ലോക ക്രിക്കറ്റിലെ റണ്‍വേട്ടക്കാരായ ക്യാപ്റ്റന്‍മാരില്‍ ടോപ്പ് ഫൈവിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത അഞ്ചാമത്തെ ക്യാപ്റ്റനായി കോലി മാറി. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയം സ്മിത്തിനെയാണ് അദ്ദേഹം പിന്തള്ളിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ കോലി 66 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതോടൈയാണ് എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹം അഞ്ചാമനായത്. 41 റണ്‍സായിരുന്നു സ്മിത്തിനെ മറികടക്കാന്‍ കോലിക്കു വേണ്ടിയിരുന്നത്. നേരത്തേ 150 ഏകദിനങ്ങളില്‍ നിന്നും 5416 റണ്‍സോടെയായിരുന്നു സ്മിത്ത് അഞ്ചാമതുണ്ടായിരുന്നത്.

ഇപ്പോള്‍ 5420 റണ്‍സുമായാണ് കോലി അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (8497 റണ്‍സ്), ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണി (6641), ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളെമിങ് (6295), ശ്രീലങ്കയുടെ അര്‍ജുന രണതുംഗ (5608) എന്നിവരാണ് ഇനി കോലിക്കു മുന്നിലുള്ളത്.
ആദ്യ അഞ്ചു പേരുടെ ബാറ്റിങ് ശരാശരിയെടുത്താല്‍ കോലിയാണ് കിങ്. മറ്റുള്ളവരൊന്നും അദ്ദേഹത്തിന്റെ അരികില്‍ പോലുമെത്തി. 74 ശരാശരിയിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 5000 റണ്‍സ് തികച്ചത്. ധോണി (54) മാത്രമാണ് 50ന് മുകളില്‍ ശരാശരിയുള്ള മറ്റൊരു ക്യാപ്റ്റന്‍. പോണ്ടിങ് (43), ഫ്‌ളെമിങ് (33), രണതുംഗ (38) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ ശരാശരി.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിക്കു വേണ്ടിയുള്ള കോലിയുടെ കാത്തിരിപ്പ് നീളുകയാണ്. 2019ല്‍ ബംഗ്ലാദേശിനെതിരേ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായിട്ടില്ല. 2020-21ലായി തുടര്‍ച്ചയായി നാലു ഇന്നിങ്‌സുകളില്‍ ഫിഫ്റ്റിയടിച്ചിട്ടും കോലിക്കു ഇവയിലൊന്നു പോലും സെഞ്ച്വറിയാക്കി മാറ്റാന്‍ കഴിഞ്ഞില്ല.
79 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോലി രണ്ടാം ഏകദിനത്തില്‍ 66 റണ്‍സ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 336 റണ്‍സെന്ന വമ്പന് ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞു. സെഞ്ച്വറിയുമായി കെഎല്‍ രാഹുലാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു ചുക്കാന്‍ പിടിച്ചത്. 114 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 108 റണ്‍സ് രാഹുല്‍ നേടി. റിഷഭ് പന്താണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 40 ബോളില്‍ ഏഴു സിക്‌സറും മൂന്നു ബൗണ്ടറികളുമടക്കം പന്ത് 77 റണ്‍സ് വാരിക്കൂട്ടി. ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിങ്‌സും ഇന്ത്യക്കു തുണയായി. കേവലം 16 ബോളില്‍ നാലു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം ഹാര്‍ദിക് 35 റണ്‍സ് നേടിയിരുന്നു.