ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയുടെ അപ്രതീക്ഷിത വിരമിക്കലില്‍ ബിസിസിഐയെ ആഞ്ഞടിച്ചിരിക്കുയാണ് മുന്‍ മധ്യനിര ബാറ്ററും സൂപ്പര്‍ ഫീല്‍ഡറുമായിരുന്ന മുഹമ്മദ് കൈഫ്. ഈയാഴ്ചയാണ് ക്രിക്കറ്റ് ലോകത്തെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നു വിരമിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ അറിയിച്ചിരുന്നു.
ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പര അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണുകളായ രോഹിത്തും കോലിയും ടെസ്റ്റില്‍ നിന്നും പടിയിറങ്ങിയത്. ഇരുവരുടെയും അഭാവം ഇംഗ്ലണ്ടില്‍ ഇന്ത്യക്കു വലിയ തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പിന്നില്‍ ബിസിസിഐ?
പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു സംസാരിക്കവെ വിരാട് കോലിയുടെ വിരമിക്കലിനു ബിസിസിഐയെയാണ് മുഹമ്മദ് കൈഫ് കുറ്റപ്പെടുത്തിയത്. ബിസിസിഐയുടെ ഭാഗത്തു നിന്നും മതിയായ പിന്തുണ കോലിക്കു ലഭിച്ചില്ലെന്നും ഈ കാരണത്താല്‍ അദ്ദേഹത്തിവു കളി നിര്‍ത്തേണ്ടി വന്നതാണെന്നുമാണ് കൈഫിന്റെ നിരീക്ഷണം.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കാന്‍ വിരാട് കോലി ആഗ്രഹിച്ചിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. ബിസിസിഐയുമായി ചില ആഭ്യന്തര ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാവാം. കഴിഞ്ഞ അഞ്ച്- ആറു വര്‍ഷത്തിനിടെയുള്ള അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചു കാണും. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥാനം ഇനി കാണില്ലെന്നും വിരാടിനോടു അവര്‍ പറഞ്ഞിട്ടുണ്ടാവും.
യഥാര്‍ഥത്തില്‍ എന്തൊക്കെയാണ് അണയറില്‍ സംഭവിച്ചിട്ടുള്ളതെന്നു നമുക്കു ഒരിക്കും കണ്ടുപിടിക്കാന്‍ സാധിക്കില്ല. എന്തൊക്കെയാവും പിന്നില്‍ നടന്നിട്ടാവുകയെന്നു നമുക്കു ഊഹിച്ചെടുക്കുക വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും എഎന്‍ഐയോടു കൈഫ് പറഞ്ഞു.
തിരിച്ചുവരാന്‍ ആഗ്രഹിച്ചു
ടെസ്റ്റ് ക്രിക്കറ്റിലേക്കു ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ വിരാട് കോലി അതിയായി ആഗ്രഹിച്ചിരുന്നുവെന്നതിന്റെ പ്രധാനപ്പെട്ട ഒരു തെളിവും മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. ഈ വര്‍ഷമാദ്യം രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കു വേണ്ടി കളിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് തെളിവായി കൈഫ് എടുത്തു പറഞ്ഞിരിക്കുന്നത്.
രഞ്ജി ട്രോഫിയില്‍ അവസാന നിമിഷമാണ് താനും കളിക്കുമെന്ന തീരുമാനം വിരാട് കോലിയെടുത്തത്. വരാനിരിക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്താന്‍ അദ്ദേഹം ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നതായി ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു.
പക്ഷെ കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ക്കിടെയുണ്ടായ സംഭവ വികാസങ്ങളായിരിക്കാം വിരാടിന്റെ വിരമിക്കലിനു പിന്നിലെന്നു തോന്നുന്നു. ബിസിസിഐ, സെലക്ടര്‍മാര്‍ എന്നിവരില്‍ നിന്നെല്ലാം തനിക്കു പിന്തുണ ലഭിക്കുമെന്നാവും അദ്ദേഹം പ്രതീക്ഷിച്ചത്. എന്നാല്‍ വിരാട് ആഗ്രഹിച്ചതു പോലെയൊരു പിന്തുണ ലഭിച്ചു കാണില്ലെന്നും കൈഫ് വിശദമാക്കി.

ഓസ്‌ട്രേലിയയിലെ പ്രകടനം
ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടന്ന അഞ്ചു മല്‍സരങ്ങളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് വിരാട് കോലി കളിച്ചത്. ഈ പരമ്പരയില്‍ ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴെല്ലാം ധൃതി പിടിച്ച് അദ്ദേഹം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കുന്നതു പോലെ തനിക്കു തോന്നിയതായി മുഹമ്മദ് കൈഫ് പറയുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്നു ഒരുപക്ഷെ വിരാട് കോലിക്കു തോന്നിയിട്ടുണ്ടാവും. അതുകൊണ്ടു തന്നെ കടുപ്പമേറിയ ഒരു സെഞ്ച്വറി നേടിയതു കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കരുതിക്കാണും. മുമ്പ് ടെസ്റ്റ് മല്‍സരങ്ങളില്‍ കളിച്ചിരുന്നപ്പോഴെല്ലാം മറ്റൊരു തലത്തിലുള്ള ക്ഷമയും ഏകാഗ്രതയുമെല്ലാം വിരാട് കാണിച്ചിരുന്നു.
ഷോട്ടുകള്‍ കളിക്കാതെ ബോളുകള്‍ ലീവ് ചെയ്തും, കൂടുതല്‍ സമയമെടുത്തും, ബൗളര്‍മാരെ കുഴക്കിയുമെല്ലാമാണ് അദ്ദേഹം റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നത്. പക്ഷെ ഇത്തവണ ഓസ്‌ട്രേലിയയില്‍ ഇതൊന്നും വിരാടില്‍ നിന്നും കണ്ടില്ല. തനിക്കു റണ്ണെടുത്തേ തീരൂവെന്നവ ധൃതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തതെന്നും കൈഫ് വിലയിരുത്തി.