ലോക ക്രിക്കറ്റിലെ പല ബാറ്റിങ് റെക്കോര്‍ഡുകള്‍ക്കും അവകാശിയാണ് ഇന്ത്യയുടെ റണ്‍മെഷീനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി. മൂന്നു ഫോര്‍മാറ്റുകളെടുത്താല്‍ അദ്ദേഹത്തിന്റെ ഏറ്റവും ഗംഭീര പ്രകടനങ്ങള്‍ കണ്ടിട്ടുള്ളത് ഏകദിനത്തിലാണ്. മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഓള്‍ടൈം സെഞ്ച്വറി റെക്കോര്‍ പോലും കോലി പഴങ്കഥയാക്കിയിരുന്നു.
ടി20യും ടെസ്റ്റും മതിയാക്കിയെങ്കിലും ഏകദിനത്തില്‍ ഇപ്പോഴും കളി തുടരുകയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇനിയും പല റെക്കോര്‍ഡുകളും കൂടി കോലി തന്റെ പേരിലാക്കുമെന്നതില്‍ സംശയവും വേണ്ട.
അദ്ദേഹവുമായി ഇപ്പോള്‍ ഏറ്റവുമധികം താരതമ്യം ചെയ്യപ്പെടാറുള്ളയാളാണ് ഏകദിന ക്യാപ്റ്റനും യൂവ സൂപ്പര്‍താരവുമായ ശുഭ്മന്‍ ഗില്‍. കോലിയുടെ ഏകദിന റെക്കോര്‍ഡ് അദ്ദേഹത്തിനു തകര്‍ക്കാന്‍ സാധിക്കുമെന്നും പലരും ചൂണ്ടിക്കാണിക്കാറുണ്ട്. ഇതേ കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

ഗില്ലിനെക്കൊണ്ട് കഴിയുമോ?
ശുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയ ശേഷം സംസാരിക്കവെയാണ് വിരാട് കോലിയുടെ ഏകദിന റെക്കോര്‍ഡ് ശുഭ്മന്‍ ഗില്‍ തകര്‍ക്കുമോയെന്നതിനെ കുറിച്ച് ആകാശ ചോപ്ര വിശദീകരിച്ചത്. ഏകദിനത്തില്‍ കോലിയുടെ റെക്കോര്‍ഡ് തിരുത്താന്‍ ഗില്ലിനു കഴിയുമെന്നു തന്നെയാണ് ചോപ്രയുടെ അഭിപ്രായം. പക്ഷെ അതിനു ഒരു കണ്ടീഷനും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.
വിരാട് കോലി കളിച്ചിട്ടുള്ള അത്രയും ഏകദിനങ്ങളില്‍ കൡക്കുകയാണെങ്കില്‍ റെക്കോര്‍ഡ് മറികടക്കാന് ശുഭ്മന്‍ ഗില്ലിനു കഴിയുമെന്നു എനിക്കു തോന്നുന്നു. പക്ഷെ അത്രത്തോളം മല്‍സരങ്ങള്‍ ഗില്ലിനു കിട്ടിയേക്കില്ല. പക്ഷെ അവസരം ലഭിച്ചാല്‍ ഗില്‍ മുന്നില്‍ കടക്കുക തന്നെ ചെയ്യുമെന്നും ചോപ്ര വ്യക്തമാക്കി.
305 ഏകദിനങ്ങളില്‍ വിരാട് കോലി ഇതിനകം കളിച്ചു കഴിഞ്ഞു. 57.71 ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 14,255 റണ്‍സുമാണ്. 51 സെഞ്ച്വറികളും 75 ഫിഫ്റ്റികളുമടക്കമാണിത്. 49 സെഞ്ച്വറികളെന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡ് ഒരു സമയത്തു കോലിക്കു എത്തിപ്പിടിക്കാന്‍ കഴിയില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
കാരണം ദീര്‍ഘകാലം അദ്ദേഹം സെഞ്ച്വറികളില്ലാതെ വലഞ്ഞിരുന്നു. എന്നാല്‍ വീണ്ടും മാജിക്കല്‍ ടച്ച് വീണ്ടെടുത്ത കോലി 2023ലെ ഏകദിന ലോകകപ്പില്‍ സച്ചിനെ സാക്ഷിയാക്കി റെക്കോര്‍ഡ് തിരുത്തുകയായിരുന്നു.
അതേസമയം, ഗില്ലിന്റെ കരിയറിലേക്കു വന്നാല്‍ 58 ഏകദിനങ്ങളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. 56.26 ശരാശരിയില്‍ 2818 റണ്‍സും സ്‌കോര്‍ ചെയ്തു. എട്ടു സെഞ്ച്വറിയും 15 ഫിഫ്റ്റികളുമടക്കമാണിത്.

സ്ഥിരത പുലര്‍ത്തണം
നമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിന്തരം സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയാല്‍ മാത്രമേ ശുഭ്മന്‍ ഗില്ലിനു വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടുമായി ഈ വര്‍ഷം ബെര്‍മിങ്ഹാമില്‍ നടന്ന ടെസ്റ്റിലേതു പോലെയുള്ള പ്രകടനങ്ങള്‍ ഇനിയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാമിന്നിങ്‌സില്‍ 250 റണ്‍സ് വാരിക്കൂട്ടിയ ഗില്‍ രണ്ടാമിന്നിങ്‌സില്‍ 150 റണ്‍സും അടിച്ചെടുത്തിരുന്നു.
ശുഭ്മന്‍ ഗില്ലിനു അടുത്ത വിരാട് കോലിയാവണമെങ്കില്‍ അതിനു ഇനിയും സമയമെടുക്കും. അദ്ദേഹത്തിനു അതിനു സാധിച്ചില്ലെങ്കില്‍ അടുത്ത പ്രിന്‍സോ, കിങോ ഒന്നുമാവില്ല. ചക്രവര്‍ത്തിയാവുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. പരിശ്രമം തീര്‍ച്ചയായുമുണ്ടാവും, ഗില്‍ വിജയിക്കണമെന്നു ഇന്ത്യന്‍ ക്രിക്കറ്റും ആഗ്രഹിക്കുന്നു. കാരണം സ്ഥിരതയുള്ള ഒരു കൈ നിങ്ങള്‍ക്കു ആവശ്യമാണ്.
നമ്മള്‍ ഗില്ലിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കാനുള്ള കാരണം ഒരു ടെസ്റ്റില്‍ ഏതെങ്കിലും ബാറ്റര്‍ 450 റണ്‍സെടുക്കണമെങ്കില്‍ അസാധാരണ ശ്രമം ആവശ്യമാണ്. ബെര്‍മിങ്ഹാമിലെ ആ ടെസ്റ്റിനു ഇറങ്ങുമ്പോള്‍ നമ്മള്‍ ആദ്യ കളി തോറ്റു നില്‍ക്കുകയായിരുന്നു.
മാത്രമല്ല, ബെര്‍മിങ്ഹാമില്‍ മുമ്പൊരിക്കലും നമ്മള്‍ ടെസ്റ്റ് ജയിച്ചിട്ടുമില്ല. ആദ്യ ഇന്നിങ്‌സില്‍ 250 റണ്‍സ് സ്‌കോര്‍ ചെയ്ത ഗില്‍ രണ്ടാമന്നിങ്‌സില്‍ 150ഉം അടിച്ചു. ഒരു ടെസ്റ്റില്‍ അന്നു നേടിയ 420 റണ്‍സെന്നത് മുമ്പൊരു ക്യാപ്റ്റനും നേടിയിട്ടില്ലാത്തതാണെന്നും ചോപ്ര വിശദീകരിച്ചു.