ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി തുടര്‍ച്ചയായി രണ്ടു സീസണുകളിലും പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരമാണ് ബെംഗളൂരുവില്‍ നടന്ന ബിസിസിഐയുടെ വര്‍ണാഭമായ ചടങ്ങില്‍ കോലിക്കു സമ്മാനിച്ചത്. 2016-17, 2017-18 സീസണുകളിലെ മികച്ച ഇന്ത്യന്‍ താരമായാണ് കോലി തിരഞ്ഞെടുക്കപ്പെട്ടത്.

2016-17 സീസണില്‍ 74 ശരാശരിയില്‍ 13 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നും 1332 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും താരം കസറി. 27 മല്‍സരങ്ങളില്‍ നിന്നും 84.22 ശരാശരിയില്‍ 1516 റണ്‍സ് കോലി അടിച്ചെടുത്തു. തൊട്ടടുത്ത സീസണില്‍ ഇതിനേക്കാള്‍ ഗംഭീരമായിരുന്നു കോലിയുടെ പ്രകടനം. ആറു ടെസ്റ്റുകളില്‍ നിന്നും 89.6 ശരാശരിയില്‍ 986 റണ്‍സെടുത്ത അദ്ദേഹത്തിന്റെ ഏകദിനത്തിലെ ബാറ്റിങ് ശരാശരി 75 ആയിരുന്നു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പമെത്തിയാണ് കോലി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

രാജ്യത്തെ മികച്ച വനിതാ ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡ് രണ്ടു സീസണുകളില്‍ രണ്ടു പേര്‍ക്കാണ് ലഭിച്ചത്. 2016-17ലെ മികച്ച താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 2017-18 സീസണിലെ മികച്ച താരം സ്മൃതി മന്ദാനയാണ്. ഇവര്‍ക്കും ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങള്‍ക്കുള്ള അവാര്‍ഡ് ജലജ് സക്‌സേന, പര്‍വേസ് റസൂല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കു ലഭിച്ചു. ഇന്ത്യക്കെതിരേ ടെസ്റ്റ് മല്‍സരം കളിക്കാനെത്തിയ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമും ബിസിസിഐയുടെ ക്ഷണത്തെ തുടര്‍ന്ന് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു.