മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മനോഹരമായ ടൂര്‍ണമെന്റുകളിലൊന്നായിരുന്നു 1998ലെ ഷാര്‍ജാ കപ്പ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓസ്ട്രേലിയക്കെതിരായ സെഞ്ച്വറി പ്രകടനത്തിന്റെ പേരില്‍ എന്നെന്നും ഓര്‍മിക്കപ്പെടുന്ന ടൂര്‍ണമെന്റായി ഇത് മാറി. 131 പന്തില്‍ 143 റണ്‍സാണ് അന്ന് സച്ചിന്‍ നേടിയത്. ഷാര്‍ജയിലെ മണല്‍ത്തരികളെപ്പോലും കോരിത്തരിപ്പിച്ച സച്ചിന്റെ പ്രകടനമെന്ന നിലയില്‍ ഈ ഇന്നിങ്സ് എന്നെന്നും ആരാധക മനസില്‍ ഇടം പിടിച്ചു.
ഫൈനലില്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഓസ്ട്രേലിയയുടെ 273 റണ്‍സ് വിജയലക്ഷ്യത്തെ ഒമ്പത് പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. ഇപ്പോഴിതാ 1998ലെ ഷാര്‍ജാ കപ്പ് കളിക്കാനുള്ള വിളി എത്തിയിരുന്നുവെന്നും പിന്നീട് കളിക്കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് സെവാഗ്.

'ഷാര്‍ജാ കപ്പിന് മുമ്പായി ഇന്ത്യയുടെ അഞ്ചോളം താരങ്ങള്‍ക്ക് പനി ബാധിച്ചിരുന്നു. ഇതോടെ എനിക്ക് വിളിയെത്തി. ടിക്കറ്റെല്ലാം തയ്യാറാക്കി വസ്ത്രങ്ങളെല്ലാം പെട്ടിയിലാക്കി ഷാര്‍ജയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തി. അപ്പോഴാണ് എനിക്കൊരു ഫോണ്‍ വരുന്നത്. പനി ബാധിച്ച താരങ്ങളെല്ലാം സുഖപ്പെട്ടുവെന്നും ഷാര്‍ജയിലേക്ക് വരേണ്ടെന്നുമായിരുന്നു അറിയിപ്പ്. ഇതോടെ നാട്ടിലേക്ക് മടങ്ങിപ്പോയി'- സെവാഗ് പറഞ്ഞു.
അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഷാര്‍ജാ കപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സെവാഗിനും സാധിക്കുമായിരുന്നു. എന്നാല്‍ സെവാഗിന്റെ അരങ്ങേറ്റം അധികം വൈകിയില്ല. 1999 ഏപ്രിലില്‍ പാകിസ്താനെതിരേയാണ് സെവാഗ് ഏകദിന അരങ്ങേറ്റം കുറിച്ചത്. 2001ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടെസ്റ്റ് കരിയര്‍ ആരംഭിച്ച സെവാഗ് ഗംഭീര റെക്കോഡുകളോടെയാണ് തന്റെ കരിയര്‍ അവസാനിപ്പിച്ചത്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന പേരെടുത്ത ഓപ്പണറാണ് സെവാഗ്.
ഒരു ബൗളറേയും ഭയമില്ലാത്ത സെവാഗ് ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഇന്ത്യയുടെ നായകനായും കളിക്കാന്‍ സെവാഗിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ വലിയ കരിയറിലേക്കെത്താന്‍ അദ്ദേഹത്തിനായില്ല. സെവാഗിനെതിരേ പന്തെറിയാന്‍ ഒട്ടുമിക്ക ബൗളര്‍മാരും ഭയപ്പെട്ടുവെങ്കിലും സെവാഗ് അല്‍പ്പമെങ്കിലും ഭയപ്പെട്ടത് ഒരേയൊരു ബൗളറെയാണ്.
അത് ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. മുരളീധരന്റെ ദൂസ് രയും ഗൂഗ്ലിയും മനസിലാക്കുക പ്രയാസമാണെന്നും കൈക്കുഴ നോക്കി പന്തിന്റെ ദിശ മനസിലാക്കാന്‍ സാധിക്കില്ലെന്നും കഴിഞ്ഞിടെ സെവാഗ് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മുരളീധരന്‍ പന്തെറിയുമ്പോള്‍ നേരിടാന്‍ വളരെയധികം പ്രയാസപ്പെട്ടുവെന്നാണ് സെവാഗ് പറയുന്നത്.

സെവാഗ് പേസ് ബൗളര്‍മാരുടെ അന്തകനാണ്. ഷുഹൈബ് അക്തര്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മഗ്രാത്ത് എന്നിവരെയൊന്നും ഭയമില്ലാതെ നിരവധി തവണ സെവാഗ് തല്ലിപ്പറത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കൊപ്പം രണ്ട് ലോകകപ്പ് കിരീടം നേടാന്‍ സെവാഗിന് ഭാഗ്യമുണ്ടായി എന്നതാണ് എടുത്തു പറയേണ്ടത്. 2007ലെ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യയുടെ സീനിയര്‍ താരങ്ങളെല്ലാം വിട്ടുനിന്നപ്പോഴും സെവാഗ് കളിച്ചിരുന്നു. ഇതോടെ ഈ ലോകകപ്പ് നേട്ടത്തില്‍ തന്റെ പേര് ചേര്‍ക്കാന്‍ സെവാഗിന് സാധിച്ചു.
പിന്നീട് 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും നട്ടെല്ലായി സെവാഗുണ്ടായിരുന്നു. ഓപ്പണറെന്ന നിലയില്‍ ആരെയും മോഹിപ്പിക്കുന്ന നേട്ടമാണ് സെവാഗ് സ്വന്തമാക്കിയത്. കളിക്കാരനെന്ന നിലയില്‍ ആരാധകരുടെ മനസില്‍ ഇടം പിടിച്ച സെവാഗ് ഇപ്പോള്‍ മറ്റൊരു പ്രവര്‍ത്തിയിലൂടെ വീണ്ടും കൈയടി നേടുകയാണ്. ഒഡീഷയിലെ ട്രയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ചെയ്തു നല്‍കാമെന്ന് സെവാഗ് പറഞ്ഞിരിക്കുകയാണ്.
ഇതിനോടകം നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സെവാഗ് ചെയ്തുകഴിഞ്ഞു. ക്രിക്കറ്റ് കരിയറിന് വിരാമമിട്ട ശേഷം സെവാഗിപ്പോള്‍ കമന്റേറ്ററായും അവതാരകനായും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക റോളിലും സെവാഗിനെ പ്രതീക്ഷിക്കാം.