2024 കടന്ന് പോകാനൊരുങ്ങുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ശേഷിക്കുന്നത്. ഇത്തവണ വാശിയേറിയ പോരാട്ടങ്ങളാണ് ക്രിക്കറ്റ് മൈതാനങ്ങളില്‍ കാണാനായത്. ടി20യില്‍ ഇന്ത്യ കിരീടം നേടിയത് ഉള്‍പ്പെടെ അഭിമാനിക്കാവുന്നതും ആവേശം നല്‍കുന്നതുമായ നിരവധി നിമിഷങ്ങള്‍ ഇത്തവണ ക്രിക്കറ്റ് കളത്തില്‍ കാണാനായി. പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനത്തോടെ ഈ വര്‍ഷം മിന്നിക്കുന്നതും കാണാനായി. അപ്രതീക്ഷിതമായി ചില താരങ്ങള്‍ കസറുന്നതും ഇത്തവണ കാണാനായി.
എന്നാല്‍ പ്രമുഖരായ പല താരങ്ങളും നിരാശപ്പെടുത്തിയെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോലിയും രോഹിത് ശര്‍മയും സ്റ്റീവ് സ്മിത്തുമൊന്നും പ്രതീക്ഷിച്ച നിലവാരം ടെസ്റ്റില്‍ കാട്ടിയിട്ടില്ല. ഈ വര്‍ഷത്തെ ഫ്‌ളോപ്പ് ടെസ്റ്റ് 11 പരിശോധിച്ചാല്‍ ആരൊക്കെയാവും അതില്‍ ഉള്‍പ്പെടുക? പരിശോധിക്കാം.
രോഹിത് ശര്‍മ, ടോം ലാദം ഓപ്പണിങ്
ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും ടോം ലാദത്തേയും പരിഗണിക്കാം. രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനാണ്. ടോം ലാദം കിവീസ് ടെസ്റ്റ് ടീമിന്റേയും നായകനാണ്. സമീപകാലത്തായി ലാദത്തിന് കീഴില്‍ മികച്ച പ്രകടനമാണ് കിവീസ് നടത്തിയത്. ഇന്ത്യയെ ഇന്ത്യയില്‍ വൈറ്റ് വാഷ് ചെയ്യുന്ന നായകനായി മാറാന്‍ ലാദത്തിനായി. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ലോക തോല്‍വിയായിരുന്നു. ഓപ്പണര്‍ റോളില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി.
രോഹിത് ശര്‍മക്കും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. ടെസ്റ്റിലെ രോഹിത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഓസ്‌ട്രേലിയയിലും ഫ്‌ളോപ്പായ രോഹിത്തിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കാനുള്ള സാധ്യതപോലും നിലനില്‍ക്കുകയാണ്. നിലവില്‍ മികവിനൊത്ത പ്രകടനമല്ല രോഹിത് ശര്‍മ കാഴ്ചവെക്കുന്നത്.
ഉസ്മാന്‍ ഖ്വാജ, സ്റ്റീവ് സ്മിത്ത്, വിരാട് കോലി
മൂന്നാം നമ്പറില്‍ ഉസ്മാന്‍ ഖ്വാജക്കാണ് സ്ഥാനം. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഈ വര്‍ഷം പ്രതീക്ഷക്കൊത്തുയരാന്‍ ഖ്വാജക്ക് സാധിച്ചിട്ടില്ല. നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലും ഖ്വാജ നിരാശപ്പെടുത്തുകയാണ്. സ്റ്റീവ് സ്മിത്ത് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാണ്. ജൂനിയര്‍ ബ്രാഡ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്മിത്ത് ഗാബയില്‍ സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റ് പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു.
സ്മിത്തിന്റെ ശരാശരിയും പിന്നോട്ട് പോയിരിക്കുകയാണ്. ക്ലാസിക് ശൈലിയില്‍ സ്ഥിരതയോടെ മിന്നിക്കുന്ന സ്മിത്തിന് ഇപ്പോള്‍ തട്ടകത്തില്‍ പോലും ശോഭിക്കാന്‍ സാധിച്ചിട്ടില്ല. വിരാട് കോലി ദുരന്തമാവുകയാണ്. ഇന്ത്യയുടെ മുന്‍ നായകനും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിക്ക് ഈ വര്‍ഷം നിരാശയുടേതാണ്. ബാറ്റ്‌സ്മാനെന്ന നിലയിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഇതുവരെയുള്ള മികവിന്റെ വില കളയുന്നതാണെന്ന് പറയാം.

ഒലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ഷക്കീബ് അല്‍ ഹസന്‍
ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഒലി പോപ്പ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന പോപ്പ് സ്ഥിരതയോടെ മിന്നിച്ചിരുന്ന താരമാണെങ്കിലും ഇത്തവണ നിരാശപ്പെടുത്തി. ഇംഗ്ലണ്ട് നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ബെന്‍ സ്‌റ്റോക്‌സിനും മികവ് കാട്ടാന്‍ സാധിക്കാതെ പോയി. ക്യാപ്റ്റനായും ബാറ്റ്‌സ്മാനായുമെല്ലാം സ്റ്റോക്‌സ് നിരാശപ്പെടുത്തുകയാണ്. പരിക്കും താരത്തെ കാര്യമായി ബാധിച്ചിരുന്നു.
ബംഗ്ലാദേശ് സ്പിന്നറായ ഷക്കീബ് അല്‍ ഹസനും ഇത്തവണ നിരാശപ്പെടുത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷക്കീബ് ദുരന്തമായി മാറിയെന്നതാണ് വസ്തുത. ഷക്കീബിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായതിനാല്‍ ടീമില്‍ നിന്നടക്കം തഴഞ്ഞിരിക്കുകയാണ്. മോശം പെരുമാറ്റത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ഷക്കീബ്.
മുഹമ്മദ് സിറാജ്, ടിം സൗത്തി, നതാന്‍ ലിയോണ്‍
ഒമ്പതാം നമ്പറില്‍ മുഹമ്മദ് സിറാജിനാണ് അവസരം. ഇന്ത്യക്കൊപ്പം മിന്നിച്ചിരുന്ന സിറാജിന് ഇപ്പോള്‍ പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. നിലവില്‍ സിറാജ് ഓസ്‌ട്രേലിയന്‍ പരമ്പര കളിക്കുകയാണ്. ന്യൂസീലന്‍ഡ് മുന്‍ ടെസ്റ്റ് നായകനായ ടിം സൗത്തിയും നിരാശപ്പെടുത്തിയ വര്‍ഷമാണിത്. ഇപ്പോള്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ സ്പിന്നറായ നതാന്‍ ലിയോണും നിറം മങ്ങി. ഇന്ത്യക്കെതിരായ പരമ്പരയിലും താരത്തിന് മികവ് കാട്ടാനായിട്ടില്ല.