ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണറും ഇതിഹാസ താരവുമായ വീരേന്ദര്‍ സെവാഗ് പാകിസ്താന്റെ മണ്ണില്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇനി പഴങ്കഥ. 19 വര്‍ഷം അദ്ദേഹം ഭദ്രമായി സൂക്ഷിച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായത്. റെഡ് ബോള്‍ ക്രിക്കറ്റിലെ വീരുവിന്റെ റെക്കോര്‍ഡ് റാഞ്ചിയതാവട്ടെ പാക് ടെസ്റ്റ് ക്യാപ്റ്റന്‍ ഷാന്‍ മസൂദുമാണ്.
പാകിസ്താനമായുള്ള ടെസ്റ്റില്‍ ഇന്ത്യന്‍ കുപ്പായത്തിലായിരുന്നു വീരുവിന്റെ നേട്ടമെങ്കില്‍ മസൂദിന്റേത് ആഭ്യന്തര ടൂര്‍ണമെന്റിലാണെന്നതാണ് വ്യത്യാസം. റെഡ് ബോള്‍ ക്രിക്കറ്റില്‍ പാക് നായകന്‍ കൈക്കലാക്കിയ ഈ റെക്കോര്‍ഡ് ഏതാണെന്നറിയാം.

വീരുവിന്റെ ആ റെക്കോര്‍ഡ്
പാകിസ്താനില്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ സൂപ്പര്‍ ബാറ്ററായ വീരേന്ദര്‍ സെവാഗ് ദീര്‍ഘകാലം കൈയടക്കി വച്ചത്. 2006ല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പാകിസ്താനെതിരായ ടെസ്റ്റിലാണ് 182 ബോളില്‍ ഡബിള്‍ സെഞ്ച്വറിയോടെ അദ്ദേഹം ചരിത്രം കുറിച്ചത്. അന്നി വീരു 254 റണ്‍സിനു പുറത്താവുകയും ചെയ്തു.
182 ബോളില്‍ ഡബിളെന്ന വീരുവിന്റെ റെക്കോര്‍ഡിന് ഭീഷണിയുയര്‍ത്താന്‍ 19 വര്‍ഷത്തോളം ആര്‍ക്കും സാധിച്ചില്ല. എന്നാല്‍ ഇപ്പോള്‍ പാക് ടെസ്റ്റ് ക്യാപ്റ്റന്‍ ഷാന്‍ മസൂദിനു അതു സാധിച്ചിരിക്കുകയാണ്. പ്രസിഡന്റ്‌സ് ട്രോഫി ഗ്രേഡ് 1 ആഭ്യന്തര ടൂര്‍ണമെന്റിലാണ് തീപ്പൊരി സെഞ്ച്വറിയോടെ അദ്ദേഹം പുതിയ കിങായിരിക്കുന്നത്.
ഡബിള്‍ സെഞ്ച്വറിയിലെത്താന്‍ വെറും 177 ബോളുകള്‍ മാത്രമേ മസൂദിനു വേണ്ടിവന്നുള്ളൂ. സാഹിര്‍ അസോസിയേറ്റ്‌സുമായുള്ള ചതുര്‍ദിന റെഡ് ബോള്‍ മാച്ചില്‍ സുയ് നോര്‍ത്തേണ്‍ ഗ്യാപ് പൈപ്പ്‌ലൈന്‍സ് ലിമിറ്റഡിനായാണ് (SNGPL) മസൂദ് കളിച്ചത്. ഈ കൡയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട എസ്എന്‍ജിപിഎല്ലിനു ആസാന്‍ അവെയ്‌സിന്റെ (53) വിക്കറ്റാണ് ആദ്യം നഷ്ടമായത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ മസൂദും അലി സര്‍യാബും ചേര്‍ന്ന് മാരത്തണ്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ സഖ്യം വാരിക്കൂട്ടിയത് 390 റണ്‍സാണ്. ഡബിള്‍ സെഞ്ച്വറിക്കു വെറും എട്ട് റണ്‍സ് മാത്രമകലെ സര്‍യാബ് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. 237 ബോളില്‍ 192 റണ്‍സുമായി താരം പുറത്താവുകയായിരുന്നു.
എന്നാല്‍ മികച്ച ബാറ്റിങുമായി മുന്നേറിയ മസൂദ് 177 ബോളില്‍ ഡബിളോടെ റെക്കോര്‍ഡിടുകയും ചെയ്തു. 185 ബോളില്‍ പുറത്താവാതെ 212 റണ്‍സുമായാണ് മസൂദ് ആദ്യദിനത്തിലെ കളി അവസാനിപ്പിച്ചത്. വീരുവിന്റെ റെക്കോര്‍ഡ് മാത്രമല്ല. ഏറ്റവും വേഗേറിയ ഡബിള്‍ സെഞ്ച്വറിയെന്ന ദേശീയ റെക്കോര്‍ഡിനും മസൂദ് അര്‍ഹനായി.

മുന്‍ പാക് ക്യാപ്റ്റനും ഇതിഹാസ താരവുമായ ഇന്‍സമാമുള്‍ ഹഖിന്റെ പേരിലായിരുന്നു നേരത്തേയുള്ള ദേശീയ റെക്കോര്‍ഡ്. 1992ല്‍ ഓക്‌സ്‌ഫോര്‍ഡ് ആന്റ് കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിക്കെതിരേയായിരുന്നു 188 ബോളില്‍ ഇന്‍സി ഡബിളടിച്ചത്.
അതേസമയം, ഈ വര്‍ഷത്തെ രണ്ടാമത്തെ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയാണ് മസൂദ് സ്വന്തമാക്കിയത്. രണ്ടു മാസങ്ങള്‍ക്കു മുമ്പ് അബോട്ടാബാദുമായുള്ള കൡയില്‍ കറാച്ചി ബ്ലൂസിനായി 250 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഓവറോള്‍ കരിയറെടുത്താല്‍ ലിസ്റ്റ് എയില്‍ അഞ്ചു ഡബിള്‍ സെഞ്ച്വറികള്‍ മ,സൂദിന്റെ പേരിലുണ്ട്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ മസൂദിന്റെ മികച്ച വര്‍ഷങ്ങളിലൊന്നായി 2025 മാറിയിരിക്കുകയാണ്. 25 ഇന്നിങ്‌സുകളില്‍ നിന്നും 71.1 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1564 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഇതില്‍ 397 റണ്‍സ് ദേശീയ ടീമിനു വേണ്ടിയുമായിരുന്നു.