ക്രിക്കറ്റെന്ന ഗെയിമും കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ടെസ്റ്റ്, ഏകദിനം എന്നിവയ്ക്കു ശേഷം മൂന്നാമത്തെ ഫോര്‍മാറ്റായി ടി20 വരികയും ഇപ്പോള്‍ അതു ടി10ല്‍ എത്തി നില്‍ക്കുകയും ചെയ്യുന്നു. ഫോര്‍മാറ്റുകള്‍ കൂടിയതോടെ മല്‍സരങ്ങളും വര്‍ധിച്ചിരിക്കുകയാണ്. ഇതു ക്രിക്കറ്റര്‍മാരുടെ ജോലിഭാരവും ഇരട്ടിയാക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ആധുനിക ക്രിക്കറ്റില്‍ ഏതൊരു താരത്തെ സംബന്ധിച്ചും മികച്ച ഫിറ്റ്‌നസ് ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. ഏറ്റവുമുയര്‍ന്ന ഫിറ്റ്‌നസ് നിലവാരം പുലര്‍ത്തുന്ന ഒരു ക്രിക്കറ്റര്‍ക്കു മാത്രമേ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ പെര്‍ഫോം ചെയ്യാനും പരിക്കുകളേല്‍ക്കാതെ പിടിച്ചുനില്‍ക്കാനും സാധിക്കുകയുള്ളൂ. അതിനാല്‍ കളിക്കാരെല്ലാം ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധയാണ് ഇപ്പോള്‍ പുലര്‍ത്തുന്നത്.

അതിശയിപ്പിക്കുന്ന ഫിറ്റ്‌നസുള്ള നിരവധി പേരെ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ നമുക്കു കാണാന്‍ സാധിക്കും. കഠിനാധ്വാനവും ആത്മസമര്‍പ്പണവുമാണ് അവരെ ഇതു നേടിയെടുക്കാന്‍ സഹായിച്ചത്. കരിയറിന്റെ തുടക്കകാലത്തു അത്ര ഫിറ്റല്ലാതിരുന്ന, തടിച്ചതും മെലിഞ്ഞതുമായ ശരീരപ്രകൃതമുള്ള ചില താരങ്ങള്‍ ഞെട്ടിക്കുന്ന തരത്തില്‍ തങ്ങളുടെ ശരീത്തെ ഉടച്ചുവാര്‍ത്തിട്ടുണ്ട്. അത്തരത്തിലുള്ള താരങ്ങളെ അറിയാം.
ഇംഗ്ലണ്ടിന്റെ മുന്‍ പേസര്‍ ക്രിസ് ട്രെംലെറ്റാണ് ആദ്യത്തെയാള്‍. നേരത്തേ അത്ര മികച്ച ശരീരമായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ അടുത്തിടെ തന്റെ പുതിയ ലുക്ക് ആരാധകരുമായി ട്രെംലെറ്റ് പങ്കുവച്ചിരുന്നു. വലിയ മസിലുകളോടെ ഭീമാകാരനായ ഒരു വ്യക്തിയായാണ് താരത്തെ ചിത്രത്തില്‍ കാണാന്‍ സാധിക്കുക.
മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. നേരത്തേ തടിച്ച ശരീരപ്രകൃതമുള്ള, അത്ര ഫിറ്റല്ലാത്ത താരമായിരുന്നു അദ്ദേഹം. പക്ഷെ ഇപ്പോള്‍ മികച്ച ഫിറ്റ്നസ് നേടിയെടുത്ത കോലി സിക്‌സ് പാക്ക് ശരീരവുമായി ലോകത്തെ അദ്ഭുതപ്പെടുത്തുകുയാണ്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കായിക താരങ്ങളില്‍ ഒരാളായി കോലി മാറിക്കഴിഞ്ഞു. ക്രിക്കറ്റ് കഴിഞ്ഞാല്‍ അദ്ദേഹം കൂടുതല്‍ സമയവും ചെലവഴിക്കുന്നത് സ്വന്തം ജിമ്മിലാണ്.
യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ് ഫിറ്റ്‌നസുയര്‍ത്തി അടിമുടി മാറിയ അടുത്തയാള്‍. നേരത്തേ മെലിഞ്ഞുനീണ്ട ശരീരപ്രകൃതമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മസിലുകളെല്ലാം പെരുപ്പിച്ച് തന്റെ ശരീരത്തെ ഗെയ്ല്‍ മിനുക്കിയെടുത്തിരിക്കുകയാണ്. കളിക്കളത്തില്‍ വളരെ അനായാസം ബൗളര്‍മാരെ അടിച്ചുപറത്താന്‍ അദ്ദേഹത്തെ സഹായിക്കുന്നത് ഈ ഫിറ്റ്‌നസ് മികവ് തന്നെയാണ്.

ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണയാണ് നാലാമത്തെ താരം. മിസ്റ്ററി സ്പിന്നറെന്നാണ് ക്രിക്കറ്റ് ലോകത്തു അദ്ദേഹം അറിയപ്പെടുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ് തീക്ഷണ തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് കൂടുതല്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്. അണ്ടര്‍ 19 തലത്തില്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ശരീരഭാരം 117 കിഗ്രമായിരുന്നു.
അമിതവണ്ണവും ഫിറ്റ്‌നസില്ലായ്മയും കാരണം തീക്ഷണ യോ-യോ ടെസ്റ്റുകള്‍ പരാജയപ്പെടുന്നതും പതിവായിരുന്നു. ഈ കാരണം കൊണ്ട് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും അദ്ദേഹത്തിനു ആ സമയങ്ങളില്‍ ടീമില്‍ ഇടം ലഭിച്ചില്ല. ഇതോടെ ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധിച്ച തീക്ഷണ ശരീരഭാരം വളരെയധികം കുറയ്ക്കുകയും പിന്നീട് ലങ്കന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയും ചെയ്യുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്തും ഈ ലിസ്റ്റിലുണ്ട്. നേരത്തേ അദ്ദേഹം മികച്ച ഫിറ്റ്‌നസുള്ള താരമായിരുന്നെങ്കിലും ശരീരം കരുത്തുറ്റതായിരുന്നില്ല. എന്നാല്‍ ഒത്തുകളി വിവാദത്തില്‍ കുരുങ്ങി വിലക്ക് വന്നതോടെ ശ്രീ അഭിനയത്തിലും റിയാലിറ്റി ഷോകളിലുമെല്ലാം കൂടുതല്‍ സജീവമായി മാറി. ഈ സമയത്താണ് അദ്ദേഹം തന്റെ ശരീരത്തെയും സിക്‌സ് പായ്ക്കിലേക്കു മാറ്റിയെടുത്തത്. ജിമ്മില്‍ നിന്നുള്ള ശ്രീയുടെ ഒരു ഫോട്ടോ നേരത്തേ ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.