
ഞങ്ങള്‍ നിഷ്പ്രഭരായി
രണ്ടാംടെസ്റ്റില്‍ ഇന്ത്യക്കു മുന്നില്‍ ഇംഗ്ലണ്ട് നിഷ്പ്രഭരാവുകയായിരുന്നുവെന്നു ബ്രോഡ് പറഞ്ഞു. ചെന്നൈയിലെ പിച്ചില്‍ തുടക്കം മുതല്‍ മേധാവിത്വം നേടിയ ഞങ്ങള്‍ക്കു തിരിച്ചുവരാനുള്ള ഒരു പഴുതും അനുവദിച്ചില്ല. എങ്കിലും അന്നത്തെ തോല്‍വിയുടെ പേരില്‍ സ്വയം 'വലിച്ചുകീറാന്‍' ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കാരണം അന്നു കാര്യങ്ങളൊന്നും ഞങ്ങള്‍ക്കു അനുകൂലമായി വന്നില്ല. ഇന്ത്യ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തതായി ബ്രോഡ് വിശദമാക്കി.

ടോസ് നിര്‍ണായകമായി
ടോസ് നിര്‍ണായകമായി മാറിയ പിച്ചുകളിലൊന്നായിരുന്നു ചെന്നൈയിലേത്. ആദ്യ ടെസ്റ്റിലും സമാനമായിരുന്നു അവസ്ഥ. അന്നു ടോസ് നേടിയതു കൊണ്ട് ടെസ്റ്റ് ജയിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഈ പിച്ചില്‍ ടോസ് നഷ്ടപ്പെട്ടാല്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്ന തരത്തിലുള്ള കളി പുറത്തെടുക്കേണം. എങ്കില്‍ മാത്രമേ ടോസ് നഷ്ടമായാലും ഇവിടെ ജയിക്കാന്‍ സാധിക്കൂ. ഇന്ത്യയാവട്ടെ അന്നു ഞങ്ങളെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അനുവദിച്ചതുമില്ലെന്നും ബ്രോഡ് പറഞ്ഞു.
എന്നാല്‍ ടെസ്റ്റ് പുരോഗമിക്കുന്തോറും അന്നു പിച്ചിന്റെ സ്വഭാവത്തില്‍ മാറ്റം വന്നുകൊണ്ടിരുന്നതായി പേസര്‍ ചൂണ്ടിക്കാട്ടി. ഇത്തരം പിച്ചുകളില്‍ തുടക്കത്തില്‍ ബാറ്റിങ് എളുപ്പമായിരിക്കുമെങ്കിലും കളി പുരോഗമിക്കുന്നതോടെ റണ്‍സെടുക്കുക ബുദ്ധിമുട്ടായി തീരുമെന്നും ബ്രോഡ് വ്യക്തമാക്കി.

എല്ലാ ടീമും പയറ്റുന്ന തന്ത്രം
തങ്ങള്‍ക്കു അനുകൂലമായ പിച്ച് തയ്യാറാക്കുകയെന്നത് എല്ലാ ടീമുകളും പയറ്റുന്ന തന്ത്രമാണെന്നും 2018ല്‍ ഇന്ത്യ പര്യടനത്തിനെത്തിയപ്പോള്‍ ഇംഗ്ലണ്ടും തങ്ങളെ തുണയ്ക്കുന്ന പിച്ചാണ് ഒരുക്കിയതെന്നും ബ്രോഡ് വെളിപ്പെടുത്തി.
ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റിനെക്കുറിച്ച് പറഞ്ഞാല്‍ വിമര്‍ശിക്കേണ്ട കാര്യമില്ല. ഇതു തന്നെയാണ് ഹോം ടീമുകള്‍ സാധാരണയായി ചെയ്തു വരുന്നത്. തങ്ങള്‍ക്കു അനുകൂലമായ പിച്ചായിരിക്കും എല്ലാ ടീമും ഒരുക്കുക. ഇന്ത്യക്കാര്‍ക്കു നന്നായി വഴങ്ങുന്ന പിച്ച് ഞങ്ങളെ സംബന്ധിച്ച് അത്ര പരിചിതമല്ലെന്നും ബ്രോഡ് കൂട്ടിച്ചേര്‍ത്തു.,

2018ല്‍ സംഭവിച്ചതും ഇതു തന്നെ
2018ല്‍ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ജയിച്ചതും ഇതേ തന്ത്രം പരീക്ഷിച്ചാണെന്നു ബ്രോഡ് പറയുന്നു. ബോള്‍ നന്നായി സ്വിങ് ചെയ്യുന്ന പിച്ചായിരുന്നു അന്നൊരുക്കിയത്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുകയും ചെയ്തു. ഞങ്ങള്‍ 30 വര്‍ഷത്തോളം വായുവില്‍ മൂവ് ചെയ്യുന്ന ബോളുകള്‍ക്കെതിരേ കളിച്ച് ശീലിച്ചവരാണ്. അതിനാല്‍ ഞങ്ങള്‍ക്കു ഇത്തരം സാഹചര്യങ്ങള്‍ ഇന്ത്യയെപ്പോലെ വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുന്നില്ല.
ഇന്ത്യ അന്നു ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ 107ഉം 130ഉം റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് അന്നു ഇന്നിങ്‌സ് വിജയവും നേടിയിരുന്നതായി ബ്രോഡ് ചൂണ്ടിക്കാട്ടി.

രോഹിത്തിനും അശ്വിനും പ്രശംസ
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ രോഹിത് ശര്‍മയെയും ആര്‍ അശ്വിനെയും ബ്രോഡ് അഭിനന്ദിച്ചു. രോഹിത്തും അശ്വിനും ഇന്ത്യക്കു വലിയ സംഭാവനയാണ് രണ്ടാം ടെസ്റ്റില്‍ നല്‍കിയത്. അതുകൊണ്ടു തന്നെ അവരെ അഭിനന്ദിച്ചേ തീരൂ. ഇന്ത്യ വളരെ നന്നായി കളിച്ചുവെന്നും ഞങ്ങളുടെ പ്രകടനം അത്രത്തോളമെത്തിയില്ലെന്നുമുള്ള യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്നും ബ്രോഡ് പറഞ്ഞു.


Click it and Unblock the Notifications