ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയെ പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. 100 അന്താരാഷ്ട്ര സെഞ്ച്വകളെന്ന ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ലോക റെക്കോര്‍ഡിനൊപ്പം കോലിക്കു എത്താന്‍ സാധിക്കുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് ചൂണ്ടിക്കാട്ടി.
ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര ലീഗ് ടി20യുടെ രണ്ടാം സീസണില്‍ കമന്ററി പറയാന്‍ എത്തിയപ്പോള്‍ എഎന്‍ഐയുമായി സംസാരിക്കുകയായിരുന്നു അക്തര്‍. വിരാട് കോലി മല്‍സരബുദ്ധിയുള്ള ക്രിക്കറ്ററാണെന്നു ഷുഐബ് അക്തര്‍ പറയുന്നു. താനുള്‍പ്പെടെയുള്ളവരുടെ കാലഘട്ടത്തിലാണ് കളിച്ചിരുന്നതെങ്കതില്‍ കോലി ബുദ്ധിമുട്ടുകള്‍ നേരിടുമായിരുന്നു

പക്ഷെ ഇപ്പോഴത്തേതു പോലെ അന്നും അദ്ദേഹം റണ്‍സ് സ്‌കോര്‍ ചെയ്യുമായിരുന്നു. ഞങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുകയും ചെയ്യുമായിരുന്നു. എനിക്കെതിരേ റണ്‍സ് നേടാനും വിരാടിനു കഴിഞ്ഞേക്കും. പക്ഷെ വസീം അക്രമിനെതിരേ കളിക്കുക വിരാടിനു എളുപ്പമായിരിക്കില്ല.
വിരാട് എപ്പോഴും വിരാട് തന്നെയാണ്. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്ററാണ് അദ്ദേഹം. രണ്ടു കാലഘട്ടങ്ങളും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ല. വിരാടിനു എന്റെ അഭിവാദ്യങ്ങള്‍, അദ്ദേഹം 100 സെഞ്ച്വറികള്‍ നേടണമെന്നു താന്‍ ആഗ്രഹിക്കുന്നതായും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
1990-2000 കാലഘട്ടത്തില്‍ ഐസിസി ടൂര്‍ണമെന്റുകളിലും ദ്വിരാഷ്ട്ര, ത്രിരാഷ്ട്ര ടൂര്‍ണമെന്റുകളിലുമടക്കം പല തവണ സച്ചിനും അക്തറും മുഖാമുഖം വന്നിട്ടുണ്ട്. അന്നത്തെ കാലഘട്ടത്തിലേതിനേക്കാള്‍ റണ്‍സെടുക്കുക ഇപ്പോള്‍ എളുപ്പമാണെന്നാണ് അക്തര്‍ പറയുന്നത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
ആ സമയത്തു ബോള്‍ നന്നായി റിവേഴ്‌സ് സ്വിങ് ചെയ്യാറുണ്ടായിരുന്നു. മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച ചില ബൗളര്‍ക്കെതിരേയാണ് അദ്ദേഹം അന്നു കളിച്ചത്. കൂടാതെ അന്നു ഒരു സര്‍ക്കിള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നുപയോഗിച്ചിരുന്ന ബാറ്റുകളും വ്യത്യസ്തമായിരുന്നു. ഈ കാലഘട്ടത്തില്‍ കളിച്ചാല്‍ ഒരുപാട് റണ്‍സ് സച്ചിന്‍ സ്‌കോര്‍ ചെയ്യുമായിരുന്നു. എക്കാലത്തെയും മികച്ചയാള്‍ അദ്ദേഹമാണെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനിടെ 49 സെഞ്ച്വറികളെന്ന സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത കോലി 50ാം സെഞ്ച്വറിയുമായി ചരിത്രം കുറിച്ചിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇത്. അതിനു മുമ്പ് മുംബൈയിലെ വാംഖഡെയില്‍ വച്ച് സൗത്താഫ്രിയ്‌ക്കെതിരേയായിരുന്നു 49 സെഞ്ച്വറികളെന്ന സച്ചിന്റെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം കോലിയെത്തിയത്.

ലോകകപ്പില്‍ എക്കാലത്തെയും വലിയ റണ്‍വേട്ടയുമായി സച്ചിന്റെ റെക്കോര്‍ഡുള്‍പ്പെടെ കോലി പഴങ്കഥയാക്കിയെങ്കിലും കിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായില്ല. തുടര്‍ച്ചയായി 10 വിജയങ്ങളുമായി മുന്നേറിയ ഇന്ത്യക്കു ഫൈനലില്‍ കാലിടറുകയായിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ ഓസ്‌ട്രേിയയോടു പൊരുതാന്‍ പോലുമാവാതെയാണ് രോഹിത് ശര്‍മയും സംഘവും കീഴടങ്ങിയത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് കൈയെത്തുംദൂരത്തു ഇന്ത്യക്കു കിരീടം നഷ്ടമാക്കിയത്.
അഫ്ഗാനിസ്താനെതിരേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് കോലിയെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആദ്യ കളിയില്‍ നിന്നും വിട്ടുനിന്ന അദ്ദേഹം അടുത്ത രണ്ടു മല്‍സരങ്ങളിലും കളിക്കുകയും ചെയ്തിരുന്നു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് കോലി അടുത്തതായി കളിക്കാനിറങ്ങുക. 25 മുതല്‍ ഹൈദരാബദിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്.