ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ വിരാട് കോലിയുടെ സ്ഥാനം. വളരെ അഗ്രസീവായി ടീമിനെ നയിച്ച അദ്ദേഹം വിദേശത്തും ഇന്ത്യക്കു അവിസ്മരണീയ വിജയങ്ങള്‍ നേടിത്തന്നിട്ടുള്ള നായകന്‍ കൂടിയാണ്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പോയി തകര്‍ത്ത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര ഇന്ത്യക്കു നേടിത്തന്ന ആദ്യ ക്യാപ്റ്റനുമാണ് കോലി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അഗ്രസീവ് ക്യാപ്റ്റന്‍സി ശൈലിയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ സ്പിന്നര്‍ കരണ്‍ ശര്‍മ.
2022ലാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കോലിയൊഴിഞ്ഞത്. ഇതിനിടെ 68 ടെസ്റ്റുകളില്‍ ടീമിനെ നയിച്ച അദ്ദേഹം 42 വിജയങ്ങള്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. 58.82 എന്ന മികച്ച വിജയ ശതമാനത്തോടെയാണിത്. ടെസ്റ്റില്‍ ഇന്ത്യക്കു ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള ക്യാപ്റ്റനും കൂടിയാണ് കോലി.
അദ്ദേഹം ക്യാപ്റ്റനായി വന്നതോടെയാണ് ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിനു കൂടുതല്‍ പ്രാധാന്യം കൈവരികയും താരങ്ങളുടെ യോ-യോ ടെസ്റ്റ് നിര്‍ബന്ധമാക്കുകയും ചെയ്തത്. കോലിക്കു കീഴില്‍ ഒരു സമയത്തു വിദേശത്തു ടെസ്റ്റുകള്‍ ജയിക്കുന്നത് ഇന്ത്യ ശീലമാക്കുകയും ചെയ്തിരുന്നു.

2014 ഡിസംബറിലാണ് ടെസ്റ്റ് ക്യാപ്റ്റനായി അദ്ദേഹം അരങ്ങേറിയത്. 2014-15ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലൂടെയായിരുന്നു ഇത്. സ്ഥിരം ക്യാപ്റ്റനായിരുന്ന എംഎസ് ധോണി കൈവിരലിലെ പരിക്കു കാരണം പിന്‍മാറിയതോടെ കോലിക്കു ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയായിരുന്നു. അഡ്‌ലെയ്ഡിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഈ ടെസ്റ്റ് നടന്നത്. ഇതേ മല്‍സരത്തിലൂടെ അരങ്ങേറിയ താരമാണ് കരണ്‍ ശര്‍മ.
നായകനായുള്ള ആദ്യ ടെസ്റ്റില്‍ ഗംഭീര പ്രകടനമാണ് കോലി നടത്തിയത്. രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറി കുറിക്കാനും അദ്ദേഹത്തിനായിരുന്നു. അവസാന ദിവസം 363 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു മുന്നില്‍ വച്ചതെങ്കിലും ഇതു ചേസ് ചെയ്യാമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു കോലിയെന്നു കരണ്‍ പറയുന്നു. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് അരങ്ങേറ്റമെന്നത് എല്ലായ്‌പ്പോഴും സ്‌പെഷ്യല്‍ തന്നെയാണ്. വളരെ കുറച്ചു പേര്‍ക്കു മാത്രമേ ഇത്തരമൊരു തുടക്കം ലഭിക്കുകയുള്ളൂവെന്നും താരം വ്യക്തമാക്കി.

ഇന്ത്യന്‍ ടീം ഡ്രസിങ് റൂമിന്റെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. രവി ശാസ്ത്രിയായിരുന്നു അന്നു ടീമിന്റെ കോച്ച്. 300ന് മുകളില്‍ റണ്‍സാണ് ഞങ്ങള്‍ ചേസ് ചെയ്തത്. സമനില വേണ്ടെന്ന നിലപാടിലായിരുന്നു വിരാട് കോലി. നമ്മള്‍ ഇതു ചേസ് ചെയ്യാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രസിങ് റൂമില്‍ താരങ്ങള്‍ക്കിടയില്‍ ഇതു ഒരുപാട് പോസിറ്റീവ് ഇംപാക്ടുണ്ടാക്കിയതായും കരണ്‍ വ്യക്തമാക്കി. മനോജ് കല്‍റയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു താരം.
അതു വളരെ വ്യത്യസ്തമായ സമീപനമായിരുന്നു. വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ക്കു വ്യത്യസ്തമായ സമീപനങ്ങളുണ്ടാവും. ആ ടെസ്റ്റിന്റെ നാലാമിന്നിങ്‌സില്‍ 300ന് മുകളില്‍ സ്‌കോര്‍ നമ്മള്‍ ചേസ് ചെയ്യുമെന്നു വിരാട് കോലി പറഞ്ഞതിനു ശേഷം ഞങ്ങളെല്ലാം വലിയ ആവേശത്തിലായിരുന്നു. നിങ്ങളുടെ ക്യാപ്റ്റനു വ്യത്യസ്തമായ പ്ലാനുകളാണ് ഉള്ളതെന്ന സൂചന കൂടിയാണ് ഇതു ഡ്രസിങ് റൂമിലുള്ള കളിക്കാര്‍ക്ക് നല്‍കുന്നതെന്നും കരണ്‍ പറഞ്ഞു.