അന്താരാഷ്ട്ര ക്രിക്കറ്റിനോടു ഉടനെയൊന്നും വിട പറയാന്‍ താന്‍ തയ്യാറല്ലെന്നു തെളിയിച്ചുകൊണ്ട് ബാറ്റിങില്‍ പുതിയ ചില 'ആയുധങ്ങളുമായി' ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് ഇതിഹാസ താരം വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു.
ആദ്യ ടെസ്റ്റിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ടെസ്റ്റുകളിലെ ശേഷിച്ച ഇന്നിങ്‌സുകളില്ലൊം കോലി ഫ്‌ളോപ്പായി മാറി. ഇതു മാതമല്ല ഈ പരമ്പരയിലെ ഏഴിന്നിങ്‌സുകളിലും അദ്ദേഹം ഒരേ രീതിയിലാണ് പുറത്താവുകയും ചെയ്തത്. ഓസീസ് പേസര്‍മാര്‍ ഓഫ്‌സ്റ്റംപിന് പുറത്തൊരുക്കിയ കെണിയില്‍ കോലി വീണ്ടും വീണ്ടും വീണു കൊണ്ടേയിരുന്നു.
ഇതോടെ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞെന്നും കളി നിര്‍ത്തണമെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ മുറവിളിയും ഉയര്‍ന്നു. പക്ഷെ അങ്ങനെയൊന്നും കളി മതിയാക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയാണ് കോലി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഇതിനായി ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗറുടെ സഹായവും അദ്ദേഹം തേടിയിരിക്കുകയാണ്.

ബാംഗറുടെ കീഴില്‍ പരിശീലനം
രോഹിത് ശര്‍മയ്ക്കു പിന്നാലെ ഫോം വീണ്ടെടുക്കാന്‍ ആഭ്യന്തര ക്രിക്കറ്റിലും വിരാട് കോലി കളിക്കാനൊരുങ്ങുകയാണ്. ഈ മാസം 30ന് തുടങ്ങുന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ ഡല്‍ഹിക്കായി കളിക്കുമെന്നു അദ്ദേഹം അറിയിച്ചു കഴിഞ്ഞു. അതിനു ശേഷം ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയും പിന്നാലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയുമെല്ലാം വരാനിരിക്കുകയാണ്.
എന്നാല്‍ കോലിയെ സംബന്ധിച്ച് ഏറ്റവും വലിയ അഗ്നിപരീക്ഷ ജൂണില്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയായിരിക്കും. ഈ പര്യടനം മുന്നില്‍ കണ്ടാണ് ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായ സഞ്ജയ് ബാംഗറുടെ മേല്‍നോട്ടത്തില്‍ അദ്ദേഹം ബാറ്റിങ് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു കോലിക്കു പ്രത്യേകമായൊരു ലക്ഷ്യം കൂടിയുണ്ട്.
ബാക്ക് ഫൂട്ട് ഗെയിം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് കോലി ഈ പരിശീലനത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മുംബൈയില്‍ വച്ചാണ് ബാംഗറുടെ കീഴില്‍ കോലിയുടെ ബാറ്റിങ് പരിശീലനമെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ടിലുള്ളത്. ബാറ്റിങില്‍ താന്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ചില ദൗര്‍ബല്യങ്ങള്‍ മറികടക്കാന്‍ ബാംഗറുടെ നിര്‍ദേശങ്ങള്‍ സഹായിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.
റിഷഭടക്കം 3 പേര്‍ രോഹിത്തിന് വേണ്ടപ്പെട്ടവര്‍!! സഞ്ജുവിനു 'പുല്ലുവില', അറിയാമോ കാരണം?
എന്തുകൊണ്ട് ബാംഗര്‍?
സഞ്ജയ് ബാംഗറുടെ കീഴില്‍ തന്നെ വിരാട് കോലി ഇപ്പോള്‍ ബാറ്റിങ് പരിശീലനം നടത്താന്‍ ഒരു പ്രത്യേക കാരണം കൂടിയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍മഴ പെയ്യിച്ച് അദ്ദേഹം വിലസിയ സുവര്‍ണകാലത്തു ദേശീയ ടീമിന്റെ ബാറ്റിങ് കോച്ചായിരുന്നു ബാംഗര്‍. തന്റെ പഴയ പ്രതാപത്തിലേക്കു മടങ്ങിപ്പോവാന്‍ ബാംഗര്‍ സഹായിക്കുമെന്നു കോലിക്കു ഉറച്ച വിശ്വാസവുമുണ്ട്.

ഇതു മാത്രമല്ല ഐപിഎല്ലില്‍ അദ്ദേഹം നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ക്യാപ്റ്റായിരിക്കെ അവരുടെ കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാരണങ്ങളാല്‍ തന്നെ ഇരുവര്‍ക്കുമിടയില്‍ വലിയ സൗഹൃദവുമുണ്ട്. ഇപ്പോളത്തെ ഈ മോശം സമയത്തു നിന്നും തന്നെ കരകയറ്റാന്‍ ബാംഗറേക്കാള്‍ മികച്ചൊരാളെ ലഭിക്കില്ലെന്നാണ് കോലി കരുതുന്നത്. അതുകൊണ്ടു തന്നെ മുന്‍ കോച്ചിനെ വീണ്ടും അദ്ദേഹം സഹായത്തിനായി ഒപ്പം കൂട്ടുകയായിരുന്നു.
വീക്ക്‌നെസ് മറികടക്കണം
സ്വന്തം ബാക്ക്ഫൂട്ട് ഗെയിം ശക്തിപ്പെടുത്തുകയെന്നതാണ് ഇപ്പോള്‍ വിരാട് കോലിയുടെ പ്രധാന ലക്ഷ്യം. ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ഉയര്‍ന്ന ബോളുകളില്‍ എഡ്ജായി ക്യാച്ചാവുന്നതിനു പകരം ഇവയെ സമര്‍ഥമായി ബാക്ക്ഫൂട്ടില്‍ കളിച്ച് റണ്‍സ് അടിച്ചെടുക്കാനാണ് കോലിയുടെ പ്ലാന്‍. അദ്ദേഹം ഫ്രണ്ട് ഫൂട്ടില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. നേരത്തേ കോലി കൂടുതലായും കളിച്ചിരുന്നതും ഈ തരത്തിലുള്ള ഷോട്ടുകളായിരുന്നു.
പക്ഷെ ബാക്ക് ഫൂട്ട് ഗെയിം കൂടി കൂടുതല്‍ മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ കരിയര്‍ മുന്നോട്ടു കൊണ്ടു പോവാനാവൂയെന്നു അദ്ദേഹം ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. കൂടാതെ സ്‌ക്വയര്‍ ഓഫ് ദി വിക്കറ്റ് ഏരിയയില്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന് ഷോട്ടുകള്‍ കളിക്കാനും അദ്ദേഹം കഠിന പരിശീലനം നടത്തിക്കൊണ്ടിരിക്കുകയാണ്.
ബാക്ക്ഫൂട്ടിലെ ഗെയിം മെച്ചപ്പെടുത്തിയാല്‍ ഇപ്പോഴത്തെ വീക്ക്‌നെസുകള്‍ മറികടക്കാനും വലിയ സ്‌കോറുകളും കുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചേക്കും. 36ാം വയസ്സിലെത്തിയിട്ടും മോശം ഫോമിന്റെ പേരില്‍ കളി നിര്‍ത്താന്‍ കോലി തയ്യാറല്ല. പകരം തന്റെ വീക്ക്‌നെസുകള്‍ പരിഹരിച്ച് ഇനിയും മുന്നോട്ടു പോവാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നു ഇപ്പോഴത്തെ പരിശീലന രീതികളില്‍ നിന്നും വ്യക്തമാണ്.