ലോക ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റെസെന്ന (WCL) ടൂര്‍ണമെന്റിന്റെ ആദ്യത്തെ സീസണ്‍ വന്‍ വിജയമായി മാറിയിരുന്നു. ഈ ചാംപ്യന്‍പ്പിന്റെ അടുത്ത സീസണ്‍ ജൂലൈ 18ന് ആരംഭിക്കുമെന്നു ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് നയിച്ച ഇന്ത്യ ചാംപ്യന്‍സ് ടീമായിരുന്നു പ്രഥമ സീസണില്‍ ജേതാക്കളായത്.
ഇംഗ്ലണ്ടിലെ എഡ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ നടന്ന കലാശപ്പോരില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം കിരീടത്തില്‍ മുത്തമിട്ടത്. ഈ ട്രോഫി നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും രണ്ടാം സീസണിനായി ഇന്ത്യ കച്ചമുറുക്കുക.
ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ആദ്യ പോരാട്ടം ജൂലൈ 20ന് പാകിസ്താനെതിരേയാണ്. ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷനുള്ള ഇന്ത്യന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആരൊക്കെയാവും ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം പിടിക്കുകയെന്നു നമുക്കു നോക്കാം.

യുവി തന്നെ ക്യാപ്റ്റന്‍?
ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷനിലും യുവരാജ് സിങ് തന്നെയാവും ഇന്ത്യ ചാംപ്യന്‍സ് ടീമിനെ നയിച്ചേക്കുക. കഴിഞ്ഞ എഡിഷനില്‍ ടീമിനെ വിജയികളാക്കാന്‍ സാധിച്ചതിനാല്‍ നായകസ്ഥാനത്തേക്കു അദ്ദേഹത്തേക്കാള്‍ മികച്ചൊരു ഓപ്ഷന്‍ ഇന്ത്യക്കു വേറെയില്ലന്നു തന്നെ പറയാം. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പുതുതായി ഇന്ത്യന്‍ ടീമിലേക്കു വന്നേക്കും.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രണ്ടാം എഡിഷനിലും കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ സച്ചിനും ധവാനും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തേക്കുക. മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഇന്ത്യക്കായി കളിക്കാന്‍ സാധ്യത കുറവാണ്.
കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായി കളിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും സൂപ്പര്‍ ഫീല്‍ഡറുമായ സുരേഷ് റെയ്‌ന, മുന്‍ ഓള്‍റൗണ്ടര്‍മാരായ യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, ഇടിവെട്ട് ബാറ്ററായ റോബിന്‍ ഉത്തപ്പ, ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം രണ്ടാം എഡിഷനിലും ഇന്ത്യന്‍ സംഘത്തിലുണ്ടായേക്കും. ഇവരെക്കൂടാതെ കഴിഞ്ഞ വര്‍ഷം വിരമിച്ച വൃധിമാന്‍ സാഹ, വരുണ്‍ ആരോണ്‍, സിദ്ധാര്‍ഥ് കൗള്‍, ബരീന്ദര്‍ സ്രാന്‍ എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ മല്‍സരക്രമം
ഡബ്ല്യുസിഎല്ലിന്റെ രണ്ടാം എഡിഷന്റെ മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 20ന് ഞായറഴ്ച ബദ്ധവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യത്തെ പോരാട്ടം. ഇതിനു ശേഷം 22ന് സൗത്താഫ്രിക്ക ചാംപ്യന്‍സുമായിട്ടാണ് ഇന്ത്യയുടെ രണ്ടാമങ്കം. 26ന് നടക്കുന്ന മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സാണ് ഇന്ത്യയുടെ എതിരാളികള്‍.

ജൂലൈ 27ന് അടുത്ത കളിയില്‍ ഇംഗ്ലണ്ട് ചാംപ്യന്‍സുമായി ഇന്ത്യ കൊമ്പുകോര്‍ക്കും. അവസാനത്തെ ലീഗ് മല്‍സരം 29ന് വെസ്റ്റ് ഇന്‍ഡീസ് ചാംപ്യന്‍സുമായിട്ടാണ്. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സെമി ഫൈനലിലേക്കു മുന്നേറും. ജൂലൈ 31നാണ് സെമി ഫൈനലുകള്‍ നടക്കാനിരിക്കുന്നത്. കലാശക്കളി ആഗസ്റ്റ് രണ്ടിന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ നടക്കും.
ഇന്ത്യ ചാംപ്യന്‍സിന്റെ സാധ്യതാ സ്‌ക്വാഡ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, റോബിന്‍ ഉത്തപ്പ (വിക്കറ്റ് കീപ്പര്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, സുരേഷ് റെയ്‌ന, യുവരാജ് സിങ് (ക്യാപ്റ്റന്‍), യൂസുഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, വരുണ്‍ ആരോണ്‍, ഹര്‍ഭജന്‍ സിങ്, വൃധിമാന്‍ സാഹ, സിദ്ധാര്‍ഥ് കൗള്‍, ഗുര്‍കീരത് സിങ് മാന്‍, ധവാല്‍ കുല്‍ക്കര്‍ണി, ആര്‍പി സിങ്, നമാന്‍ ഓജ.