മുംബൈ: ബിസിസിഐയുടെ അണ്ടര്‍ 16 ക്രിക്കറ്റ് ടൂര്‍ണമെന്റ് നടന്നുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായി ഇത്തരം ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ക്ക് വലിയ പ്രാധാന്യം ലഭിക്കാറില്ലെങ്കിലും ഇത്തവണത്തെ അണ്ടര്‍ 16 ടൂര്‍ണമെന്റുകള്‍ക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. അതിന്റെ കാരണം ആരാധകരുടെ സൂപ്പര്‍ ഹീറോസായിരുന്ന ചില ഇന്ത്യന്‍ താരങ്ങളുടെ മക്കള്‍ അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ടെന്നതാണ്.
മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറും നിലവിലെ ഇന്ത്യന്‍ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വെയ് ദ്രാവിഡും ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗുമെല്ലാം അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ കളിക്കുന്നുണ്ട്. ഇന്ത്യയുടെ ഭാവി താരങ്ങളെന്ന് വിലയിരുത്തപ്പെടുന്ന ഇവരുടെ പ്രകടനത്തിലേക്ക് എല്ലാവരും പ്രതീക്ഷയോടെയാണ് നോക്കുന്നത്.
ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്ത ആര്യവീര്‍ സെവാഗ് അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 106 പന്തില്‍ 54 റണ്‍സാണ് മുന്‍ വെടിക്കെട്ട് താരത്തിന്റെ മകന്‍ നേടിയത്. എട്ട് ബൗണ്ടറികളും ഒരു സിക്‌സുമാണ് ആര്യവീര്‍ നേടിയത്. എന്നാല്‍ സെവാഗിനെപ്പോലെ വെടിക്കെട്ട് തുടക്കം നല്‍കാന്‍ മകന് സാധിച്ചില്ല. ഒന്നാം വിക്കറ്റില്‍ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് അര്‍ണവ് ബുജക്കൊപ്പം ആര്യവീര്‍ സൃഷ്ടിച്ചത്. അതേ സമയം ദ്രാവിഡിന്റെ മകനായ അന്‍വെയ് കര്‍ണാടക ടീമിന്റെ നായകനാണ്.
മധ്യനിര താരമായ അന്‍വെയ് ഡെക്കിനാണ് പുറത്തായത്. ആയുഷ് ലാക്ര അന്‍വെയിനെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ ദ്രാവിഡിന്റെ മകന്റെ സ്റ്റംപ് തെറിച്ചു. ദ്രാവിഡിനെപ്പോലെ തന്നെ വിക്കറ്റ് കീപ്പറെന്ന നിലയിലും അന്‍വെയ് തിളങ്ങുന്നുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ആയുഷ് 11 റണ്‍സാണ് നേടിയത്. ആര്യവീര്‍ 100 റണ്‍സാണ് മൂന്ന് ഇന്നിങ്‌സില്‍ നിന്ന് നേടിയത്. അന്‍വെയ് ഗംഭീര പ്രകടനമാണ് നടത്തിയത്. 237 റണ്‍സാണ് ഇതുവരെ അടിച്ചെടുത്തത്.

ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. 418 റണ്‍സുമായി രാജസ്ഥാന്റെ രജത് ഭാഗലാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. അണ്ടര്‍ 16യില്‍ മികച്ച പ്രകടം നടത്തിയാല്‍ ഇവര്‍ക്ക് അണ്ടര്‍ 19യിലേക്ക് ഉയരാന്‍ സാധിച്ചേക്കും. അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ എല്ലാവരുടേയും ശ്രദ്ധ നേടിയെടുക്കാന്‍ ഇവര്‍ക്കാവും. മികവ് കാട്ടി ഒരുനാള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് ഇവര്‍ക്കെത്താനാവുമെന്ന് പരിശോധിക്കാം.
എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ മക്കളെന്ന പേരില്‍ ക്രിക്കറ്റിലേക്ക് വന്ന് സൂപ്പര്‍ താരങ്ങളായവര്‍ വിരളമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലിലൂടെ വരവറിയിച്ചിട്ടുണ്ട്. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. ഇത്തവണയും മുംബൈ അര്‍ജുനെ നിലനിര്‍ത്തിയിട്ടുണ്ട്. താരത്തിന് വരുന്ന സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമോയെന്നത് കണ്ടറിയാം.
അര്‍ജുന് ദേശീയ ടീമിലേക്ക് വളരുക എളുപ്പമല്ലെന്ന് തന്നെ പറയാം. സെവാഗിന്റെയും ദ്രാവിഡിന്റെയും മക്കള്‍ ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ താല്‍പര്യം കാട്ടിയിരുന്നവരാണ്. ഇവര്‍ മികച്ച പരിശീലനം നേടിയാണ് വളര്‍ന്നുവരുന്നത്. ഭാവിയില്‍ ഇവര്‍ ഇന്ത്യന്‍ ടീമിലേക്ക് വളരുമെന്ന് തന്നെ പ്രതീക്ഷിക്കാം. സെവാഗും ദ്രാവിഡും തങ്ങളുടെ പേരില്‍ മക്കള്‍ വളരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മക്കള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ ദ്രാവിഡും സെവാഗും തയ്യാറായേക്കില്ല.
രോഹിത് ശര്‍മക്കും വിരാട് കോലിക്കും ആദ്യ മക്കള്‍ പെണ്‍കുട്ടികളാണ്. അതുകൊണ്ടുതന്നെ അവര്‍ വനിതാ ക്രിക്കറ്റിലൂടെ വളര്‍ന്ന് വരുമോയെന്നത് കണ്ടറിയാം. എന്തായാലും ചരിത്രം പരിശോധിക്കുമ്പോള്‍ അച്ഛന്റെ പിന്‍ഗാമികളായി വന്ന് സൂപ്പര്‍ താരങ്ങളായി മാറിയവര്‍ വിരളമാണെന്ന് പറയാം.