
കഴിഞ്ഞ വര്‍ഷം നവംബറില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പിലാണ് ഹാര്‍ദിക്കിനെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. പുറംഭാഗത്തിനേറ്റ പരിക്കും തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയക്കും ശേഷം ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ താരത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് പഴയതു പോലെ ബൗളിങും പുനരാരംഭിക്കുന്നതിനു വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലാണ് ഹാര്‍ദിക്.

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ അഹമ്മദാബാദിന്റെ ക്യാപ്റ്റനായി അടുത്തിടെ ഹാര്‍ദിക് പാണ്ഡ്യയെ നിയമിച്ചിരുന്നു. മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മെഗാ ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. ഇതോടെയാണ് ഹോം ഫ്രാഞ്ചൈസി കൂടിയായ അഹമ്മദാബാദിലേക്കു ഹാര്‍ദിക്കിനു വിളിവന്നത്. ക്യാപ്റ്റനെന്ന നിലയില്‍ താരത്തിന്റെ അരങ്ങേറ്റം കൂടിയായിരിക്കും അടുത്ത സീസണിലേത്.

പുതിയ സീസണിലെ ഐപിഎല്ലിലൂടെയായിരിക്കും താന്‍ മല്‍സരരംഗത്തേക്കു മടങ്ങിയെത്തുകയെന്നു ഹാര്‍ദിക് വ്യക്തമാക്കി. ലോകകപ്പ് ആവുമ്പോഴേക്കും കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കു എത്തുകയെന്നതാണ് എന്റെ ലക്ഷ്യം.
ലോകകപ്പ് മുന്നില്‍ കണ്ടാണ് ഞാന്‍ പരിശീലനവും തയ്യാറെടുപ്പുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിനു വേണ്ടി എനിക്കു ലോകകപ്പ് വിജയിക്കണം. ഇതു എനിക്കു ഏറെ ആഹ്ലാദവും ഒപ്പം അഭിമാനവും നല്‍കും.

ഞാന്‍ എല്ലായ്‌പ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത് ലോകകപ്പിനെക്കുറിച്ച് മാത്രമാണ്. ലോകകപ്പിനുളള മികച്ച തയ്യാറെടുപ്പായിരിക്കും എനിക്കു ഐപിഎല്‍ നല്‍കുക. എല്ലാ കഠിനാധ്വാനവും ഇന്ത്യന്‍ ടീമിനും ലോകകപ്പിനും വേണ്ടിയാണെന്നും 28കാരനായ ഹാര്‍ദിക് വിശദമാക്കി.

ഇന്ത്യന്‍ ടീമിന്റെ താല്‍പ്പര്യം പരിഗണിച്ച് ഞാന്‍ എല്ലായ്‌പ്പോഴും സ്വയം ധൃതി കാണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഞാന്‍ എനിക്കു തന്നെ സ്വയം കുറച്ചു സമയം നല്‍കാന്‍ ആഗ്രഹിക്കുന്നു. ശാരീരികമായും മാനിസകമായും തയ്യാറെടുക്കുന്നതിനു വേണ്ടിയാണിത്. കൂടാതെ കുടുംബത്തോടൊപ്പവും കുറച്ചു സമയം ചെലവഴിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ ഒരുപാട് സമയം ബയോ ബബ്‌ളിനകത്തു കഴിഞ്ഞിട്ടുണ്ട്. ഇതു സുഖകരമാക്കാന്‍ എല്ലാവരും ശ്രമിച്ചിട്ടുണ്ടെങ്കിലും ബയോ ബബ്‌ളിനകത്തു കഴിയുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

തുടര്‍ച്ചയായി മൂന്നു പരമ്പരകളാണ് ടി20 ലോകകപ്പിനു ശേഷം ഹാര്‍ദിക് പാണ്ഡ്യക്കു നഷ്ടമയാത്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയായിരുന്നു ആദ്യത്തേത്. ഹാര്‍ദിക്കിനു പകരം മധ്യപ്രദേശില്‍ നിന്നുള്ള പുതുമുഖ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമില്‍ ഇടം പിടിക്കുകയായിരുന്നു.
കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഹാര്‍ദിക്കില്ലായിരുന്നു. പകരം വെങ്കടേഷ് അയ്യരാണ് ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായത്.

ഈ രണ്ടു പരമ്പരകളിലും വെങ്കിക്കു പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനം നടത്താനായിരുന്നില്ല.വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകളിലും ഹാര്‍ദിക്ക് കളിക്കുന്നില്ല. വിന്‍ഡീസിനെതിരായ പരമ്പരയ്ക്കു ശേഷം ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യ നിശ്ചിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. അതിലും അദ്ദേഹമുണ്ടാവില്ലെന്നു ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.
ഐപിഎല്ലില്‍ അഹമ്മദാബാദിന്റെ നായകനായിട്ടാവും ഹാര്‍ദിക്കിനെ ഇനി കളിക്കളത്തില്‍ കാണുക.

ഇതുവരെ കളിച്ചിട്ടുള്ള ക്യാപ്റ്റന്മാരില്‍ നിന്നും എനിക്കു ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. പ്രത്യേകിച്ചും മഹി ഭായിയില്‍ നിന്ന്. അദ്ദേഹമാണ് എന്നെ വളര്‍ത്തിയെടുത്തത്. ഒരുപാട് സ്വാതന്ത്ര്യം മഹിഭായ് എനിക്കു നല്‍കി. ഞാന്‍ തെറ്റുകള്‍ ചെയ്ത ശേഷം അതില്‍ നിന്നും പഠിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും ഹാര്‍ദിക് പറഞ്ഞു.


Click it and Unblock the Notifications











