മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വാനോളം പുകഴ്ത്തി ടീമംഗവും മധ്യനിര ബാറ്റ്‌സ്മാനുമായ ശ്രേയസ് അയ്യര്‍. റണ്‍സിനോടുള്ള കോലിയുടെ അടങ്ങാത്ത ദാഹവും കളിയോടുള്ള പാഷനും അദ്ഭുതപ്പെടുത്തുന്നതാണെന്ന് നിശ്ചിത ഓവര്‍ ടീമിലെ പുതിയ നാലാം നമ്പറിന് അവകാശി കൂടിയായ ശ്രേയസ് ചൂണ്ടിക്കാട്ടി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഡല്‍ഹിയുടെ ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോലിയെ ശ്രേയസ് പ്രശംസ കൊണ്ട് മൂടിയത്.
ടീമിലെ എല്ലാ യുവതാരങ്ങളുടെയും റോള്‍ മോഡല്‍ കൂടിയാണ് കോലി. അരങ്ങേറ്റ മല്‍സരത്തില്‍ കളിക്കുന്നതിന്റെ അതേ ആവേശത്തോടെയാണ് കോലി ഓരോ മല്‍സരത്തിലും ഇറങ്ങുന്നത്. ശരിക്കുമൊരു സിംഹത്തെപ്പോലെയാണ് കോലി. അദ്ദേഹത്തിന്റെ ഊര്‍ജം ഒരിക്കലും കുറയാറില്ലെന്നും ശ്രേയസ് വിശദമാക്കി.

നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനാണ് കോലി. ടെസ്റ്റില്‍ അദ്ദേഹം രണ്ടാമതുമുണ്ട്. അന്താരാഷ്ട്ര ടി20യിലെ ഓള്‍ ടൈം റണ്‍സ്‌കോററും കോലി തന്നെ. മൂന്നു ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ലോകത്തിലെ ഏക ബാറ്റ്‌സ്മാനെന്ന നേട്ടത്തിന് അവകാശിയാണ് ഇന്ത്യന്‍ നായകന്‍.
2008ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ അദ്ദേഹത്തിന്റെ വളര്‍ച്ച പിന്നീട് അവിശ്വസനീയമാം വിധം വേഗത്തിലായിരുന്നു. തുടക്കത്തില്‍ ഫിറ്റ്‌നസിലൊന്നും അത്ര ശ്രദ്ധിക്കാതിരുന്ന കോലി പിന്നീട് ഫിറ്റ്‌നസില്‍ ടീമിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ മാതൃകയായിരുന്നു. നിലവില്‍ കായിക ലോകത്തി ഏറ്റവും ഫിറ്റ്‌നസുള്ള താരങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് കോലി കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാക്കി അദ്ദേഹം മാറ്റിക്കഴിഞ്ഞു. നായകനെന്ന നിലയില്‍ ചില അപൂര്‍വ്വ നേട്ടങ്ങളും കോലിയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റ് പരമ്പര സമ്മാനിച്ച ഏക ക്യാപ്റ്റനാണ് അദ്ദേഹം. കോലിക്കു കീഴില്‍ തുടര്‍ച്ചയായി 42 ആഴ്ചകള്‍ ഇന്ത്യ ഐസിസിയുടെ ടെസ്റ്റ് റാങ്കിങില്‍ ഒന്നാം നമ്പര്‍ ടീമെന്ന പദവി അലങ്കരിച്ചിരുന്നു. അടുത്തിടെയാണ് ഓസ്‌ട്രേലിയ ഇതു തട്ടിയെടുത്തത്.