ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹം തുലാസില്‍ നില്‍ക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലുമേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ അനായാസം തൂത്തുവാരുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പക്ഷെ നേരെ തിരിച്ചാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പരമ്പരയില്‍ കിവികള്‍ ഇന്ത്യയെ തൂത്തുവാരാന്‍ പോവുകയാണ്. അടുത്ത ടെസ്റ്റും തോറ്റാല്‍ ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യക്കു തീക്കളിയായി മാറും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ നാലെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഫൈനല്‍ സാധ്യതയുള്ളൂ. ഇന്ത്യയുടെ നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഇതിനുള്ള സാധ്യത തീരെ കുറവുമാണ്.
ഡബ്ല്യുടിസി ഫൈനലിലേക്കു ഇന്ത്യന്‍ ടീം യോഗ്യത നേടിയില്ലെങ്കില്‍ ടെസ്റ്റ് ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ ഇന്ത്യ നടത്തിയേ തീരൂ. ഈ ഫോര്‍മാറ്റില്‍ ടീമിനു ബാധ്യതയായി മാറിയിരിക്കുന്ന ചില താരങ്ങളെ ഒഴിവാക്കേണ്ടതും പ്രധാനമാണ്. ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യ പുറത്താക്കേണ്ട താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

വിരാട് കോലി
ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും ആദ്യം പുറത്തു പോവേണ്ടയാള്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്. അദ്ദേഹത്തിന്റെ കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നാണ് സമീപകാലത്തെ ദയനീയ പ്രകടനങ്ങള്‍ തെളിയിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരേ രണ്ടു ടെസ്റ്റുകളിലെ നാലു ഇന്നിങ്‌സുകളിലായി വെറും 88 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലെ 70 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ കോലിക്കു എടുത്തു കാണിക്കാന്‍ മികച്ചൊരു പ്രകടനം പോലുമില്ല.
ഒട്ടും ആത്മവിശ്വാസത്തിലല്ല കോലി ഇപ്പോള്‍ കാണപ്പെടുന്നത്. പ്രത്യേകിച്ചും സ്പിന്നര്‍മാര്‍ക്കെതിരേ എന്തു ചെയ്യണമെന്നു പോലും ധാരണയില്ലാതെയാണ് അദ്ദേഹം ബാറ്റ് ചെയുന്നത്. പഴയ മാച്ച് വിന്നിങ് പ്രകടനങ്ങളുടെ പേരില്‍ കോലിക്കു ഇനിയും അവസങ്ങള്‍ നല്‍കേണ്ടതില്ല. പകരം പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്.
രോഹിത് ശര്‍മ
ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മയും ടീമിനു ഇപ്പോള്‍ അധികപ്പറ്റായി മാറിയിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരേ ആദ്യ രണ്ടു ടെസ്റ്റുകളില്‍ നാലിന്നിങ്‌സുകളിലായി വെറും 62 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി ഒഴിച്ചു നിര്‍ത്തിയാല്‍ ഹിറ്റ്മാന്‍ തികഞ്ഞ പരാജയമാണ്.
കോലിയെപ്പോലെ രോഹിത്തും കരിയറിന്റെ അവസാനത്തില്‍ എത്തിരിക്കുകയാണ്. ഡബ്ല്യുടിസി ഫൈനലിനു യോഗ്യത ലഭിച്ചില്ലെങ്കില്‍ അദ്ദേഹത്തെ ടീമിനു ആവശ്യമില്ല. ടെസ്റ്റ് ടീമില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കി പകരം റുതുരാജ് ഗെയ്ക്വാദിനെയോ, അഭിമന്യു ഈശ്വരനെയോ ഇന്ത്യ ഈ റോള്‍ ഏല്‍പ്പിക്കണം.

ആര്‍ അശ്വിന്‍
വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും തെറിക്കേണ്ട മൂന്നാമത്തെ താരം. ന്യൂസിലാന്‍ഡിനെതിരേ ബാറ്റിങില്‍ രണ്ടിന്നിങ്‌സുകളില്‍ നിന്നും 64ഉം ബൗളിങില്‍ ആറും വിക്കറ്റുകളാണ് അദ്ദേഹത്തിനു വീഴ്ത്താനായത്. ബംഗ്ലാദേശുമായുള്ള തൊട്ടുമുമ്പത്തെ പരമ്പരയില്‍ സെഞ്ച്വറിയടക്കം നേടിയ താരമാണ് അശ്വിന്‍.
പക്ഷെ അദ്ദേഹം ഇപ്പോള്‍ 38ാം വയസ്സിലേക്കു കടന്നിരിക്കുകയാണ്. അതുകൊണ്ടു തന്നെ അശ്വിനു ഒരു പകരക്കാരനെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ട സമയമായിരിക്കുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മികച്ച പ്രകടനങ്ങള്‍ നടത്തുന്ന തനുഷ് കോട്ടിയാന്‍ ഈ റോളിലേക്കു അനുയോജ്യനായ താരമാണ്.
മുഹമ്മദ് സിറാജ്
ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യ ഒഴിവാക്കേണ്ട മറ്റൊരാള്‍. അദ്ദേഹത്തിന്റെ ബൗളിങിനു ഇപ്പോള്‍ പഴയ മൂര്‍ച്ചയില്ലെന്നു കാണാം. ന്യൂസിലാന്‍ഡിനെതിരേ ആദ്യ ടെസ്റ്റില്‍ രണ്ടു വിക്കറ്റ് മാത്രമെടുത്ത സിറാജിനെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒഴിവാക്കുകയായിരുന്നു. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയിലും അദ്ദേഹം നിറം മങ്ങിയിരുന്നു.
ടെസ്റ്റ് ടീമില്‍ ഇപ്പോള്‍ സിറാജ് സ്ഥാനം പോലും അര്‍ഹിക്കുന്നില്ല. ഫോം വീണ്ടെടുക്കാന്‍ അദ്ദേഹം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കണം. അവിടെ തിളങ്ങാനായാല്‍ മാത്രം സിറാജിനെ ടീമിലേക്കു തിരികെ വിളിക്കുകയും ചെയ്യാം.