ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ മിന്നുന്ന വിജയത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു വമ്പന്‍ റെക്കോര്‍ഡ്. നാട്ടില്‍ ഇന്ത്യക്കു ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അദ്ദേഹം. മുന്‍ ഇതിഹാസ നായകന് എംഎസ് ധോണിയെയാണ് കോലി പിന്നിലാക്കിയത്. കോലിക്കു കീഴില്‍ നാട്ടില്‍ ഇന്ത്യയുട 22ാം ടെസ്റ്റ് വിജയമായിരുന്നു ഇത്. ഈ മല്‍സരത്തിനു മുമ്പ് 21 വിജയങ്ങളുമായി ധോണിക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അദ്ദേഹം.
ധോണിയേക്കാള്‍ കുറച്ചു ടെസ്റ്റുകളില്‍ നിന്നാണ് നേട്ടമെന്നത് കോലിയുടെ റെക്കോര്‍ഡിന് മാറ്റ്കൂട്ടുന്നു. ധോണിക്കു കീഴില്‍ 30 ടെസ്റ്റുകളില്‍ 21 എണ്ണമാണ് നാട്ടില്‍ ഇന്ത്യ ജയിച്ചത്. എന്നാല്‍ 29 ടെസ്റ്റുകളില്‍ 22ലും ഇന്ത്യയെ വിജയിപ്പിക്കാന്‍ കോലിക്കു കഴിഞ്ഞു.
അഹമ്മദാബാദിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയാണ് ഇന്ത്യ സ്വന്തമാക്കിയത്. വെറും രണ്ടു ദിവസം കൊണ്ട് മല്‍സരം അവസാനിച്ചിരുന്നു. രണ്ടാംദിനം 49 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ ഇന്നിങ്സില്‍ 33 റണ്‍സിന്റെ നേരിയ ലീഡ് മാത്രമേ ഇന്ത്യക്കു ലഭിച്ചിരുന്നുള്ളൂ.
എന്നാല്‍ രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിനെ 81 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടാക്കി. അഞ്ചു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ആര് അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. രണ്ടിന്നിങ്സുകളിലായി 11 വിക്കറ്റുകള്‍ കൊയ്ത അക്ഷറാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യ ഇന്നിങ്സില്‍ താരം ആറു പേരെ പുറത്താക്കിയിരുന്നു.