ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു നെടുംതൂണുകളെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് ബാറ്റിങ് ഇതിഹാസം വിരാട് കോലിയും നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയും. ഇവരുടെ പകരക്കാരാവാന്‍ ശേഷിയുള്ള താരങ്ങളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. മൂന്നു യുവതാരങ്ങളെയാണ് ഈ സ്ഥാനത്തേക്കു അദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇവരിലൊരാള്‍ ഇതുവരെ ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.
നാട്ടിലും വിദേശത്തും എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ മികവ് പുലര്‍ത്തിയ ഇരുവരും ഇന്ത്യക്കു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ദീര്‍ഘകാലമായി ദേശീയ ടീമിനൊപ്പം തുടരുന്ന കോലിയും രോഹിത്തും കരിയറിന്റെ അവസാന ഘട്ടത്തിലേക്കു അടുക്കുകയാണ്. കോലിയേക്കാള്‍ നേരത്തേ ഒരുപക്ഷെ ഹിറ്റ്മാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയേക്കും. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് അദ്ദേഹത്തിനു വില്ലനാവുന്നത്.

നിലവില്‍ കോലിയും രോഹിത്തും ഇന്ത്യക്കു വേണ്ടി രണ്ടു ഫോര്‍മാറ്റുകളില്‍ മാത്രമേ കളിക്കുന്നുള്ളൂ. ടി20 ടീമില്‍ നിന്നും ഇരുവരും ഏറെക്കുറെ പൂര്‍ണമായി പുറത്തായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിനു ശേഷം കോലിയും രോഹിത്തും ടി20 ടീമിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല. ഇനി ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയും കുറവാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനു ശേഷം രണ്ടിലൊരാള്‍ ഏകദിന ടീമില്‍ നിന്നും പുറത്താവാനും സാധ്യത കൂടുതലാണ്.
ഇതിനകം തന്നെ ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായി മാറിയ യുവ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, അടുത്തിടെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയോടെ കസറിയ മറ്റൊരു യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ഇനിയും അരങ്ങേറിയിട്ടില്ലാത്ത തമിഴ്‌നാട്ടുകാരനായ ഓള്‍റൗണ്ടര്‍ സായ് സുദര്‍ശന്‍ എന്നിവരെയാണ് കോലി, രോഹിത് എന്നിവരുടെ പകരക്കാരായി ജാഫര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ഞാന്‍ തിരഞ്ഞെടുക്കുന്ന ആദ്യത്തെയാള്‍ യശസ്വി ജയ്‌സ്വാളാണ്. അവന്‍ മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശേഷിയുള്ള താരമാണ്. ഐപിഎല്ലില്‍ വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ ജയ്‌സ്വാളിനു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇന്ത്യക്കൊപ്പം ടെസ്റ്റ് കരിയര്‍ അവന്‍ അതിഗംഭീരമായി തുടങ്ങുകയും ചെയ്തിരിക്കുകയാണ്.
ഞാന്‍ തിരഞ്ഞെടുക്കുന്ന അടുത്ത താരം ശുഭ്മന്‍ ഗില്ലാണ്. നമ്മള്‍ ബാറ്റിങിനെക്കുറിച്ച് മാത്രമാണ് പറയുന്നതെങ്കില്‍ ഈ രണ്ടു പേരുമാണ് വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടു നയിക്കാന്‍ പോവുന്നതെന്നും ജിയോ സിനിമയുടെ ഷോയില്‍ ജാഫര്‍ വ്യക്തമാക്കി.

മൂന്നാമത്തെ താരമായാണ് സായ് സുദര്‍ശന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചത്. ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു താരമാണ് സായ്. ഐപിഎല്ലില്‍ അവന്റെ പ്രകടനം എന്നെ വളരെയധികം ആകര്‍ഷിച്ചു. അതിനു ശേഷം ഇപ്പോള്‍ നടക്കുന്ന എമേര്‍ജിങ് ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ സെഞ്ച്വറിയും സായ് സ്‌കോര്‍ ചെയ്തിരുന്നു. ഭാവിയില്‍ അവന്‍ വളരെ മികച്ച താരമായി മാറുമെന്നു താന്‍ കരുതുന്നതായും ജാഫര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ സായ് സുദര്‍ശനു സാധിച്ചിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഫൈനലിലെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു ഏറ്റവുമധികം കൈയടി വാങ്ങിയത്.
മൂന്നാം നമ്പറില്‍ ഇറങ്ങിയ താരം 96 റണ്‍സാണ് അടിച്ചെടുത്തത്. 47 ബോളുകള്‍ നേരിട്ട സായിയുടെ ഇന്നിങ്‌സില്‍ എട്ടു ഫോറും ആറു സിക്‌സറുകളുമുള്‍പ്പെട്ടിരുന്നു. പക്ഷെ ഫൈനലില്‍ സിഎസ്‌കെയോടു ജിടി പരാജയപ്പെട്ടതിനാല്‍ ഈ പ്രകടനത്തിനു അര്‍ഹിച്ച അംഗീകാരം ലഭിച്ചില്ല.