
12 വര്‍ഷങ്ങള്‍ക്കു മുമ്പ് ബംഗ്ലാദേശിലെ ദാംബുല്ലയില്‍ വച്ച് കോലി- അക്തര്‍ പോരിനു ലോകം സാക്ഷിയാവേണ്ടതായിരുന്നു. എന്നാല്‍ മുന്‍ പാക് സ്റ്റാര്‍ സ്പിന്നര്‍ സഈദ് അജ്മല്‍ ഈ അപൂര്‍വ്വ മുഹൂര്‍ത്തം ക്രിക്കറ്റ് ലോകത്തിനു നിഷേധിക്കുകയായിരുന്നു. കോലിയെ അജ്മല്‍ പുറത്താക്കിയതോടെയാണ് ഈ ഗ്ലാമര്‍ പോരാട്ടം ലോകത്തിനു നഷ്ടമായത്. അക്തര്‍ ബൗള്‍ ചെയ്യാനെത്തും മുമ്പ് തന്നെ അന്നു കോലി ക്രീസ് വിടുകയായിരുന്നു.

2010ലെ ഏഷ്യാ കപ്പിലായിരുന്നു ചിരവൈരികളായ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത്. കോലി ഇന്ത്യന്‍ ടീമിന്റെയും അക്തര്‍ പാക് ടീമിന്റെയും ഭാഗമായിരുന്നു. അന്നു അക്തറിനെതിരേ തനിക്കു കളിക്കാന്‍ അവസരം ലഭിക്കാതെ പോയതിനെക്കുറിച്ചു വിരാട് കോലി പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു. 2017ല്‍ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന ഷോയിലായിരുന്നു ഇത്.

ഞാനൊരിക്കലും ഷുഐബ് അക്തറിനെ നേരിട്ടിട്ടില്ല. പക്ഷെ ദാംബുള്ളയില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരത്തിനിടെ ഞാന്‍ അദ്ദേഹത്തിന്റെ പ്രകടനം നേരില്‍ കണ്ടിരുന്നു. ഞാന്‍ അന്നു ഔട്ടായതിനാല്‍ അക്തറിനെ നേരിടാന്‍ അവസരം ലഭിച്ചില്ല. കരിയറിന്റെ അവസാന കാലത്തു പോലും വളരെ അപകടകാരിയായാണ് അക്തര്‍ കാണപ്പെട്ടത്. കരിയറിന്റെ ഏറ്റവും മികച്ച ഫോമിലായിരുന്നപ്പോള്‍ അദ്ദേഹത്തെ നേരിടാന്‍ ബാറ്റര്‍മാര്‍ ആഗ്രഹിച്ചിരുന്നില്ലെന്നു തനിക്കു തോന്നിയിട്ടുണ്ടെന്നും കോലി പറഞ്ഞിരുന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വിരാട് കോലി അന്നു പറഞ്ഞതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഷുഐബ് അക്തര്‍. ഐപിഎല്ലിന്റെ ഭാഗമായുള്ള ഒരു ചര്‍ച്ചയിലായിരുന്നു റാവല്‍പിണ്ടി എക്‌സ്പ്രസ് ഇക്കാര്യം പറഞ്ഞത്. വിരാട് കോലി നല്ലൊരു വ്യക്തിയും വലിയൊരു ക്രിക്കറ്ററുമാണ്. വലിയ താരങ്ങളില്‍ നിന്നും വലിയ വാക്കുകള്‍ മാത്രമേ നമ്മള്‍ പ്രതീക്ഷിക്കൂ. അതിനു ഞാന്‍ അദ്ദേഹത്തോടു നന്ദി പറയുന്നു. പക്ഷെ ഞാന്‍ വിരാട് കോലിക്കെതിരേ കളിച്ചിരുന്നെങ്കില്‍ അദ്ദേഹം ഇത്രയും റണ്‍സെടുക്കില്ലായിരുന്നു.

പക്ഷെ കോലി എത്ര റണ്‍സെടുത്താലും അത് ഗംഭീരമാവുമായിരുന്നു, അതിനായി അദ്ദേഹത്തിനു നന്നായി പ്രയത്‌നിക്കേണ്ടി വരികയും ചെയ്യുമായിരുന്നു. 50 സെഞ്ച്വറികള്‍ കോലി നേടില്ലായിരുന്നു. പരമാവധി 20-25 സെഞ്ച്വറികള്‍ വരെയെത്താം. പക്ഷെ അവ ധീരമായ സെഞ്ച്വറികളാവുമായിരുന്നു. കോലിയുടെ ഏറ്റവും മികച്ചത് താന്‍ പുറത്തെടുക്കുമായിരുന്നുവെന്നും ഷുഐബ് അക്തര്‍ വിശദമാക്കി.

നിലവില്‍ 458 അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും 70 സെഞ്ച്വറികളും 122 ഫിഫ്റ്റികളുമടക്കം 23,650 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം. ലോക ക്രിക്കറ്റില്‍ നിലവിലെ ഏഴാമത്തെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. കൂടാതെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച മൂന്നാമത്തെ റണ്‍വേട്ടക്കാരനുമാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (34,357 റണ്‍സ്), രാഹുല്‍ ദ്രാവിഡ് (24,208 റണ്‍സ്) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്.


Click it and Unblock the Notifications











