ഇന്ത്യന്‍ ടീം ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളുമായ വിരാട് കോലി വെജിറ്റേറിയനാണെന്നത് പരസ്യമായ കാര്യമാണ്. തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം ഇതു തന്നെയാണെന്നു അദ്ദേഹം പല തവണ തുറന്നു പറയുകയും ചെയ്തിരുന്നു. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള കായിക താരങ്ങളിലൊരാള്‍ കൂടിയാണ് കോലി. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായുള്ള ഒരു ചോദ്യോത്തര സെഷനില്‍ സ്വന്തം ആഹാരക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനു പിന്നാലെ ട്രോളുകള്‍ക്കു ഇരയായിരിക്കുകയാണ് കോലി. വെജിറ്റേറിയനാണെന്നു പറഞ്ഞിട്ടും മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലാണ് അദ്ദേഹത്തെ പലരും ട്രോളുന്നത്.

നിങ്ങളുടെ ആഹാരക്രമം എങ്ങനെയാണെന്നായിരുന്നു ചോദ്യം. ഇതിനു കോലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു- ഒരുപാട് പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, രണ്ടു കപ്പ് കോഫി, ചോറ്, ക്വിന്‍വ, ഒരുപാട് ചീര, ദോശയും ഇഷ്ടമാണ്. പക്ഷെ എല്ലാം നിയന്ത്രിത അളവില്‍ മാത്രം.
കോലിയുടെ ഈ മറുപടിയാണ് പലരും ട്രോളിന് ഇരയാക്കിയത്. നേരത്തേ വെജിറ്റേറിയനാണെന്നു അവകാശപ്പെട്ട കോലി പിന്നെയെന്തു കൊണ്ട് മുട്ട കഴിക്കുന്നുവെന്നതാണ് പലരുടെയും സംശയം. മുട്ട കഴിക്കുന്ന സസ്യാഹാരപ്രിയന്‍
കോലിയെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ പരിഹസിച്ചത്. അപ്പോള്‍ കോലി മുട്ട കഴിക്കുന്ന വെജിറ്റേറിയനാണെന്നു മറ്റൊരു യൂസറും കളിയാക്കി. ഭക്ഷണക്രമത്തില്‍ മുട്ടയുമുണ്ടെന്നു സസ്യാഹാര പ്രിയനായ വിരാട് കോലി വെളിപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
താന്‍ സസ്യാഹാരപ്രിയനാണെന്നായിരുന്നു വിരാട് കോലി അവകാശപ്പെട്ടത്. എന്നാല്‍ ആഹാരക്രമത്തില്‍ മുട്ടയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അതാണ് തന്നെ അസ്വസ്ഥയാക്കുന്നതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു. ഞാന്‍ കരുതിയത് വിരാട് കോലി സസ്യാഹാര പ്രിയനാണെന്നായിരുന്നു, പക്ഷെ തന്റെ ഭക്ഷണക്രമത്തില്‍ മുട്ടയെയും കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിരിക്കുകയാണെന്ന് ഒരു യൂസര്‍ കുറിച്ചു. മുട്ട മാംസാഹാരത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നു സസ്യാഹാരപ്രിയനായ കോലി സ്ഥിരീകരിച്ചിരിക്കുകയാണ്, രാജാവേ നിങ്ങള്‍ക്കാണ് കൂടുതല്‍ കരുത്തെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.
അതേസമയം, താന്‍ വെജിറ്റേറിയനാവാന്‍ കാരണം കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിന്റെ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സനുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ കോലി വെളിപ്പെടുത്തിയിരുന്നു. എന്റെ കഴുത്തിന് താഴെ നട്ടെല്ലിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു, ഇതു കാരണം എന്റെ ചെറുവിരലിനു ചെറിയ തരിപ്പ് അനുഭവപ്പെടുകയും ചെയ്തിരുന്നു. ഇതു കാരണം ബാറ്റ് ചെയ്യുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടു. 2018ല്‍ സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റിന്റെ സമയത്തായിരുന്നു ഇതു സംഭവിച്ചത്.
മാത്രമല്ല, എന്റെ വയറില്‍ ഇത് അസിഡിറ്റിയുണ്ടാക്കി. യൂറിക് ആസിഡിന്റെ തോത് ഉയരുകയും ചെയ്തു. എന്റെ വയറ് എല്ലുകളില്‍ നിന്നും കാല്‍സ്യം വലിച്ചെടുക്കാന്‍ തുടങ്ങിയത് നട്ടെല്ലിലെ പ്രശ്‌നങ്ങള്‍ക്കു ഇടയാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നു എനിക്കു മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വന്നു, ഇപ്പോള്‍ മുമ്പത്തേക്കാള്‍ വളരെയധികം സുഖം തോന്നുന്നുണ്ടെന്നും കോലി വെളിപ്പെടുത്തിയിരുന്നു.