മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമല്ലെങ്കിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് കേരളത്തില്‍ മാത്രമല്ല ആരാധകര്‍. ഇന്ത്യന്‍ താരങ്ങളുടെ ആരാധക പിന്തുണ പരിശോധിച്ചാല്‍ മുന്‍നിരയിലാണ് സഞ്ജുവിന്റെ സ്ഥാനം. കേരള താരമായതിനാല്‍ത്തന്നെ പ്രമുഖരുടെ പിന്തുണ സഞ്ജുവിന് അധികം ലഭിച്ചിട്ടില്ല.
സ്വന്തം പ്രതിഭകൊണ്ട് മികവുകാട്ടി വളര്‍ന്നുവന്നവനാണ് സഞ്ജു. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടുമ്പോള്‍ സഞ്ജുവിനായി ശബ്ദമുയര്‍ത്താന്‍ അധികമാരും രംഗത്തെത്താറില്ല. ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ത്തുമെന്നല്ലാതെ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തുന്നവര്‍ ചുരുക്കമാണെന്ന് തന്നെ പറയാം. എന്നാല്‍ സഞ്ജുവിന്റെ വിമര്‍ശകരെയെടുത്താല്‍ ഈ പട്ടിക നീണ്ടുപോകും.
പ്രമുഖരായ പലരും സഞ്ജുവിനെ ഇന്ത്യന്‍ ടീമിലെടുക്കേണ്ടന്ന നിലപാടുള്ളവരാണ്. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴെല്ലാം സഞ്ജുവിനെ വിമര്‍ശിക്കാനും ഇവര്‍ മടികാട്ടാറില്ല. സഞ്ജുവിനെ ഇഷ്ടമില്ലാതെ എപ്പോഴും വിമര്‍ശിക്കുന്ന പ്രമുഖര്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെയാള്‍ സുനില്‍ ഗവാസ്‌കറാണ്. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍ സഞ്ജുവിനെ പിന്തുണക്കാത്തയാളാണ്.
സഞ്ജുവിന്റെ കുറ്റങ്ങളും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാട്ടാനാണ് ഗവാസ്‌കറിന് കൂടുതല്‍ താല്‍പര്യം. സമീപകാലത്തായി സഞ്ജുവിനോടുള്ള ഗവാസ്‌കറിന്റെ സമീപനത്തിന് അല്‍പ്പം മാറ്റമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരേ സഞ്ജുവിനെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നുവെന്ന് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗവാസ്‌കറിന്റെ ഉപദേശം കേള്‍ക്കാന്‍ സഞ്ജു തയ്യാറായിട്ടില്ല. ഇതിന്റെ ദേഷ്യവും അദ്ദേഹത്തിനുണ്ട്.

കമന്റേറ്ററായി ഇരിക്കുമ്പോഴും ചാനലുകളില്‍ സംസാരിക്കുമ്പോഴും സഞ്ജുവിന്റെ അമിത ആക്രമണോത്സക ശൈലിയെ ഗവാസ്‌കര്‍ വിമര്‍ശിക്കാറുണ്ട്. സഞ്ജുവിനോട് നേരിട്ട് ഇക്കാര്യം പറഞ്ഞിട്ടും തന്റെ ശൈലി മാറ്റാന്‍ സഞ്ജു തയ്യാറായിട്ടില്ല. സഞ്ജുവിനെക്കാള്‍ മികച്ചവന്‍ റിഷഭ് പന്തും ഇഷാന്‍ കിഷനുമാണെന്ന അഭിപ്രായം ഗവാസ്‌കറിനുണ്ട്. ഇഷാന്‍ കിഷറും റിഷഭ് പന്തും തുടര്‍ച്ചയായി ഫ്‌ളോപ്പ് ആയപ്പോഴും ഇരുവരേയും പിന്തുണക്കുന്ന നിലപാടാണ് ഗവാസ്‌കര്‍ സ്വീകരിച്ചത്.
മറ്റൊരാള്‍ സഞ്ജയ് മഞ്ജരേക്കറാണ്. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ്ക്കും സഞ്ജുവിനെ ഇഷ്ടമില്ല. അവസരം ലഭിക്കുമ്പോഴെല്ലാം സഞ്ജയ് സഞ്ജുവിനെതിരേ രംഗത്തെത്താറുണ്ട്. സഞ്ജു മികവുകാട്ടുന്ന മത്സരങ്ങളില്‍ മൗനം തുടരുകയും സഞ്ജു ഫ്‌ളോപ്പായാല്‍ വിമര്‍ശിക്കുകയും ചെയ്യുന്നതാണ് സഞ്ജയുടെ രീതി. ഒട്ടുമിക്ക താരങ്ങളെയും വിമര്‍ശിച്ച് പണിവാങ്ങിയിട്ടുള്ള സഞ്ജയ് സഞ്ജു സാംസണിനെതിരായ വിമര്‍ശനം ഇപ്പോഴും തുടരുന്നു.
ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിക്കും സഞ്ജുവിനെ വലിയ ഇഷ്ടമില്ല. സഞ്ജുവിനെ പിന്തുണച്ച് കോലി സംസാരിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്തിന്റെ മികവിനെ വാഴ്ത്തുകയും ടീമില്‍ നിലനിര്‍ത്താന്‍ ശക്തമായി ഇടപെടുകയും ചെയ്ത കോലി സഞ്ജുവിനെതിരേ കണ്ണടക്കുകയാണ് ചെയ്യുന്നത്. കോലി ക്യാപ്റ്റനായിരിക്കെ സഞ്ജുവിനെ കൂടുതല്‍ പിന്തുണക്കുകയും അവസരം നല്‍കുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയര്‍ മറ്റൊരു തലത്തിലേക്ക് ഉയരുമായിരുന്നു.
രോഹിത് ശര്‍മ നായകനായ ശേഷം സഞ്ജുവിന് കൂടുതല്‍ പിന്തുണ നല്‍കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവെത്തിയതിന് പിന്നില്‍ രോഹിത്തിന്റെ പിന്തുണയുണ്ട്. കോലി ക്യാപ്റ്റനായിരിക്കെ ഈ പിന്തുണ സഞ്ജുവിന് ലഭിച്ചിട്ടില്ല. ഏഷ്യാ കപ്പിലും സഞ്ജു കളിക്കാന്‍ സാധ്യതയുണ്ട്. റിഷഭ് പന്തിന്റെ ഫിറ്റ്‌നസ് മെച്ചപ്പെടാതിരിക്കുകയും ലോകകപ്പ് കളിക്കാതിരിക്കുകയും ചെയ്താല്‍ സഞ്ജുവിന് വിളിയെത്തിയേക്കും.
സഞ്ജുവിനെ പിന്തുണക്കുന്നവരില്‍ പ്രധാനയാള്‍ ആകാശ് ചോപ്രയാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര ഇപ്പോള്‍ അവതാരക റോളില്‍ തിളങ്ങുന്നു. സാബ കരീമും സഞ്ജുവിനെ പിന്തുണക്കുന്നയാളാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ എബി ഡിവില്ലിയേഴ്‌സ്, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം സഞ്ജുവിനെ പിന്തുണക്കുന്നവരും സ്ഥിരം അവസരം നല്‍കണമെന്ന് അഭിപ്രായപ്പെടുന്നവരുമാണ്.