മുട്ട് ഇടിച്ചത് ഒരാള്‍ക്ക് മുന്നില്‍ മാത്രം... ഓട്ടം കണ്ടാല്‍ ഭയം!! വിറപ്പിച്ച ബൗളറെക്കുറിച്ച് യുവി
മുംബൈ: മിന്നുന്ന പ്രകടനത്തിലൂടെയും യഥാര്‍ഥ ജീവിതത്തിലെ പോരാട്ടവീര്യത്തിലൂടെയും ഏവരുടെയും പ്രിയങ്കരനായ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഈയാഴ്ചയാണ് ക്രിക്കറ്റിനോടു വിട പറഞ്ഞത്. വാര്‍ത്താസമ്മേളനത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നുമെല്ലാം താന്‍ വിരമിക്കുന്നതായി യുവി പ്രഖ്യാപിച്ചത്. ഇതിനു ശേഷം യുവിക്ക് ആശംസാപ്രവാഹമാണ്. കായിക ലോകത്തു നിന്നു മാത്രമല്ല ക്രിക്കറ്റ് പ്രേമികളില്‍ നിന്നും യുവിക്കു ആശംസകള്‍ വന്നു കൊണ്ടിരിക്കുകയാണ്.
യുവിയെ പ്രശംസിച്ച് പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തറും വീഡിയോ പുറത്തുവിട്ടിരുന്നു. അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയായിരുന്നു ഇത്. ഇപ്പോള്‍ യുവിയും ഇതിനു പ്രതികരിച്ചിരിക്കുകയാണ്.

ഭയപ്പെടുത്തിയ ബൗളര്‍
നിങ്ങളുടെ സ്‌നേഹം നിറഞ്ഞ ആശംസകള്‍ക്കു നന്ദിയെന്നു പറഞ്ഞു കൊണ്ടാണ് യുവി തുടങ്ങിയത്. കരിയറില്‍ ബാറ്റിങിനിടെ തന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയ ബൗളര്‍ അക്തറായിരുന്നുവെന്ന് യുവി പറയുന്നു. നിങ്ങള്‍ ഓരോ തവണ ബൗള്‍ ചെയ്യാന്‍ ഓടിയെത്തുമ്പോഴും മനസ്സില്‍ വല്ലാത്ത ഭയമായിരുന്നു.
നിങ്ങളെ നേരിടാന്‍ മനസ്സില്‍ നല്ല ധൈര്യം തന്നെ വേണം. നമ്മള്‍ തമ്മില്‍ പല അവിസ്മരണീയ ഏറ്റുമുട്ടലുകളും കളിക്കളത്തില്‍ ഉണ്ടായിട്ടുണ്ട്. ആ നിമിഷങ്ങളെല്ലാം എക്കാലവും ഓര്‍ക്കുമെന്നും യുവി ട്വീറ്റ് ചെയ്തു.

അക്തറിന്റെ ആശംസ
തന്റെ വീഡിയോയിലൂടെ യുവിയെ വാനോളം പുകഴ്ത്തിയാണ് അക്തര്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ക്കു യാത്രയയപ്പ് നല്‍കിയത്. റോക്ക്‌സ്റ്റാറെന്നും മാച്ച് വിന്നറുമെന്നുമാണ് അക്തര്‍ യുവിയെ വിശേഷിപ്പിച്ചത്. തന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറയുന്നു.
2003ല്‍ സെഞ്ചൂറിയനില്‍ നടന്ന ലോകകപ്പ് മല്‍സരത്തിനിടെയാണ് യുവിയെ നേരില്‍ കാണുന്നത്. അന്ന് വളരെ മികച്ച ഇന്നിങ്‌സ് അദ്ദേഹം കളിച്ചിരുന്നു. യുവി പഞ്ചാബിയാണ്, തങ്ങളുടെ ഭാഷ തന്നെയാണ് സംസാരിച്ചിരുന്നതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിനെക്കുറിച്ച് നന്നായറിയാം
ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവിയെപ്പോലെ പ്രതിഭയുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ വളരെ കുറവാണ്. വളരെ ഒഴുക്കോടെയാണ് അദ്ദേഹം കളിച്ചിരുന്നത്. ക്രിക്കറ്റിനെക്കുറിച്ച് യുവിക്ക് നല്ല അറിവുണ്ടായിരുന്നു. സ്വന്തം രാജ്യത്തിനു വേണ്ടി അദ്ഭുതങ്ങളാണ് അദ്ദേഹം കാണിച്ചിട്ടുള്ളത്.
2011ല്‍ ഇന്ത്യ ലോക ചാംപ്യന്‍മാരായപ്പോള്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന യുവി ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേ ഒരോവറില്‍ ആറു സിക്‌സറുകള്‍ നേടിയത് അവിശ്വസനീയമാണ്. വളരെ ദേശസ്‌നേഹിയായിരുന്ന യുവി മാച്ച് വിന്നറുമായിരുന്നു. വളരെ നല്ലൊരു ഭാവി അദ്ദേഹത്തിനു നേരുന്നുവെന്നും അക്തര്‍ വീഡിയോയില്‍ പറയുന്നു.

രണ്ടു ലോകകപ്പുകള്‍
എംഎസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ രണ്ടു തവണ ലോകകപ്പുയര്‍ത്തിയപ്പോഴും യുവി ടീമിലുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലുമാണ് യുവി ഇന്ത്യയുടെ നട്ടെല്ലായി മാറിയത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അദ്ദേഹം.
ഇന്ത്യക്കു വേണ്ടി 304 ഏകദിനങ്ങളിലും 58 ടി20 കളിലും 40 ടെസ്റ്റുകളിലും കളിച്ച ശേഷമാണ് യുവി ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറഞ്ഞത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications