വീരും യുവിയും ഒരു ടീമില്‍, മറുഭാഗത്ത് അക്തറും അഫ്രീഡിയും ജയസൂര്യയും!- എല്‍എല്‍സി വരുന്നു
റോഡ് സേഫ്റ്റി ലോക സീരീസിനു പിന്നാലെ വെറ്ററന്‍ ഇതിഹാസ ക്രിക്കറ്റര്‍മാര്‍ അണിനിരക്കുന്ന മറ്റൊരു വമ്പന്‍ ടൂര്‍ണമെന്റ് കൂടി വരുന്നു. ലീഗ് ലെജന്റ്‌സ് ക്രിക്കറ്റ് (എല്‍എല്‍സി) എന്ന പേരിലാണ് പുതിയ ടൂര്‍ണമെന്റിനു തുടക്കമാവുന്നത്. മൂന്നു ടീമുകളായിരിക്കും ഇതിഹാസങ്ങള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാവുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ ഏഷ്യയിലെ മറ്റു ടീമുകളില്‍ നിന്നുള്ള മറ്റൊരു ടീമിലായിരിക്കും. ഇവരെക്കൂടാതെ ലോകത്തിലെ മറ്റു രാജ്യങ്ങളിലെ ഇതിഹാസങ്ങള്‍ക്കായി ലോക ഇലവനും ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഇന്ത്യ മഹാരാജാസാണ് ഇന്ത്യന്‍ താരങ്ങളുടെ ടീം. ഏഷ്യന്‍ താരങ്ങള്‍ ഏഷ്യ ലയണ്‍സ് ടീമിനു വേണ്ടിയും ഇറങ്ങും. ഈ രണ്ടു ടീമുകളും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. റെസ്റ്റ് ഓഫ് ദി വേള്‍ഡ് ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം.

ഈ മാസം 20 മുതല്‍
ഇന്ത്യയുടെ മുന്‍ കോച്ചും ഇതിഹാസ താരവുമായിരുന്ന രവി ശാസ്ത്രിയെയാണ് ടൂര്‍ണമെന്റിന്റെ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. ബോളിവുഡിലെ അഭിനയചക്രവര്‍ത്തിയായ അമിതാഭ് ബച്ചനെ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുകയും ചെയ്തിട്ടുണ്ട്.
ഈ മാസം 20നാണ് ലീഗ് ലെജന്റ്‌സ് ക്രിക്കറ്റിനു തുടക്കമാവുന്നത്. ഒമാനിലെ അല്‍ അമേറത്ത് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. ടൂര്‍ണമെന്റിന്റെ തല്‍സമയ സംപ്രേക്ഷണാവകാശം സോണി നെറ്റ്‌വര്‍ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. സോണിയുടെ വിവിധ ചാനലുകളിലും സോണി ലിവ് ആപ്പിലും കളിയുടെ ലൈവ് സ്ട്രീമിങുണ്ടാവും.
പ്രഥമ സീസണില്‍ ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ശ്രീലങ്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇതിഹാസങ്ങള്‍ കളിക്കും.

സെവാഗും യുവരാജും കളിക്കും
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്, ഇതിഹാസ ഓള്‍റൗണ്ടറായിരുന്ന യുവരാജ് സിങ് എന്നിവര്‍ പ്രഥമ ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസ് ടീമിനു വേണ്ടി കളിക്കാനിറങ്ങും. നേരത്തേ നടന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സിനായി ഇരുവരും കളിച്ചിരുന്നു. തകര്‍പ്പന്‍ പ്രകടനം നടത്താനും സെവാഗിനും യുവിക്കുമായിരുന്നു.
ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇന്ത്യയെ നയിച്ചത്. സച്ചിനു കീഴില്‍ പ്രഥമ സീസണില്‍ ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്ക ലെജന്റ്‌സിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യ ജേതാക്കാളയാത്. സച്ചിന്‍-സെവാഗ് ഇതിഹാസ ജോടി വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യക്കു വേണ്ടി ഓപ്പണര്‍മാരായി കളിക്കുന്നതും ഈ ടൂര്‍ണമെന്റില്‍ കണ്ടിരുന്നു.
പക്ഷെ വരാനിരിക്കുന്ന ലീഗ് ലെജന്റ്‌സ് ക്രിക്കറ്റില്‍ സച്ചിന്‍ ഇല്ലെന്നത് ക്രിക്കറ്റ് പ്രേമികളെ നിരാശരാക്കും. എങ്കിലും വീരുവിന്റെയും യുവരാജിന്റെയും സാന്നിധ്യം അവര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.
മറുഭാഗത്ത് ഏഷ്യ ലയണ്‍സ് കിടിലന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താന്റെ മുന്‍ ഇതിഹാസങ്ങളായ ഷാഹിദ് അഫ്രീഡി, മുഹമ്മദ് യൂസുഫ്, ഷുഐബ് അക്തര്‍, ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരങ്ങളായ സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, തിലകരത്‌നെ ദില്‍ഷന്‍ എന്നിവരെല്ലാം ഏഷ്യന്‍ ലയണ്‍സിനായി ഇറങ്ങുന്നുണ്ട്.

ഇന്ത്യ മഹാരാജാസ് ടീം
വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസുഫ് പഠാന്‍, എസ് ബദ്രിനാഥ്, ആര്‍പി സിങ്, പ്രഗ്യാന്‍ ഓജ, നമാന്‍ ഓജ, മന്‍പ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാല്‍ റാവു, മുനാഫ് പട്ടേല്‍, സഞ്ജയ് ബാംഗര്‍, നയന്‍ മോംഗിയ, അമിത് ഭണ്ഡാരി.

ഏഷ്യ ലയണ്‍സ് ടീം
ഷുഐബ് അക്തര്‍, ഷാഹിദ് അഫ്രീഡി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരന്‍, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദില്‍ഷന്‍, അസ്ഹര്‍ മഹമ്മൂദ്, ഉപുല്‍ തരംഗ, മിസ്ബാഹുല്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഷുഐബ് മാലിക്ക്, മുഹമ്മദ് യൂസുഫ്, ഉമര്‍ ഗുല്‍, അസ്ഗര്‍ അഫ്ഗാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications