
ഇന്‍സമാമുള്‍ ഹഖ് (പാകിസ്താന്‍)
പാകിസ്താന്റെ മുന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ഇന്‍സാമുള്‍ ഹഖ് പ്രതിഭയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ലെങ്കിലും കളിക്കളത്തിലെ മെല്ലപ്പോക്കിന്റെ പേരില്‍ പഴി കേട്ടിരുന്നു. ഒരു ക്രിക്കറ്റര്‍ക്കു യോജിച്ച ശരീരപ്രകൃതമായിരുന്നില്ല അദ്ദേഹത്തിന്റേത്. അമിത ഭാരവും മടിയുമെല്ലാം ഇന്‍സിയുടെ പോരായ്മകളായിരുന്നു. മാത്രമല്ല മോശം ഫീല്‍ഡറുമായിരുന്നു അദ്ദേഹം.
പന്തിനു പിറകെ ഓടാന്‍ മടിയായതിനാല്‍ തന്നെ ഇന്‍സി പലപ്പോഴും സ്ലിപ്പിലാണ് ഫീല്‍ഡ് ചെയ്തിരുന്നത്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള അദ്ദേഹത്തിന്റെ ഓട്ടവും മോശമായിരുന്നു. 40 തവണ ഇന്‍സി റണ്ണൗട്ടാവുകയും ചെയ്തിട്ടുണ്ട. ഏറ്റവുമധികം തവണ റണ്ണൗട്ടായ ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം.

മുഹമ്മദ് ഷഹ്‌സാദ് (അഫ്ഗാനിസ്താന്‍)
അഫ്ഗാനിസ്താന്റെ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ഓപ്പണറുമായ മുഹമ്മദ് ഷഹ്‌സാദും ഇന്‍സമാമിന്റെ അതേ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന താരമാണ്. അമിത ശരീരഭാരം തന്നെയാണ് ഷഹ്‌സാദിനെയും ഏറ്റവും വലിയ നെഗറ്റീവ്. എങ്കിലും സ്വന്തം ഭക്ഷണശീലത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
കൈക്കരുത്തിലാണ് ഷഹ്‌സാദ് റണ്‍സ് അടിച്ചുകൂട്ടുന്നത്. സിംഗിളും ഡബിളുമെടുത്ത് റണ്‍സ് നേടാന്‍ അദ്ദേഹം മടിയനാണ്. ഒരിക്കല്‍ വിരാട് കോലിയുമായി ഷഹ്‌സാദ് തന്നെ സ്വയം തമാശയായി താരതമ്യം ചെയ്തിരുന്നു. ഞാന്‍ ഫിറ്റ്‌നസില്‍ ഏറെ കഠിനാധ്വാനം നടത്താറുണ്ട്. എന്നാല്‍ അതിനു വേണ്ടി ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ല. കോലിയെപ്പോലൊരു ഭക്ഷണക്രമമാണ് തന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ അതു നടക്കില്ല. എന്നാല്‍ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്താറുണ്ടെന്നും ഷഹ്‌സാദ് പറഞ്ഞിരുന്നു.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)
യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലും മടിയന്‍മാരുടെ കൂട്ടത്തിലുണ്ട്. വളരെ അലസമായി ക്രിക്കറ്റ് കളിക്കുന്ന താരമാണ് അദ്ദേഹം. ബാറ്റ് ചെയ്യാനെത്തിയാല്‍ സിംഗിളും ഡബിളുമെടുക്കാന്‍ വിമുഖത കാണിക്കുന്നത് ഇതിന്റെ തെളിവാണ്. ബൗളറെ കണ്ണുംപൂട്ടി അടിച്ച് പറത്താന്‍ ഇഷ്ടമുള്ള ബാറ്റ്‌സ്മാനാണ് ഗെയ്ല്‍. കരിയറില്‍ അദ്ദേഹം ഇതുവരെ കളിച്ചിച്ചിടുള്ള മല്‍സരങ്ങള്‍ നോക്കിയില്‍ പകുതിയിലും അദ്ദേഹം പൂര്‍ണ ഫിറ്റായിരുന്നില്ലെന്നു പറയുന്നതാവും ഉചിതം. എന്നിട്ടു പോലും ഇത്രയും റണ്‍സ് വാരിക്കൂട്ടാനായത് ഗെയ്‌ലിന്റെ അസാമാന്യ കരുത്തും ടൈമിങും കൊണ്ടു മാത്രമാണ്.
കരിയറില്‍ ഒരിക്കല്‍പ്പോലും ഗെയ്ല്‍ മൂന്നു റണ്‍സ് ഓടിയെടുത്തിട്ടില്ലെന്നതാണ് കൗതുകകരമായ കാര്യം. ബൗണ്ടറികളിലൂടെയും സിക്‌സറിലൂടെയും റണ്‍സെടുക്കാനാണ് അദ്ദേഹത്തിന് കൂടുതലിഷ്ടം.

സര്‍ഫറാസ് അഹമ്മദ് (പാകിസ്താന്‍)
പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായിരുന്ന സര്‍ഫ്രാസ് അഹമ്മദാണ് മറ്റൊരു താരം. മികച്ച ബാറ്റ്‌സ്മാനാണ് സര്‍ഫറാസെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അദ്ദേഹം ശരാശരിയിലൊതുങ്ങുന്നു. വിക്കറ്റ് കീപ്പിങില്‍ അത്ര മോശക്കാരനല്ലെങ്കിലും സിംഗിളും ഡബിളുമെടുക്കുന്ന കാര്യത്തില്‍ സര്‍ഫറാസ് അത്ര കേമനല്ല. ബാറ്റിങ് മെച്ചപ്പെടുത്തുന്നതിനായി ശരീര ഭാരം കുറയ്ക്കാന്‍ നേരത്തേ അദ്ദേഹത്തോടു പാകിസ്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മുനാഫ് പട്ടേല്‍ (ഇന്ത്യ)
ഇന്ത്യയുടെ മുന്‍ പേസര്‍ മുനാഫ് പട്ടേല്‍ കളിക്കളത്തിലെ മടിയുടെ പേരില്‍ പല തവണ ട്രോളിന് ഇരയായിട്ടുണ്ട്. ഫീല്‍ഡിങില്‍ നിരവധി പിഴവുകള്‍ ഇന്ത്യക്കായി കളിച്ചിരുന്നപ്പോള്‍ ബറോഡ താരത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. മല്‍സരത്തില്‍ ക്യാച്ചെടുക്കാനെത്തുന്നത് മുനാഫാണെങ്കില്‍ അക്കാലത്ത് ആരാധകരുടെ നെഞ്ചിടിപ്പ് പോലും കൂടിയിരുന്നു. കാരണം സിംപിള്‍ ക്യാച്ചുകള്‍ പോലും പാഴാക്കാന്‍ മടിയില്ലാത്ത താരമായിരുന്നു അദ്ദേഹം.
മല്‍സരത്തില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ബൗണ്ടറിയിലേക്കു പായുന്ന പന്തിനെ ഡൈവ് ചെയ്ത് തടുത്തിടുന്ന മുനാഫിനെ ആരും ഇതുവരെ കണ്ടിട്ടുണ്ടാവില്ല. പന്ത് അതിന്റെ വഴിക്കു പോവട്ടെയെന്ന പക്ഷക്കാരനാണ് അദ്ദേഹം.

വീരേന്ദര്‍ സെവാഗ് (ഇന്ത്യ)
ആരാധകര്‍ക്കു പ്രിയങ്കരനായ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മടിയുടെ കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല. ബാറ്റ് ചെയ്യുമ്പോള്‍ അധികമയി ഒരു റണ്‍സ് ഓടിയെടുത്ത് എതിര്‍ ഫീല്‍ഡറെ സമ്മര്‍ദ്ദത്തിലാക്കാന്‍ വീരു ശ്രമിച്ചിരുന്നില്ല. നിരവധി തവണ അദ്ദേഹം റണ്ണൗട്ടായി പുറത്തായിട്ടുണ്ട്. ബാറ്റിങിനിടെ പലപ്പോഴും ക്രീസിന് പുറത്തേക്ക് ഇറങ്ങി കളിക്കാന്‍ ശ്രമിച്ചും വീരു വിക്കറ്റ് നഷ്ടപ്പെടുത്തിയിട്ടുണ്ട്. എതിര്‍ ടീം ഫീല്‍ഡറുടെ ത്രോ സ്റ്റംപില്‍ നേരിട്ടു പതിക്കില്ലെന്ന തെറ്റിദ്ധാരണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇതു കൊണ്ടും തീര്‍ന്നില്ല, ടീം മീറ്റിങിലും പരിശീലന സെഷനിലുമെല്ലാം വലിയ താല്‍പ്പര്യം കാണിക്കാത്തയാള്‍ കൂടിയായിരുന്നു വീരു.

രോഹിത് ശര്‍മ (ഇന്ത്യ)
നിലവില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളും നിശ്ചിത ഓവര്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയാണ് ഇക്കൂട്ടത്തില്‍പ്പെടുത്താവുന്ന മറ്റൊരു താരം. ഈ മടി തന്നെയാണ് ഹിറ്റ്മാന്റെ മികവെന്നു പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ വളരെ വൈകി മാത്രം ഷോട്ട് കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് രോഹിത്. ഇത് അദ്ദേഹത്തിന്റെ ഗുണം മാത്രമല്ല ചില സന്ദര്‍ഭങ്ങളില്‍ ദോഷവും ചെയ്യാറുണ്ട്. ഇന്‍സൈഡ് എഡ്ജ് ആയും പന്ത് വിക്കറ്റിലേക്കു വലിച്ചിട്ടുമെല്ലാം രോഹിത് പല തവണ പുറത്താവുന്നത് നമ്മള്‍ കണ്ടു കഴിഞ്ഞു. ഏതു സാഹചര്യത്തിലും എളുപ്പത്തില്‍ ഉറങ്ങാന്‍ കഴിയുന്നയാളാണ് രോഹിത്തെന്നും അതു പോലെ മറ്റാരെയും താന്‍ കണ്ടിട്ടില്ലെന്നും ഒരിക്കല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

യൂസുഫ് പഠാന്‍ (ഇന്ത്യ)
ഐപിഎല്ലിലൂടെ ടീം ഇന്ത്യയിലെത്തിയ താരങ്ങളിലൊരാളാണ് മുന്‍ ഓള്‍റൗണ്‍ര്‍ യൂസുഫ് പഠാന്‍. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കന്നിക്കിരീടത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇന്ത്യ കാത്തിരുന്ന ഓള്‍റൗണ്ടര്‍ക്കു വേണ്ട എല്ലാ യോഗ്യതയുമുള്ള താരമെന്നായിരുന്നു അന്ന് യൂസുഫ് വിശേഷിപ്പിക്കപ്പെട്ടത്. അനായാസം ബൗണ്ടറികളും സിക്‌സറും നേടാന്‍ മിടുക്കനായിരുന്ന യൂസുഫ് ബൗളിങിലും മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.
എന്നാല്‍ ഫിറ്റ്‌നസില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നതായിരുന്നു യൂസുഫ് നേരിട്ട പ്രധാന വിമര്‍ശനം. അനായാസ ക്യാച്ചുകള്‍ പോലും താരം കൈവിട്ടിരുന്നു. ഇത് ടീമിനു പല തവണ വിനയാവുകയും ചെയ്തിട്ടുണ്ട്. ഫീല്‍ഡ് ചെയ്യുമ്പോള്‍ അതിവേഗത്തില്‍ മൂവ് ചെയ്യാന്‍ കഴിയുന്ന താരവുമല്ലായിരുന്നു യൂസുഫ്.


Click it and Unblock the Notifications