മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്ന്. ഇന്ത്യയുടെ മുന്‍ ഓപ്പണറും ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീറിന്റെ വരവ് ഇന്ത്യന്‍ ടീമില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. കര്‍ക്കശ സ്വഭാവക്കാരനാണെങ്കിലും രാജ്യത്തിന്റെ വിജയം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നയാളാണ് ഗംഭീര്‍.
കൂടാതെ യുവതാരങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നയാളാണ് ഗംഭീര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉപദേഷ്ടാവ് സ്ഥാനം ഉപേക്ഷിച്ചാണ് ഗംഭീര്‍ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്കെത്തുന്നത്. ഗംഭീറിന്റെ വരവിന് പിന്നാലെ തന്നെ ഇന്ത്യന്‍ ടീമില്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് സീനിയര്‍ താരങ്ങളില്‍ ചിലരെ ബിസിസി ഐ ഇത് അറിയിച്ചില്ലെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസവും ഇന്ത്യയുടെ സൂപ്പര്‍ താരവുമാണ്. കോലിയെ അറിയിക്കാതെയാണ് ഗംഭീറിനെ പരിശീലകനാക്കിയത്. നേരത്തെ ഐപിഎല്ലിനിടെ പല തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയവരാണ് കോലിയും ഗംഭീറും. രണ്ട് പേരും തമ്മില്‍ മികച്ച ബന്ധനമല്ലുള്ളത്. അതുകൊണ്ടുതന്നെ ഗംഭീറിനെ പരിശീലകനാക്കുന്നതിന് മുമ്പ് കോലിയോട് അഭിപ്രായം ചോദിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. തന്നോട് മറച്ചുവെച്ച് ഇത്തരമൊരു നീക്കം നടത്തിയതില്‍ കോലിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ട് നേരത്തെ മുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിരുന്നില്ല. വളരെ വൈകിയാണ് ഇക്കാര്യത്തില്‍ ബിസിസി ഐ തീരുമാനമെടുത്തത്. ഗംഭീര്‍ പരിശീലകനാവുന്നതിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരോട് മാത്രമാണ് ബിസിസി ഐ ഇക്കാര്യം സൂചിപ്പിച്ചത്. ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത ടി20 നായകനാവാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ്.

അതുകൊണ്ടാണ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനോട് ഗംഭീറിന്റെ വരവ് അറിയിച്ചത്. രോഹിത് ശര്‍മ നിലവില്‍ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ നായകനാണ്. അതുകൊണ്ടാണ് ഗംഭീറിന്റെ വരവ് രോഹിത്തിനേയും അറിയിച്ചത്. എന്നാല്‍ സീനിയര്‍ താരമാണെങ്കിലും കോലിക്ക് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ ഔദ്യോഗികമായ ഉത്തരവാദിത്തങ്ങളില്ല. അതുകൊണ്ടാവാം കോലിയോട് അഭിപ്രായം ചോദിക്കാതിരുന്നത്.
ബിസിസി ഐ സമീപകാലത്തായി കോലിയെ വളരെയധികം പിന്തുണക്കുന്ന സമീപനമല്ല സ്വീകരിച്ചിരിക്കുന്നത്. കോലിയെ നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയതിലടക്കം ബിസിസി ഐയുടെ കൃത്യമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ കോലി നായകനായിരുന്നപ്പോള്‍ ഇന്ത്യന്‍ ടീമിലെ എല്ലാ കാര്യത്തിലും കോലി അമിതമായി ഇടപെടല്‍ നടത്തിയിരുന്നു. അനില്‍ കുംബ്ലെയെന്ന പരിശീലകന്‍ കര്‍ക്കശക്കാരനായതോടെ കോലി ഇടപെട്ട് അദ്ദേഹത്തെ നീക്കി.
പിന്നീട് രവി ശാസ്ത്രിയെ കൊണ്ടുവന്നു. ഇതിന് പിന്നിലും കോലിയുടെ ഇടപെടലായിരുന്നു. എന്നാല്‍ സൗരവ് ഗാംഗുലി ബിസിസി ഐ പ്രസിഡന്റായിരിക്കവെ കോലിയെ നായകസ്ഥാനത്ത് നിന്നടക്കം മാറ്റുകയായിരുന്നു. ഗംഭീര്‍ മുഖ്യ പരിശീലകനാവുമ്പോള്‍ കോലിക്ക് കൂടുതല്‍ പണി കിട്ടാനാണ് സാധ്യത. കോലിയുമായി ഗംഭീറിന് മികച്ച ബന്ധമല്ല ഉള്ളത്. അതുകൊണ്ടുതന്നെ ഗംഭീറിന് കീഴില്‍ കോലിയെത്തുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്.
അതിന്റെ ആദ്യ സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്തായാലും കോലിയുമായുള്ള ഗംഭീറിന്റെ ബന്ധം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ട് പേരും തമ്മില്‍ ഉടക്കിയാല്‍ ഇന്ത്യന്‍ ടീമിനെയത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കോലിയെ മെരുക്കുകയെന്നതാണ് ഗംഭീറിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലായാല്‍ ഇന്ത്യന്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്യുമെന്നുറപ്പ്.