുനേര്‍ പോരാട്ടം ആരാധകരില്‍ വളരെ അധികം ആവേശം സൃഷ്ടിച്ചിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗെന്ന് ഐപിഎല്ലിനെ വിളിക്കാം. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ പാകിസ്താന്‍ താരങ്ങള്‍ക്കും കളിക്കാന്‍ അനുമതിയുണ്ടായിരുന്നു. പിന്നീടാണ് പാക് താരങ്ങള്‍ക്ക് വിലക്ക് വന്നത്. ഷുഹൈബ് അക്തര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ചിട്ടുണ്ട്. ഇപ്പോള്‍ 15 സീസണുകള്‍ എത്തി നില്‍ക്കുമ്പോള്‍ ഐപിഎല്ലിനുണ്ടായ മാറ്റം എന്തെല്ലാമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അക്തര്‍.
താരങ്ങള്‍ക്ക് വളരെ അധികം പണം ലഭിക്കുന്നതും അവര്‍ അതിനോട് വളരെയധികം ഉത്തരവാദിത്തം കാട്ടുന്നതും പ്രധാന മാറ്റമാണെന്ന് അക്തര്‍ പറഞ്ഞു. 'ആദ്യ കാലഘട്ടങ്ങളില്‍ സൂപ്പര്‍ താരങ്ങളുടെ കൈകളില്‍ മാത്രമായിരുന്നു പണം ഉണ്ടായിരുന്നത്. സച്ചിനായിരുന്നു ആദ്യ കാലത്ത് ഇത്തരത്തില്‍ വലിയ സമ്പാദ്യമുള്ള താരം. എന്നാല്‍ ഇന്ന് എല്ലാ ഇന്ത്യക്കാരുടെ കൈയിലും പണമുണ്ട്. അവര്‍ക്ക് പണം ലഭിക്കുന്നതിനാല്‍ത്തന്നെ അവര്‍ ഉത്തരവാദിത്തവും കാട്ടുന്നു.

ക്രിക്കറ്റില്‍ ഉത്തരവാദിത്തം കാട്ടിയാല്‍ മാത്രമെ നിങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളു. ഈ ജോലിയില്‍ കൃത്യമായ ഉത്തരവാദിത്തം നിങ്ങള്‍ കാട്ടേണ്ടതായുണ്ട്. ഇപ്പോള്‍ താരങ്ങള്‍ക്ക് അര്‍ഹിച്ച പണം ലഭിക്കുന്നു. അതുകൊണ്ട് തന്നെ ഒത്തുകളി പോലുള്ള കാര്യങ്ങള്‍ സംഭവിക്കില്ല. ഉത്തരവാദിത്തമുള്ള ഒരു താരത്തിനും ഇത്തരത്തിലൊന്നും ചെയ്യാന്‍ സാധിക്കില്ല'- അക്തര്‍ പറഞ്ഞു.
നിലവില്‍ ക്രിക്കറ്റ് നിരൂപകനെന്ന നിലയില്‍ അക്തര്‍ സജീവമാണ്. ഐപിഎല്ലിലെ ടീമുകളുടെ പ്രകടനങ്ങളും പ്രവചനങ്ങളും നിരീക്ഷണങ്ങളുമെല്ലാം തന്റെ യുട്യൂബ് ചാനലിലൂടെ അക്തര്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കാലമിത്രയായിട്ടും ഐപിഎല്ലിലെ അതിവേഗ പന്തിന്റെ റെക്കോഡ് അക്തറിന്റെ പേരില്‍ തകര്‍ക്കപ്പെടാതെ തുടരുകയാണ്.