മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് താരമാവുകയെന്നത് ഏതൊരു താരത്തിന്റേയും സ്വപ്‌നമാണ്. ചെറുപ്പം മുതല്‍ കഠിനാധ്വാനം ചെയ്താണ് എല്ലാവരും അന്താരാഷ്ട്ര ക്രിക്കറ്റ് താരമായി വളര്‍ന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരം എല്ലാ താരങ്ങളെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്. ആദ്യ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ടീമിനൊപ്പം ജയം നേടുകയും ചെയ്യണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും അരങ്ങേറ്റ മത്സരത്തില്‍ ജയിക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചില സൂപ്പര്‍ താരങ്ങള്‍ക്കും ഇത്തരത്തില്‍ അരങ്ങേറ്റ ഏകദിന മത്സരത്തില്‍ തോല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ്.
ഗംഭീര റെക്കോഡുകളോടെ പടിയിറങ്ങിയ സെവാഗിന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റം തോല്‍വിയോടെ ആയിരുന്നു. 1999ല്‍ പാകിസ്താനെതിരേ മൊഹാലിയിലാണ് സെവാഗ് ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ചത്. അന്ന് ഏഴാം നമ്പറിലാണ് സെവാഗ് കളിച്ചത്. ഒരു റണ്‍സുമായി പുറത്താവുകയും ചെയ്തു. 196 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടായ മത്സരം പാകിസ്താന്‍ അനായാസം ജയിച്ചു. എന്നാല്‍ തോല്‍വിയോടെ തുടങ്ങിയെങ്കിലും ഗംഭീര ഏകദിന കരിയര്‍ നേടാന്‍ സെവാഗിനായി.
രണ്ടാമത്തെ താരം സുരേഷ് റെയ്‌നയാണ്. ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടം നേടിയ സൂപ്പര്‍ താരമായിരുന്നു സുരേഷ് റെയ്‌ന. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി സെഞ്ച്വറി നേടിയ ആദ്യ താരമാണ് റെയ്‌ന. പന്തുകൊണ്ടും ബാറ്റുകൊണ്ടും തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമായിരുന്നു റെയ്‌ന. അരങ്ങേറ്റ ഏകദിനത്തില്‍ റെയ്‌നയും തോല്‍വി നേരിട്ടു. 2005 ജൂലൈയില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു റെയ്‌നയുടെ ആദ്യ മത്സരം.

ഈ മത്സരത്തില്‍ ഇന്ത്യ തോറ്റു. 2018ലാണ് റെയ്‌ന ഇന്ത്യക്കായി അവസാന ഏകദിനം കളിച്ചത്. 5615 റണ്‍സും 36 വിക്കറ്റും നേടിയെടുക്കാന്‍ റെയ്‌നക്ക് സാധിച്ചു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യയുടെ ഇതിഹാസവുമായ വിരാട് കോലിക്കും ആദ്യ മത്സരത്തില്‍ തോല്‍വി നേരിടേണ്ടി വന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെത്തിയിട്ട് 16 വര്‍ഷം പിന്നിടുന്ന കോലിയുടെ ആദ്യ ഏകദിന മത്സരം ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. 12 റണ്‍സാണ് കോലിക്ക് നേടാനായത്. ഈ മത്സരം ഇന്ത്യ തോറ്റു.
എന്നാല്‍ തോല്‍വിയിലൂടെ തുടങ്ങിയ കോലിയുടെ ജൈത്രയാത്ര ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറി റെക്കോഡുകളും തകര്‍ത്ത് മുന്നോട്ട് പോവുകയാണ്. 13900 ലധികം റണ്‍സും 50 സെഞ്ച്വറികളും ഇതിനോടകം നേടിയ കോലിക്ക് മുന്നില്‍ ഇനിയും നിരവധി മത്സരങ്ങളുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് രവീന്ദ്ര ജഡേജ. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങിയിരുന്ന ജഡേജയും ആദ്യ ഏകദിന മത്സരത്തില്‍ തോറ്റു.
2009ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഇത്. ശ്രീലങ്ക മുന്നോട്ട് വെച്ചത് 320 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമാണ്. ഇതിനെ പിന്തുടര്‍ന്ന് ജയിക്കാന്‍ ഇന്ത്യക്കായില്ല. ജഡേജ 6 ഓവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ഇപ്പോഴും ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണ് ജഡേജ. ആര്‍ അശ്വിനും ആദ്യ ഏകദിനത്തില്‍ തോറ്റാണ് തുടങ്ങിയത്.
2010ല്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് അശ്വിന്റെ അരങ്ങേറ്റ മത്സരം. അശ്വിന്‍ 50 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ മത്സരത്തില്‍ നേടിയെങ്കിലും വിജയിക്കാനായില്ല. ഇപ്പോള്‍ അശ്വിന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് പരിഗണിക്കപ്പെടുന്നത്.