ഇന്ത്യന്‍ ക്രിക്കറ്റിലെ സമാനതകളില്ലാത്ത രണ്ടു ഇതിഹാസങ്ങളാണ് മുന്‍ നായകന്‍ എംഎസ് ധോണിയും അറ്റാക്കിങ് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും. ധോണിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ വല വമ്പന്‍ നേട്ടങ്ങള്‍ക്കും വീരു അവകാശിയായിട്ടുണ്ട്. 2007ല്‍ ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ടി20 ലോകകപ്പും 2011ല്‍ ഏകദിന ലോകകപ്പും ഇന്ത്യന്‍ ടീം സ്വന്തമാക്കുമ്പോള്‍ സെവാഗും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ ധോണിക്കെതിരേ വലിയ വിമര്‍ശനവുമായി അദ്ദേഹം രംഗത്തു വന്നിരുന്നു. ധോണിയെ വിലക്കണമെന്നു പോലും വീരു തുറന്നടിച്ചു. എന്തായിരുന്നു ഈ സംഭവമെന്നു നോക്കാം.
കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടാറുള്ള ക്യാപ്റ്റന്‍ കൂടിയായിരുന്നു ധോണി. എത്ര തന്നെ പ്രകോപനപരമായ സാഹചര്യമുണ്ടായാലും അദ്ദേഹം വളരെ സമചിത്തതയോടെയാണ് ഇവയെ നേരിടാറുള്ളത്. പക്ഷെ ഒരിക്കല്‍ ധോണിയുടെ പുതിയൊരു മുഖം ക്രിക്കറ്റ് ലോകം കണ്ടിരുന്നു. 2019ലെ ഐപിഎല്ലിനിടെയായിരുന്നു എല്ലാവരെയും ഒരുപോലെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്ത സംഭവം.

സിഎസ്കെ- റോയല്‍സ് പോരാട്ടം
ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള കളിക്കിടെ ഡഗൗട്ടിലുണ്ടായിരുന്ന ധോണി ക്ഷുഭിതനായി ഗ്രൗണ്ടിലേക്കു അതിക്രമിച്ചു കയറുകയായിരുന്നു. സിഎസ്‌കെ ടീം ബാറ്റ് ചെയ്യവെ അംപയറുടെ ഒരു ബോള്‍ തീരുമാനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. കളിയുടെ അവസാന ഓവറിലായിരുന്നു സംഭവം.
സ്‌ട്രൈക്ക് നേരിടുമ്പോള്‍ ബാറ്ററുടെ അരക്കെട്ടിന് അല്‍പ്പം മുകളിലാണോ ബോള്‍ വന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ഓണ്‍ഫീല്‍ഡ് അംപയര്‍ ഇതു നോ ബോള്‍ വിളിക്കാതിരുന്നപ്പോള്‍ ബൗളറുടെ എന്‍ഡിലുള്ള അംപയര്‍ നോ ബോള്‍ വിളിക്കുകയും ചെയ്തു.
ഗ്രൗണ്ടിലേക്കു അതിക്രമിച്ച് കയറി ധോണി
ഇതോടെയാണ് ധോണി പൊട്ടിത്തെറിച്ചത്. ഡഗൗട്ടില്‍ നിന്നും ഗ്രൗണ്ടിലേക്കു വന്ന അദ്ദേഹം ഓണ്‍ഫീല്‍ഡ് അംപയര്‍മാരോടു തര്‍ക്കിക്കുകയും വാദിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ കളിയും തടസ്സപ്പെട്ടു. ധോണിയുടെ ഈ വിചിത്രമായ പ്രവര്‍ത്തി കണ്ട കാണികളും അമ്പരന്നു. അല്‍പ്പനേരം അംപയര്‍മാരുമായി സംസാരിച്ച ശേഷം ധോണി ഗ്രൗണ്ടില്‍ നിന്നും തിരികെ പോരുകയായിരുന്നു.
ധോണിയുടെ ഈ പെരുമാറ്റമാണ് അന്നു സെവാഗിനെ ക്ഷുഭിതനാക്കിയത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെ സിഎസ്‌കെ ക്യാപ്റ്റനെതിരേ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. ധോണിയെ വളരെ അനായാസം വെറുതെ വിട്ടു. കുറഞ്ഞത് രണ്ട്- മൂന്ന് മല്‍സരങ്ങളിലെങ്കിലും അദ്ദേഹത്തെ വിലക്കണമായിരുന്നു. കാരണം ഇന്നു ധോണി ഇതു ചെയ്തിട്ടുണ്ടെങ്കില്‍ നാളെ മറ്റൊരു ക്യാപ്റ്റനും ഇതു തന്നെ ചെയ്യും. അപ്പോള്‍ എന്താണ് അംപയറുടെ വിലയെന്നും സെവാഗ് തുറന്നടിച്ചിരുന്നു.

അതുകൊണ്ടു തന്നെ മറ്റുള്ളവര്‍ക്കു ഒരു മാതൃക കാണിക്കാന്‍ ഐപിഎല്ലിലെ കുറച്ചു മല്‍സരങ്ങളില്‍ ധോണിയെ വിലക്കുക തന്നെ വേണമായിരുന്നു. ധോണി ഗ്രൗണ്ടിനു പുറത്തു തന്നെ നില്‍ക്കണമായിരുന്നു. അകത്തേക്കു പ്രവേശിക്കുന്നതിനു പകരം അദ്ദേഹത്തിനു വോക്കി- ടോക്കിയില്‍ ഫോര്‍ത്ത് അംപയറുമായി സംസാരിക്കാമായിരുന്നുവെന്നും വീരു പറഞ്ഞിരുന്നു.
ധോണിക്കു പിഴ ചുമത്തി
കളിക്കിടെയുള്ള ഈ മോശം പെരുമാറ്റത്തിനു ധോണിക്കു അന്നു വലിയ ശിക്ഷയൊന്നും ലഭിച്ചില്ല. മാച്ച് ഫീയുടെ 50 ശതമാനം പിഴയടയ്ക്കാന്‍ മാത്രമാണ് അദ്ദേഹത്തോടു ആവശ്യപ്പെട്ടത്. ഈ മല്‍സരത്തില്‍ റോയല്‍സിനെ സിഎസ്‌കെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു.
2019ലെ ഐപിഎല്ലില്‍ മിന്നുന്ന ഫോമില്‍ കളിച്ച സിഎസ്‌കെ ഫൈനലിലും കടന്നിരുന്നു. മുംബൈ ഇന്ത്യന്‍സായിരുന്നു കലാശക്കളിയില്‍ അവരുടെ എതിരാളികള്‍. അന്നു ത്രില്ലിങ് ഫൈനലില്‍ രോഹിത് ശര്‍മയുടെ മുംബൈ ഒരു റണ്‍സിന്റെ നാടകീയ വിജയവുമായി നാലാം കിരീടം സ്വന്തമാക്കുകയും ചെയ്തു.