ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. 2013ന് ശേഷം ഒരു തവണ പോലും ഐസിസി ട്രോഫി നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോകകപ്പ് കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് നല്‍കുന്നത്. 2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ കപ്പടിക്കാന്‍ ടീമിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്.
രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും അവസാന ഘട്ട പണിപ്പുരയിലാണ്. പ്ലേയിങ് 11 സംബന്ധിച്ച് ഇപ്പോഴും ചില ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ടീം ഇപ്പോഴുള്ളത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. ടീം കരുത്തും മോശമല്ലാത്തതിനാല്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പിലെ വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ പേസര്‍ വസിം അക്രം.

ആതിഥേയരാവുന്നതിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ വേട്ടയാടുമെന്നാണ് അക്രം ചൂണ്ടിക്കാട്ടുന്നത്. 'ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. എന്നാല്‍ ഹോം ഗ്രൗണ്ടിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിക്കും. 2011ല്‍ ഇന്ത്യയില്‍ ലോകകപ്പ് നടന്നപ്പോള്‍ കപ്പ് നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ വലിയ സമ്മര്‍ദ്ദം ഇന്ത്യക്ക് മുകളിലുണ്ടാവും. എല്ലാ ആതിഥേയ ടീമുകള്‍ക്കും ഈ സമ്മര്‍ദ്ദം ഉണ്ടാകാറുണ്ട്'- അക്രം പറഞ്ഞു. 2011ല്‍ ഇന്ത്യ കിരീടം നേടിയതിനാല്‍ ഇത്തവണ കിരീടം നേടാതെ പോയാല്‍ അത് വലിയ നാണക്കേടാവും.
കിരീടം കൈവിട്ടാല്‍ രോഹിത് ശര്‍മയുടേയും രാഹുല്‍ ദ്രാവിഡിന്റേയും കസേര തെറിക്കുമെന്ന കാര്യം ഉറപ്പാണ്. സ്വന്തം മണ്ണില്‍ കിരീടം നേടി ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് ഇന്ത്യക്ക് അവസാനിപ്പിക്കാനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യയെ ചില പ്രശ്‌നങ്ങള്‍ കാര്യമായി അലട്ടുന്നുണ്ട്. പ്രധാനമായും ബാറ്റിങ് ഓഡറില്‍ വ്യക്തതയില്ല. കൂടാതെ പരിക്ക് ഇന്ത്യയുടെ മുകളില്‍ വലിയ ഭീഷണിയായി തുടരുന്നു.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ എന്നിവരുടെയെല്ലാം ഫിറ്റ്‌നസ് ആശങ്കയായി തുടരുന്നു. സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ്ങിനെ ആശ്രയിച്ചാവും ഇന്ത്യയുടെ കിരീട സാധ്യതകള്‍. ഇരുവരേയും അമിതമായി ഇന്ത്യക്ക് ആശ്രയിക്കേണ്ടി വരുന്നുണ്ടെന്നതാണ് വസ്തുത.
ലോകകപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനാണ്. ഇന്ത്യയെക്കാള്‍ പാകിസ്താനാണ് വിജയ സാധ്യതയെന്നും അക്രം വിലയിരുത്തി. അതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് പാകിസ്താന്റെ ബൗളിങ് കരുത്താണ്. 'തീര്‍ച്ചയായും ഇന്ത്യക്ക് മികച്ച ബൗളര്‍മാരുണ്ട്. മുഹമ്മദ് ഷമി വളരെ മികച്ച രീതിയില്‍ പന്തെറിയുന്ന താരമാണ്. എന്നാല്‍ ബുംറയുടെ ഫിറ്റ്‌നസ് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്.
അവന്റെ നിലവിലെ ഫിറ്റ്‌നസ് എത്രമാത്രം മികച്ചതാണെന്ന് എനിക്കറിയില്ല. ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നം ടീമിനെ ബാധിക്കും. എന്നാല്‍ അവന്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാനായേക്കും. ഇന്ത്യക്കൊപ്പം മികച്ച സ്പിന്നര്‍മാരും ഓള്‍റൗണ്ടര്‍മാരുമുണ്ട്. എന്നാല്‍ ബൗളിങ് കരുത്തില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ട്'-അക്രം കൂട്ടിച്ചേര്‍ത്തു.
ബുംറ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. ഈ പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് ബുംറയാണ്. എന്നാല്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. താരത്തിന്റെ പരിശീലന വീഡിയോയില്‍ മുംബൈയിലെ യുവ താരങ്ങള്‍ തല്ലിപ്പറത്തുന്നതാണ് കാണാനായത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ ആശങ്കയാണുള്ളത്.
ബുംറ ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ബുംറക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം പരിക്കില്‍ നിന്ന് മോചിതരാവാത്ത പക്ഷം ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടുക കടുപ്പമായിരിക്കുമെന്നുറപ്പാണ്.