
ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. കോലി ഒരു മികച്ച ക്യാപ്റ്റനായി തനിക്കു തോന്നിയിട്ടില്ലെന്നു തുറന്നടിച്ച അദ്ദേഹം ഇതിനുള്ള കാരണങ്ങളും നിരത്തിയിരിക്കുകയാണ്. ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുമെന്നു കോലി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോകകപ്പിനു ശേഷം ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയേക്കുമെന്നാണ് വിവരം. രണ്ടു ഫോര്‍മാറ്റുകളിലും രോഹിത് ശര്‍മ ക്യാപ്റ്റനാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡാനിഷ് കനേരിയ 261 എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് കോലിയുടെ ക്യാപ്റ്റന്‍സിയുടെ പോരായ്മകളെക്കുറിച്ച് കനേരിയ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിന് ഒരുപാട് കാരണങ്ങളുണ്ട്. ആദ്യത്തേത് ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണ്. നായകനെന്ന നിലയില്‍ അദ്ദേഹം പരാജയമാണ്. ന്യൂസിലാന്‍ഡിനെതിരേ ഈ വര്‍ഷം നടന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കോലിയുടെ ടീം സെലക്ഷന്‍ തെറ്റായിരുന്നു. ഓസ്‌ട്രേലിയയില്‍ അദ്ദേഹം ടീമിനൊപ്പമുള്ളതു വരെ ഇന്ത്യ തോറ്റു. കോലി നാട്ടിലേക്കു മടങ്ങിയ ശേഷം അജിങ്ക്യ രഹാനെ ക്യാപ്റ്റനാവുകയും ടീമിനെ വിജയത്തിലേക്കു നയിക്കുകയും ചെയ്തു.

വിരാട് കോലി ഒരു വലിയ താരമാണെന്നതില്‍ സംശയമില്ല, പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന് അത്ര കഴിവുള്ളതായി എനിക്കു തോന്നിയിട്ടില്ല. കോലി ഒരുപാട് അഗ്രസീവായി പെരുമാറുന്നയാളാണ്, പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ തീരുമാനങ്ങളെടുക്കാനുള്ള ശേഷി അദ്ദേഹത്തില്‍ ഇല്ലെന്നും കനേരിയ വിലയികുത്തി.
ഈ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പതനത്തിന് മറ്റു കാരണക്കാര്‍ മുഖ്യ കോച്ച് രവി ശാസ്ത്രി, ഉപദേശകന്‍ എംഎസ് ധോണി എന്നിവരടങ്ങുന്ന ടീം മാനേജ്‌മെന്റാണെന്നും കനേരിയ തുറന്നടിച്ചു. രവി ശാസ്ത്രി അപ്രത്യക്ഷനായതു പോലെയാണ് ഈ ലോകകപ്പില്‍ തോന്നിയത്. എന്റെ സമയം കഴിഞ്ഞു, ഈ ലോകകപ്പ് ടീമിനൊപ്പം എന്റെ അവസാനത്തേതാണ് എന്ന മനോഭാവത്തോടെയാണ് അദ്ദേഹമിരിക്കുന്നത്. ലോകകപ്പ് കഴിഞ്ഞാല്‍ കോച്ച് സ്ഥാനത്തു താനുണ്ടാവില്ലെന്നും ശാസ്ത്രിക്കറിയാം. അതുകൊണ്ടു തന്നെ എന്തു സംഭവിച്ചാലും തനിക്കു കുഴപ്പമില്ലെന്നും താന്‍ ഒഴിയുകയാണല്ലോയെന്ന തരത്തിലുമാണ് അദ്ദേഹത്തിന്റെ സമീപനം.

എംഎസ് ധോണിയെ ഒരുപാട് ഞാന്‍ കുറ്റപ്പെടുത്തില്ല. കാരണം അദ്ദേഹം ടീമിനൊപ്പം ഇപ്പോള്‍ ചേര്‍ന്നതേയുള്ളൂ. അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ ഭാഗമാണെന്നതു യാഥാര്‍ഥ്യമാണ്. ക്രിക്കറ്റെന്നത് 11 കളിക്കാരും ടീം മാനേജ്‌മെന്റും ഉള്‍പ്പെട്ടതാണ്. അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇതൊരു വ്യക്തിഗത കായിക മല്‍സരമല്ല, മറിച്ച് ടീം സ്‌പോര്‍ട്ടാണ്, അതിനാല്‍ തന്നെ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കനേരിയ വിശദമാക്കി.
ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ രോഹിത് ശര്‍മയ്ക്കു പകരം ഇഷാന്‍ കിഷനെ ഇന്ത്യയുടെ ഓപ്പണറാക്കിയ തീരുമാനത്തെയും കനേരിയ വിമര്‍ശിച്ചു. കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡ് കളിയിലുടനീളം ഇന്ത്യയേക്കാള്‍ മുകളിലായിരുന്നു. അവര്‍ക്കു വേണ്ടി എല്ലാവരും നന്നായി പെര്‍ഫോം ചെയ്തു. പക്ഷെ ഇന്ത്യ ഒരു വലിയ തെറ്റ് വരുത്തി. ഓപ്പണിങ് സഖ്യത്തെ അവര്‍ മാറ്റാന്‍ പാടില്ലായിരുന്നു. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം തന്നെ ഓപ്പണ്‍ ചെയ്യണമായിരുന്നു. ഇഷാനെ ഇന്ത്യക്കു കളിപ്പിക്കാമായിരുന്നു. ഞാനും അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുക തന്നെ ചെയ്യും, പക്ഷെ അത് ഹാര്‍ദിക് പാണ്ഡ്യയുടെ പൊസിഷനില്‍ ആയിരിക്കുമെന്നും കനേരിയ നിരീക്ഷിച്ചു. ഈ ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ ടീം ഏറെക്കുറെ പുറത്തായിക്കഴിഞ്ഞതായും ടൂര്‍ണമെന്റിന്റെ ആവേശവും രസവുമാണ് ഇന്ത്യയില്ലാതാവുന്നതോടെ നഷ്ടപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.