ഡോണ്‍ ബ്രാഡ്മാനു ശേഷം സച്ചിനല്ല, അത് വിരാട് കോലിയാവും!- അപൂര്‍വ്വ 'ഇനമെന്ന് കുമാര്‍ സങ്കക്കാര

കൊളംബോ: ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് ശേഷം ആരെന്ന ചോദ്യത്തിന് എല്ലാവരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അസാധാരണമായ ബാറ്റിങ് റെക്കോര്‍ഡുകള്‍ തന്നെയായിരുന്നു ഇതിനു കാരണം.
എന്നാല്‍ ബ്രാഡ്മാന്റെ യഥാര്‍ഥ പിന്‍ഗാമിയായി മാറാന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു കഴിയുമെന്ന് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ താരവും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാര അഭിപ്രായപ്പെട്ടു. ശാരീരികമായി മാത്രമല്ല മാനസികമായും വളരെ ഫിറ്റായിട്ടുള്ള ബാറ്റ്‌സ്മാനാണ് കോലിയെന്നും സങ്കക്കാര പറഞ്ഞു.

ക്രിക്കറ്റിനോടുള്ള അതിയായ പാഷനും റണ്‍സെടുക്കാനുള്ള ദാഹവും കോലിയെ ഇതിഹാസ താരമാക്കി മാറ്റുമെന്ന് സങ്കക്കാര അഭിപ്രായപ്പെട്ടു. കോലി അസാധാരണമാം വിധം ഫിറ്റ്‌നസുള്ള കളിക്കാരനാണ്. താന്‍ ഇതു നേരില്‍ കാണുകയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
ശാരീരികമായും മാനസികമായും പ്രതിഭയുടെ അടിസ്ഥാനത്തിലും കളിക്കളത്തിന് അകത്തും പുറത്തും ഏറ്റവും കേമനാവുന്നതിനു വേണ്ടി കോലി നടത്തുന്ന ആത്മസമര്‍പ്പണവും അദ്ഭുതപ്പെടുത്തുന്നതാണ്. ബ്രാഡ്മാന് ശേഷം ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാവാനുള്ള അവസരം കോലിക്കുണ്ടെന്നും സങ്കക്കാര വിശദമാക്കി.

ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ അപൂര്‍വ്വയിനം എന്നു വേണമെങ്കില്‍ കോലിയെ വിശേഷിപ്പിക്കാമെന്ന് സങ്കക്കാര സൂചിപ്പിച്ചു. പ്രചോദനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റര്‍ കോലിയാണ്. വിരാടില്‍ താന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ പാഷന്‍ തന്നെയാണ്. നല്ല വ്യക്തിത്വം കൂടിയാണ് കോലിക്കുള്ളത്. കളിക്കളത്തില്‍ തന്റെ വികാരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അദ്ദേഹം ഒരിക്കലും ഭയപ്പെടുന്നുമില്ല. അത് ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കുമ്പോഴും ഇന്ത്യയെ ജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോഴും കോലി പുറത്തു കാണിക്കുകയും ചെയ്യാറുണ്ട്. വളരെ പഴയ ശൈലിയിലുള്ള ക്രിക്കറ്ററാണ് കോലി. ഒരു പാട് ഫാന്‍സി ഷോട്ടുകള്‍ അദ്ദേഹം കളിക്കാറില്ല. പകരം കൂടുതല്‍ ഫലവത്തായിട്ടുള്ള ഷോട്ടുകളാണ് കളിക്കാറുള്ളതെന്നും സങ്കക്കാര വിശദമാക്കി.

നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ് കോലി. ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനു പിന്നില്‍ രണ്ടാം സ്ഥാനത്തും അദ്ദേഹമുണ്ട്. 2018ല്‍ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിന് കോലി അവകാശിയായിരുന്നു. വെറും 205 ഇന്നിങ്‌സുകളിലാണ് അദ്ദേഹത്തിന്റെ നേട്ടം.
കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ടീമംഗമായ രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു കോലി. 26 മല്‍സരങ്ങളില്‍ നിന്നും 1377 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications