മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് സ്ഥാനത്തു രാഹുല്‍ ദ്രാവിഡ് തുടര്‍ന്നേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. സമാപിച്ച ഏകദിന ലോകകപ്പോടെ അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചിരുന്നു. കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ദ്രാവിഡുമായി ബിസിസിഐ ഇനിയും ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. കരാര്‍ നീട്ടാന്‍ ബിസിസിഐ ആലോചിക്കുന്നതായി സൂചനകളുണ്ടായിരുന്നു.
എന്നാല്‍ കരാര്‍ പുതുക്കാന്‍ ദ്രാവിഡിനു താല്‍പ്പര്യമില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല അടുത്ത മുഖ്യ കോച്ചായി വിവിഎസ് ലക്ഷ്മണ്‍ വന്നേക്കുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാര്‍ പുതുക്കാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നു ബിസിസിഐയെ ദ്രാവിഡ് അറിയിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിനു പകരം പുതിയ കോച്ചിനായി അപേക്ഷ ക്ഷണിക്കാതെ ലക്ഷ്മണിനെ ഈ ദൗത്യം ഏല്‍പ്പിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

നേരത്തേ ദ്രാവിഡ് മുഖ്യ കോച്ചായിരിക്കെ തന്നെ അദ്ദേഹത്തിനു ചില അപ്രധാനമായ പരമ്പരകളില്‍ വിശ്രമം നല്‍കിയപ്പോള്‍ താല്‍ക്കാലിക കോച്ചായി വന്നത് ലക്ഷ്മണായിരുന്നു. ഓസ്‌ട്രേസലിയക്കെതിരേ ഇന്നു ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പരിശീലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്.
2021 നവംബറിലാണ് രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ച ശേഷം ദ്രാവിഡ് ടീമിന്റെ മുഖ്യ കോച്ചായി ചുമതലയേറ്റെടുത്തത്. ടി20 ലോകകപ്പിനു പിന്നാലെ ശാസ്ത്രി പരിശീലകസ്ഥാനത്തു നിന്നും പടിയിറങ്ങിയതോടെ അദ്ദേഹത്തെ ബിസിസിഐ പകരക്കാരനായി കൊണ്ടു വരികയായിരുന്നു.
ഈ വര്‍ഷത്തെ ഏകദിന ലോകകപ്പ് വരെയുള്ള രണ്ടു വര്‍ഷത്തെ കരാറിലാണ് ദ്രാവിഡ് അന്നു ഒപ്പുവച്ചത്. പരിശീലകസ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹത്തിനു താല്‍പ്പര്യമില്ലായിരുന്നുവെന്നും അന്നത്തെ ബിസിസിഐ പ്രസിഡന്റും അടുത്ത സുഹൃത്തുമായ സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ദ്രാവിഡ് സമ്മതം മൂളിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ മുന്‍ഗാമിയായ ശാസ്ത്രിയെപ്പോലെ തന്നെ ഇന്ത്യയെ ഐസിസി കിരീട വിജയത്തിലേക്കു നയിക്കാനാവാതെയാണ് ദ്രാവിഡും പടിയിറങ്ങാന്‍ തയ്യാറെടുക്കുന്നത്. എങ്കിലും ടീമിനൊപ്പം അഭിമാനാര്‍ഹമായ ചില നേട്ടങ്ങള്‍ കൈവരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയെ ഏഷ്യാ കപ്പില്‍ ജേതാക്കളാക്കിയതാണ് ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്ന ഏറ്റവും വലിയ കിരീടവിജയം. ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യ ചാംപ്യന്‍മാരായത്.

ഐസിസിയുടെ ഏകദിന, ടെസ്റ്റ്, ടി20 റാങ്കിങുകളില്‍ ഇന്ത്യന്‍ ടീമിനെ ഒന്നാമതെത്തിക്കാനായാതും അദ്ദേഹത്തിന്റെ പരിശീലക കരിയറിലെ മറ്റൊരു പൊന്‍തൂവലാണ്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ജേതാക്കളാക്കാനും ദ്രാവിഡിനായിരുന്നു. യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിന്റെ കരിയര്‍ ഉയരങ്ങളിലേക്കു കുതിച്ചത് അതിനു കീഴിലായിരുന്നു.
ഫോം കണ്ടെത്താവാതെ വലയുകയായിരുന്ന മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയെ തന്റെ മാജിക്കല്‍ ടച്ച് വീണ്ടെടുക്കാനും ദ്രാവിഡ് വഹിച്ച പങ്ക് വലുതാണ്. ഏകദിന ലോകകപ്പ് കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം നടത്തിയ അഗ്രസീവ് ക്രിക്കറ്റിന്റെ ക്രെഡിറ്റ് ദ്രാവിഡ് അര്‍ഹിക്കുന്നു.
അതേസമയം, മൂന്നു ഐസിസി ട്രോഫികളാണ് ദ്രാവിഡ് കോച്ചായിരിക്കെ ഇന്ത്യക്കു ലഭിക്കാതെ പോയത് എന്നതു പ്രധാന നെഗറ്റീവുകളിലൊന്നാണ്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഈ വര്‍ഷം ജൂണില്‍ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. പക്ഷെ ഓസ്‌ട്രേലിയക്കു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു.