ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിക്ക് ഇന്ന് ജന്മദിനമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യയുടെ രാജകീയ സിംഹാസനത്തിലേക്കെത്തിയ കോലി നടന്നു നീങ്ങിയ വഴികളിലെല്ലാം ഇതിഹാസ റെക്കോഡുകളെ കൂട്ടുപിടിച്ച താരമാണ്. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുമായി കോലി മിന്നിച്ച കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ കോലിക്കാവുന്നില്ല. സ്പിന്നിനെതിരേ പതറുന്ന കോലി കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം.
വലിയ വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ് കോലി തന്റെ 36ാം ജന്മദിനം ആഘോഷിക്കുന്നത്. വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് കോലി ചരിത്ര തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. ഇതിഹാസ താരത്തിന്റെ കരിയറിലേക്ക് വരുമ്പോള്‍ എടുത്തു പറയാവുന്ന റെക്കോഡുകള്‍ എന്തൊക്കെയാണ്. കോലി സ്വന്തമാക്കിയ തകര്‍ക്കാന്‍ പ്രയാസമുള്ള എട്ട് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് അറിയാം.
കൂടുതല്‍ ഏകദിന സെഞ്ച്വറി
സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പേരിലുണ്ടായിരുന്ന 49 ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് ആരും തകര്‍ക്കില്ലെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ കോലി ഇത് മറികടന്നു. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറിയുള്ള ഏക താരം വിരാട് കോലിയാണ്. നിലവില്‍ കോലിയുടെ പേരില്‍ 50 ഏകദിന സെഞ്ച്വറികളുണ്ട്. ഇത് തകര്‍ക്കാന്‍ സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം. നിലവിലെ ഒരു താരത്തിനും ഇത് സാധ്യമാകില്ലെന്നുറപ്പാണ്.
ടെസ്റ്റ് നായകനെന്ന നിലയിലെ കോലിയുടെ റെക്കോഡും തകര്‍ക്കാന്‍ പ്രയാസമുള്ളതാണ്. 68 ടെസ്റ്റില്‍ നിന്ന് 40 ജയമാണ് കോലി ഇന്ത്യക്ക് നേടിക്കൊടുത്തത്. ഇന്ത്യന്‍ നായകന്മാരില്‍ കൂടുതല്‍ ടെസ്റ്റ് ജയമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ഇത് തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. കോലി നയിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം എല്ലാ എതിരാളികളുടേയും പേടി സ്വപ്‌നമായിരുന്നു.

വേഗത്തില്‍ 13000 ഏകദിന റണ്‍സ്
വിരാട് കോലിയുടെ കരിയറിന്റെ വളര്‍ച്ചയിലേക്ക് നോക്കുമ്പോള്‍ എടുത്തു പറയേണ്ടത് സ്ഥിരതയാണ്. കരിയറിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ സ്ഥിരതയോടെ മിന്നിക്കാന്‍ കോലിക്കായിരുന്നു. ഏകദിനത്തില്‍ വേഗത്തില്‍ 8000, 9000, 10,000, 11000, 12000, 13000 റണ്‍സെന്ന റെക്കോഡുകള്‍ കോലിയുടെ പേരിലാണ്. കോലിയുടെ ഈ റെക്കോഡ് തകര്‍ക്കുക പ്രയാസമാണ്. നിലവിലെ ഏതെങ്കിലും താരത്തിന് ഈ റെക്കോഡ് സാധ്യമാകുമെന്ന് കരുതാനാവില്ല.
കൂടുതല്‍ തവണ മാന്‍ ഓഫ് ദി സീരിസ് പുരസ്‌കാരം നേടിയ താരവും വിരാട് കോലിയാണ്. 21 തവണയാണ് കരിയറില്‍ കോലി ഈ നേട്ടത്തിലേക്കെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 20 തവണയാണ് ഈ നേട്ടത്തിലെത്തിയത്. ഷക്കീബ് അല്‍ ഹസന്‍ 17 തവണയാണ് ഈ നേട്ടത്തിലെത്തിയത്. കോലിയുടെ പേരിലുള്ള ഈ റെക്കോഡ് തകര്‍ക്കാന്‍ ആര്‍ക്കും സാധിച്ചേക്കില്ലെന്ന് പറയാം.
ഒരു ടീമിനെതിരേ കൂടുതല്‍ സെഞ്ച്വറി
ഒരു ടീമിനെതിരേ കൂടുതല്‍ ഏകദിന സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ശ്രീലങ്കയ്‌ക്കെതിരേ 10 ഏകദിന സെഞ്ച്വറിയാണ് കോലി നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഒമ്പത് സെഞ്ച്വറിയും ഓസ്‌ട്രേലിയക്കെതിരേ എട്ട് സെഞ്ച്വറിയും നേടാന്‍ കോലിക്കായിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരേ എട്ട് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് കോലിക്ക് ഭീഷണി. സമീപകാലത്തെ ഫോം നോക്കുമ്പോള്‍ രോഹിത്തിന് ഇനി ഓസീസിനെതിരേ സെഞ്ച്വറി നേട്ടം പ്രയാസമായിരിക്കുമെന്ന് പറയാം.
ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ഇതിനെ മറികടക്കുക പ്രയാസമാണെന്ന് പറയാം. 2023ലെ ഏകദിന ലോകകപ്പില്‍ 765 റണ്‍സാണ് കോലി നേടിയത്. ഇത് തകര്‍ക്കാന്‍ എളുപ്പത്തില്‍ ആര്‍ക്കും സാധിച്ചേക്കില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്.
ഏകദിന, ടി20 ലോകകപ്പില്‍ താരമായ ഏക താരം
ഏകദിന, ടി20 ലോകകപ്പില്‍ മാന്‍ ഓഫ് ദി സീരിസ് നേടിയ ഏക താരം വിരാട് കോലിയാണ്. 2014, 2016 ടി20 ലോകകപ്പുകളിലെ താരമായ കോലി 2023ലെ ഏകദിന ലോകകപ്പിലും താരമായി. ഈ റെക്കോഡ് നേട്ടം മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല. ഇനി ആര്‍ക്കെങ്കിലും ഇത് സാധ്യമാകുമെന്നും കരുതാനാവില്ല. അങ്ങനെ സംഭവിക്കണമെങ്കില്‍ പ്രകടന മികവിനൊപ്പം ഭാഗ്യം കൂടി പിന്തുണക്കേണ്ടതായുണ്ട്.
ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തവണ 600ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് വിരാട് കോലിയുടെ പേരിലാണ്. മൂന്ന് തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. ഈ നേട്ടം മറികടക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് കരുതാനാവില്ല.