ഇന്ത്യന്‍ ടീമിനൊപ്പം രണ്ടു ലോകകപ്പ് വിജയങ്ങളില്‍ പങ്കാളിയായിട്ടുള്ള താരമാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ സര്‍പ്രൈസ് ചാംപ്യന്‍മാരായപ്പോള്‍ വീരു ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം ധോണിയുടെ തന്നെ ക്യാപ്റ്റന്‍സിയില്‍ 2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യ ജേതാക്കളായപ്പോഴും അദ്ദേഹം ടീമിലുണ്ടായിരുന്നു.
2011ലെ ലോകകപ്പ് നേട്ടത്തിനു മുമ്പ് 2003ല്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ലോക കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിയിരുന്നു. അന്നു സെവാഗുള്‍പ്പെട്ട ടീം ഫൈനലില്‍ ഓസ്‌ട്രേലിയയോടു വന്‍ പരാജയമേറ്റു വാങ്ങുകയായിരുന്നു. അതിനു ശേഷം 2007ലെ അടുത്ത ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യ ഇറങ്ങിയത്. ഇതിഹാസ താരങ്ങളുള്‍പ്പെട്ട ഇന്ത്യ അന്നു കിരീട ഫേവറിറ്റുകള്‍ കൂടിയായിരുന്നു. പക്ഷെ ഗ്രൂപ്പു ഘട്ടത്തില്‍ തന്നെ ടീം ഞെട്ടിക്കുന്ന തോല്‍വിയോടെ പുറത്താവുകയായിരുന്നു.

2003ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലേറ്റ പരാജയത്തേക്കാള്‍ 2007ലെ ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലേറ്റ തിരിച്ചടിയാണ് തന്നെ കൂടുതല്‍ വേദനിപ്പിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ഗൗരവ് കപൂറിന്റെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്. 2007ലെ ഞങ്ങളുടെ ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീമായിരുന്നു. അതുകൊണ്ടു തന്നെയാണ് അന്നത്തെ പരാജയം കൂടുതല്‍ വേദനിപ്പിക്കുന്നത്.
കടലാസില്‍ നോക്കിയാല്‍ അതിനേക്കാള്‍ ശക്തമായൊരു ഇന്ത്യന്‍ ടീം അതിനു മുമ്പോ, ശേഷമോ ഉണ്ടായിട്ടില്ലെന്നു കാണാം. ഞങ്ങള്‍ തൊട്ടുമുമ്പത്തെ എഡിഷനില്‍ ഫൈനല്‍ കളിച്ചു. അതിനു ശേഷം ലോകകപ്പ് (2007ലെ ടി20 ലോകകപ്പ്) വിജയിക്കുകയും ചെയ്തു. പക്ഷെ 2007ലെ ഏകദിന ലോകകപ്പിലുണ്ടായ പലരും ഇതേ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ സംഘത്തിലുണ്ടായിരുന്നില്ലെന്നും വീരേന്ദര്‍ സെവാഗ് ചൂണ്ടിക്കാട്ടി.
2007ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഞങ്ങള്‍ മൂന്നു മല്‍സരങ്ങളിലായിരുന്നു കളിച്ചത്. ഇതില്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒന്നില്‍ മാത്രമേ വിജയിക്കാനായുള്ളൂ. ബെര്‍മുഡയ്‌ക്കെിരേയായിരുന്ന അന്നു ഞങ്ങളുടെ വിജയം. ടൂര്‍ണമെന്റില്‍ നിന്നും ഞങ്ങള്‍ പുറത്താവുകയും ചെയ്തു.

ഇന്ത്യ ഉറപ്പായും ലോകകപ്പിന്റെ അടുത്ത റൗണ്ടില്‍ കടക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. ലീഗ് ഘട്ടം കഴിഞ്ഞപ്പോള്‍ രണ്ടു ദിവസത്തെ ബ്രേക്കുണ്ടായിരുന്നു. അതിനു ശേഷം ഞങ്ങള്‍ക്കു നോക്കൗട്ട് റൗണ്ടിനായി മറ്റൊരു വേദിയിലേക്കു യാത്ര ചെയ്യേണ്ടതുമായിരുന്നു.
പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ടീം പരാജയപ്പെട്ടു. ഈ കാരണത്താല്‍ ഞങ്ങള്‍ക്കു നാട്ടിലേക്കു മടങ്ങാനുള്ള ടിക്കറ്റും ലഭിച്ചില്ല. ഇതേ തുടര്‍ന്നു ഞങ്ങള്‍ക്കു രണ്ടു ദിവസം കൂടി ട്രിനിഡാഡ് ആന്റ് ടൊബാഗോയില്‍ തങ്ങേണ്ടി വരികയും ചെയ്തു. ഒരു പണിയുമില്ല, പരിശീലനവുമില്ല, ഒന്നും ചെയ്യാനില്ലാതെ ഞങ്ങള്‍ അവിടെ സമയം ചെലവഴിച്ചു. ആ രണ്ടു ദിവസങ്ങള്‍ ഞാന്‍ മുറിയില്‍ ഹൗസ് കീപ്പിങിനുള്ള ആളെപ്പോലും വിളിക്കാതെ കതകടച്ച് അകത്തുതന്നെ കഴിച്ചുകൂട്ടി.
പുറത്തേക്കു പോലും ഇറങ്ങാതെ ഞാന്‍ രണ്ടു ദിവസം മുറിയില്‍ തന്നെ കഴിയുകയായിരുന്നു. അമേരിക്കയിലുള്ള എന്റെയൊരു ബന്ധുവിന്റെ പക്കല്‍ നിന്നും പ്രിസണ്‍ ബ്രേക്ക് (Prison break) ഷോയുടെ കലക്ഷന്‍ വാങ്ങിയ ശേഷം രണ്ടു ദിവസം മുഴുവന്‍ ഞാന്‍ അതു കണ്ടു തീര്‍ക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം നാട്ടിലേക്കു തിരികെ വരികയായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി.
രാഹുല്‍ ദ്രാവിഡ് നയിച്ച 2007ലെ ഏകദിന ലോകകപ്പ് സംഘത്തില്‍ വീരേന്ദര്‍ സെവാഗിനെക്കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, സൗരവ് ഗാംഗുലി, ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ഹര്‍ഭന്‍ സിങ്, അജിത് അഗാര്‍ക്കര്‍, ശ്രീശാന്ത് എന്നിവരുമുള്‍പ്പെട്ടിരുന്നു.
ശ്രീലങ്ക, ബംഗ്ലാദേശ്, ബെര്‍മുഡ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ബിയിലായിരുന്നു അന്നു ഇന്ത്യ. ബെര്‍മുഡയ്‌ക്കെിരേ ജയിച്ചെങ്കലും ലങ്കയോടും ബംഗ്ലാദശിനോടും ഇന്ത്യ പരാജയപ്പെട്ടു. ഇതോടെ ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തേക്കു വീണ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്താവുകയുമായിരുന്നു.