ലോക ക്രിക്കറ്റില്‍ ഒരു കാലത്തു ബൗളര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ബാറ്ററായിരുന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഏതു ഫോര്‍മാറ്റായാലും ബൗളര്‍മാരെ ആദ്യ പന്ത് മുതല്‍ ആഞ്ഞടിക്കാന്‍ ഭയമില്ലാത്ത ബാറ്ററായിരുന്നു അദ്ദേഹം. വീരു സ്‌ഫോടനാത്മക ബാറ്റിങിലൂടെയാണ് എതിരാളികളെ വിറപ്പിച്ചതെങ്കില്‍ മിന്നല്‍ വേഗത കൊണ്ട് ബാറ്റര്‍മാരുടെ പേടിസ്വപ്‌നമായ ബൗളറായിരുന്നു മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തര്‍. വീരുവും അക്തറും തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഒരു കാലഘട്ടത്തില്‍ വലിയ ഹരമായിരുന്നു.
കളിക്കളത്തില്‍ ശത്രുക്കളാണെങ്കിലും പുറത്ത് വളരെ നല്ല സൗഹൃദവും പരസ്പര ബഹുമാനവും കാത്തൂസൂക്ഷിക്കുന്നവരാണ് വീരുവും അക്തറും. ഇപ്പോഴിതാ റാവല്‍പിണ്ടി എക്‌സ്പ്രസെന്നു ലോകം വിശേഷിപ്പിക്കുന്ന അക്തറിനെക്കുറിച്ച് രസകരമായ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സെവാഗ്. അക്തറിനെ നേരിട്ടിരുന്ന സമയത്തു അദ്ദേഹത്തിന്റെ ലോങ് റണ്ണപ്പ് താന്‍ നോക്കാറില്ലെന്നാണ് വീരു പറഞ്ഞിരിക്കുന്നത്. അതിനുള്ള കാരണവും അദ്ദേഹം വെളിപ്പെടുത്തി.

ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര ലീഗ് ടി20യില്‍ (ILT20) കമന്ററി പറയാനെത്തിയപ്പോഴായിരുന്നു മല്‍സരശേഷം അക്തറുമായി സംസാരിക്കവെ സെവാഗ് ഇക്കാര്യം പറഞ്ഞത്. ബാറ്റിങിനിടെ തന്റെ ശ്രദ്ധ മാറിപ്പോവാതിരിക്കാന്‍ മനപ്പുര്‍വ്വം അക്തറുടെ ബൗളിങ് റണ്ണപ്പ് താന്‍ കണ്ടില്ലെന്നു നടിച്ചിരുന്നതായി സെവാഗ് ചിരിയോടെ പറയുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഷുഐബ് അക്തറിനെ നേരിട്ടിരുന്ന സമയത്തു ഞാന്‍ അദ്ദേഹത്തിന്റ റണ്ണപ്പ് നോക്കാറില്ലായിരുന്നു. പകരം താഴേക്കാണ് നോക്കിയിരുന്നത്. റണ്ണപ്പ് പൂര്‍ത്തിയാക്കാന്‍ 10-15 സെക്കന്റുകളെങ്കിലും അക്തറിനു വേണ്ടി വരുമെന്ന് അറിയാമായിരുന്നതായും വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി. തന്റെ ദൈര്‍ഘ്യമേറിയ റണ്ണപ്പ് പരിഭ്രമം ഉണ്ടാക്കിയിരുന്നോയെന്നായിരുന്നു ഇതു കേട്ട അക്തര്‍ തിരിച്ചുചോദിച്ചത്.
പിന്നാലെ ചിരിച്ചുകൊണ്ടുള്ള വീരുവിന്റെ മറുപടിയും വന്നു. റണ്ണപ്പ് നോക്കുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോവും. ബോള്‍ തന്റെ കാല്‍വിരലില്‍ കൊള്ളുമോ, അതോ ബീമര്‍ തലയില്‍ തട്ടുമോ, അതുമല്ലെങ്കില്‍ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗത്തു തട്ടുമോയെന്നെല്ലാം താന്‍ ചിന്തിച്ചുകൊണ്ടിരിക്കുമെന്നും സെവാഗ് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങളില്‍ അക്തറിനെതിരേ മോശമല്ലാത്ത റെക്കോര്‍ഡാണ് സെവാഗിനുള്ളത്. വിവിധ ഫോര്‍മാറ്റുകളിലായി ഇരുവരും 18 ഇന്നിങ്‌സുകളിലാണ് മുഖാമുഖം വന്നിട്ടുള്ളത്. ഇവയില്‍ നിന്നും 60.25 എന്ന മികച്ച ശരാശരിയില്‍ അക്തറിനെതിരേ 241 റണ്‍സും സെവാഗ് സ്‌കോര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ മധ്യനിര ബാറ്ററായി തുടങ്ങി പിന്നീട് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ശേഷം മറ്റൊരു തലത്തിലേക്കു മാറിയ ബാറ്ററാണ് സെവാഗ്. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കുകയും നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ അദ്ദേഹം കളിക്കുകയും ചെയ്തിട്ടുണ്ട്.
ഏകദിനത്തില്‍ 251 മല്‍സരങ്ങളില്‍ നിന്നും 35.06 ശരാശരിയില്‍ 104.34 സ്‌ട്രൈക്ക് റേറ്റില്‍ 8273 റണ്‍സാണ് സെവാഗിന്റെ അക്കൗണ്ടിലുള്ളത്. ഒരു ഡബിള്‍ സെഞ്ച്വറിയും 15 സെഞ്ച്വറികളും 38 ഫിഫ്റ്റികളും ഉള്‍പ്പെടെയാണിത്.
ടെസ്റ്റില്‍ 104 മല്‍സരങ്ങളില്‍ നിന്നും 49.34 ശരാശരിയില്‍ 8586 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. രണ്ടു ട്രിപ്പിള്‍ സെഞ്ച്വറിയും 23 സെഞ്ച്വറികളും 32 ഫിഫ്റ്റികളുമടക്കമാണിത്. ടെസ്റ്റില്‍ ട്രിപ്പളടിച്ച ആദ്യ ഇന്ത്യന്‍ താരവും ഒന്നിലധികം ട്രിപ്പിളുകള്‍ നേടിയ ഏക ഇന്ത്യന്‍ താരവും സെവാഗ് തന്നെയാണ്. ടി20യില്‍ 19 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 394 റണ്‍സാണ് അദ്ദേഹം നേടിയത്.