ഇന്ത്യ ഇങ്ങനെയായിരുന്നില്ല, സെവാഗ് പക്ഷെ എല്ലാം മാറ്റിമറിച്ചു! പുതിയ ഇന്ത്യയുടെ ക്രെഡിറ്റ് വീരുവിന്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനസികാവസ്ഥ തന്നെ മാറ്റിയത് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണെന്നു പുകഴ്ത്തി പാകിസ്താന്റെ മുന്‍ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ്. പഴയ ഇന്ത്യന്‍ ടീം ഇങ്ങനെയായിരുന്നില്ലെന്നും എന്നാല്‍ വീരുവിന്റെ വരവിനു ശേഷം ഇന്ത്യ അറ്റാക്കിങ് ശൈലിയുടെ വക്താക്കളായി മാറുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വീരുവെനെതിരേ പല തവണ മുഖാമുഖം വന്നിട്ടുള്ള താരം കൂടിയാണ് മുഷ്താഖ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് സെവാഗിന്റെ സ്ഥാനം. ഫോര്‍മാറ്റ് ഏതു തന്നെയായാലും അദ്ദേഹത്തിന്റെ ശൈലി ഒന്നുമാത്രമായിരുന്നു. വിരമിക്കുന്നതിനു മുമ്പ് പല റെക്കോര്‍ഡുകളും സെവാഗ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ രണ്ടു ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച ഒരേയൊരു ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ഭദ്രമാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്കു ഗുണം ചെയ്തു
നിര്‍ഭയമായി ബാറ്റ് ചെയ്തിരുന്ന താരമായിരുന്നു സെവാഗ്. അതുകൊണ്ടു തന്നെ വളരെ വലിയ ഇംപാക്ടാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടാക്കിയത്. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി ഒരു പാട് ഇന്ത്യന്‍ താരങ്ങള്‍ക്കു ഗുണം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുടെ മനോഭാവത്തില്‍ തന്നെ മാറ്റം വന്നത് സെവാഗിന്റെ വരവിനു ശേഷമാണെന്നും മുഷ്താഖ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളായ റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ള താരങ്ങളുടെ സ്വാധീനിച്ചതും സെവാഗാണെന്നു അദ്ദേഹം നിരീക്ഷിച്ചു.

സെവാഗിന്റെ ആത്മവിശ്വാസം
വലിയ ആത്മവിശ്വാസമുള്ള ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. ഇതിലൂടെ സ്വന്തം പ്രകടനത്തെ അദ്ദേഹം മറ്റൊരു തലത്തിലേക്കു ഉയര്‍ത്തുകയും ചെയ്തു. ഏകദിന ഫോര്‍മാറ്റില്‍ അദ്ദേഹം ഡബിള്‍ സെഞ്ച്വറി നേടി, ഇതോടെയാണ് ഇതു സാധ്യമായ കാര്യമാണെന്നു രോഹിത് ശര്‍മയെപ്പോലുള്ള താരങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയത്. സെവാഗിന്റെ ബാറ്റിങ് കണ്ട് ഒരുപാട് കാര്യങ്ങള്‍ രോഹിത് പഠിച്ചിട്ടുണ്ടാവുമെന്നും മുഷ്താഖ് വിലയിരുത്തി.

സെവാഗിനും ക്രെഡിറ്റ്
രോഹിത്തിന്റെ ബാറ്റിങ് റെക്കോര്‍ഡ് സെവാഗിനേക്കാള്‍ മികച്ചതായി കാണപ്പെടുമെങ്കിലും അതിനു പിന്നില്‍ സെവാഗിനും റോളുണ്ട്. തനിക്കും രാജ്യത്തിനും വേണ്ടി കളിക്കുന്നതിനൊപ്പം തനിക്കു ശേഷം വന്ന കളിക്കാരുടെ ചിന്താഗതിയില്‍ തന്നെ മാറ്റം കൊണ്ടുവരാനും സെവാഗിനു സാധിച്ചു. വീരുവിന് മുമ്പ് അത്തരമൊരു ശൈലിയില്‍ ബാറ്റ് ചെയ്തിരുന്ന ഒന്നോ, രണ്ടോ പേര്‍ മാത്രമോ ലോക ക്രിക്കറ്റില്‍ തന്നെയുണ്ടായിരുന്നുള്ളൂ. വിവിയന്‍ റിച്ചാര്‍ഡ്‌സ്, സഹീര്‍ അബ്ബാസ് എന്നിവര്‍ അതേ ബ്രാന്‍ഡിലുള്ള ക്രിക്കറ്റിലൂടെ ലോകം ഭരിച്ചവരാണ്. അവരെപ്പോലെ തന്നെ സെവാഗും പിന്നീട് ലോക ക്രിക്കറ്റിനെ കാല്‍ക്കീഴിലാക്കിയെന്നും മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications