
കോലി x ആന്‍ഡേഴ്‌സന്‍
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ വിരാട് കോലിയും ടെസ്റ്റിലെ ഇതിഹാസ പേസറായ ജെയിംസ് ആന്‍ഡേഴ്‌സനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആരു നേടുമെന്ന് പ്രവചിക്കുക അസാധ്യമാണ്. കോലി ലോകത്തിലെ രണ്ടാം നമ്പര്‍ ബാറ്റ്‌സ്മാനാണെങ്കില്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത പേസറാണ് ആന്‍ഡേഴ്‌സന്‍. ഇരുവരും നേരത്തേ കൊമ്പുകോര്‍ത്തപ്പോഴെല്ലാം തീപ്പൊരി പാറിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കോലി നേരിടാന്‍ വിഷമിച്ചിട്ടുള്ള ബൗളര്‍മാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.

റൂട്ട് x ബുംറ
ഇംഗ്ലണ്ട് ക്യാപ്റ്റനും നിലവില്‍ ടെസ്റ്റിലെ എലെറ്റ് ബാറ്റ്‌സ്മാന്‍മാരിലൊരാളുമായ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തീതുപ്പുന്ന ബൗളുകള്‍ നേരിടാനാവുമോ? ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരിയപ്പോള്‍ റൂട്ട് ആദ്യ ടെസ്റ്റില്‍ 228ഉം രണ്ടാം ടെസ്റ്റില്‍ 186ഉം റണ്‍സെടുത്തിരുന്നു.
ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ട ബാറ്റ്‌സമാന്‍മാരിലൊരാളും റൂട്ടായിരിക്കും. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കുന്ന ബുംറയെയായിരിക്കും റൂട്ടിനെതിരേ ഇന്ത്യ വജ്രായുധമാക്കിയേക്കുകയെന്നാണ് സൂചനകള്‍.

സ്‌റ്റോക്‌സ് x അശ്വിന്‍
ചെന്നൈയില്‍, സ്വന്തം നാട്ടില്‍, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബൗളിങിന്റെ കുന്തമുനയാവാന്‍ തയ്യാറെടുക്കുകയാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനെ കറക്കി വീഴ്ത്താന്‍ അശ്വിനു കഴിയുമോയെന്നു കാത്തിരുന്നു തന്നെ കാണണം.
സ്പിന്നര്‍മാരെ നന്നായി നേരിടുന്ന സ്റ്റോക്‌സിനെതിരേ അശ്വിന്റെ കറങ്ങുന്ന ബോളുകളിലായിരിക്കും ഇന്ത്യന്‍ പ്രതീക്ഷ. നാട്ടില്‍ അശ്വിന്റെ മികച്ച ഫോം ഇന്ത്യയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കും.

രോഹിത് x ആര്‍ച്ചര്‍
ഇന്ത്യയുടെ ഓപ്പണറും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയ്ക്കു ന്യൂ ബോള്‍ കൊണ്ട് വെല്ലുവിളിയുയര്‍ത്താന്‍ ഇംഗ്ലണ്ടിന്റെ തീപ്പൊരി ബൗളര്‍ ജോഫ്ര ആര്‍ച്ചറുണ്ടാവും. നേരത്തേ ഓസ്‌ട്രേലിയക്കെതിരേ കളിച്ച നാലു ഇന്നിങ്‌സുകളില്‍ പേസര്‍മാരെ അനായാസം നേരിടാന്‍ അദ്ദേഹത്തിനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യയിലെ വേഗം കുറഞ്ഞ പിച്ചില്‍ രോഹിത്തിനെ വിറപ്പിക്കാന്‍ ആര്‍ച്ചര്‍ക്ക് എല്ലാ അടവുകളും പുറത്തെടുക്കേണ്ടിവരും.
മികച്ച പേസും ബൗണ്‍സും സൃഷ്ടിക്കാന്‍ ഏതു പിച്ചിലും സാധിക്കുന്ന ബൗളറാണ് ആര്‍ച്ചറെന്നത് രോഹിത് സൂക്ഷിക്കേണ്ട കാര്യമാണ്.

രഹാനെ x ലീച്ച്
ഇന്ത്യയുടെ വൈസ് ക്യാപറ്റനും പ്രതിസന്ധി ഘട്ടങ്ങളില്‍ പല തവണ ടീമിന്റെ രക്ഷകനാവുകയും ചെയ്തിട്ടുള്ള അജിങ്ക്യ രഹാനെയ്ക്കു വെല്ലുവിളിയുയര്‍ത്തുക ഇടംകൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചായിരിക്കും. കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ലീച്ചിന്റെ സ്ഥിരതയാര്‍ന്ന ലൈനും ലെങ്തും ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴത്തിയിരുന്നു. ഇതേ രീതിയില്‍ ബൗള്‍ ചെയ്ത് രഹാനെയും സമ്മര്‍ദ്ദത്തിലാക്കാനായിരിക്കും ലീച്ചിന്റെ ശ്രമം.
ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ച രഹാനെ ബാറ്റിങിലും മോശമല്ലാത്ത സംഭാവന നല്‍കിയിരുന്നു.


Click it and Unblock the Notifications











