ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെയധികം ആഘോഷിക്കപ്പെടുന്ന രണ്ടു വമ്പന്‍ താരങ്ങളാണ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും റണ്‍മെഷീന്‍ വിരാട് കോലിയും. രാജ്യത്തിനു ഇരുവരും നല്‍കിയിട്ടുള്ള സംഭാവനകള്‍ എല്ലാ കാലവും ഓര്‍മിക്കപ്പെടുകയും ചെയ്യും. ക്യാപ്റ്റന്‍സി മിടുക്കും ഫിനിഷിങ് പാടവവും വിക്കറ്റ് കീപ്പിങിലെ ചടുലതുമാണ് ധോണിയെ ഇതിഹാസമാക്കി മാറ്റുന്നത്.
കോലിയാവട്ടെ എക്കാലത്തെയും മഹാന്‍മാരായ ബാറ്റര്‍മാരുടെ ലിസ്റ്റില്‍ തന്റെ പേരും ഇതിനകം ചേര്‍ത്തുകഴിഞ്ഞു. പക്ഷെ ധോണിയുമായി താരതമ്യം ചെയ്യുമ്പോള്‍ അതിനേക്കാള്‍ വലിയ സ്റ്റാര്‍ കോലിയാണെന്നു പറയേണ്ടി വരും. ഇതിനു പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

എല്ലാ ഫോര്‍മാറ്റുകളിലും നടത്തിയിട്ടുള്ള സ്ഥിരതയാര്‍ന്ന പ്രകടനമാണ് ആദ്യത്തെ കാരണം. മൂന്നു ഫോര്‍മാറ്റുകളിലും 50നു മുകളില്‍ ശരാശരിയുള്ള ഒരേയൊരു താരം കോലിയാണ്. ഏതു തരത്തിലുള്ള സാഹചര്യവുമായി പൊരുത്തപ്പെടാനും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനും അദ്ദേഹത്തിനു എല്ലായ്‌പ്പോഴും സാധിച്ചിട്ടുമുണ്ടെന്നു കാണാം. പക്ഷെ ബാറ്റിങില്‍ ഒരിക്കലും കോലിയുടെ ലെവലിലേക്കുയരാന്‍ ധോണിക്കായിട്ടില്ല.
സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമാണ് കോലിയെ ബെസ്റ്റാക്കുന്ന രണ്ടാമത്തെ കാരണം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുകയും ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ എല്ലായ്‌പ്പോഴും പങ്കുവയ്ക്കുകയും ചെയ്യാറുള്ള വ്യക്തിയാണ് അദ്ദേഹം. ലക്ഷക്കണക്കിനു ഫോളോവേഴ്‌സാണാണ് ഇന്‍സ്റ്റഗ്രാമുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ കോലിക്കുള്ളത്. ഇതുവഴി കോടികള്‍ അദ്ദേഹം സമ്പാദിക്കുകയും ചെയ്യുന്നുണ്ട്.
ബ്രാന്‍ഡ് വാല്യുവാണ് മൂന്നാമത്തെ കാരണം. ആരാധകര്‍ക്കിടയിലുള്ള സ്വീകാര്യത കാരണം വമ്പന്‍ ബ്രാന്‍ഡുകള്‍ക്കെല്ലാം പ്രിയങ്കരനാണ് കോലി. പ്യൂമ, ഔഡി, എംആര്‍എഫ് തുടങ്ങി നിരവധി വലിയ ബ്രാന്‍ഡുകളുമായി അദ്ദേഹത്തിനു കരാറുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള പല വലിയ കമ്പനികളുടെയും ബ്രാന്‍ഡ് അംബാസഡറും കൂടിയാണ് കോലി.
ഫിറ്റ്‌നസും ജീവിതരീതിയുമാണ് ധോണിയേള്‍ ഒരു പടി മുന്നിലേക്കു കോലിയെ എത്തിക്കുന്ന മറ്റൊരു ഘടകം. അസാധാരണ ഫിറ്റ്‌നസ് നിലവാരം കൊണ്ട് ലോകത്തെ അദ്ദേഹം അദ്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റര്‍മാരുടെ പോലും വഴികാട്ടിയായി കോലി മാറിയിട്ടുണ്ട്. കായിക താരങ്ങളെ മാത്രമല്ല യുവ തലമുറയെയും ഫിറ്റ്‌നസില്‍ പ്രചോദിപ്പിക്കാന്‍ കോലിക്കു സാധിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ആഗോള തലത്തിലുള്ള സ്വീകാര്യതയാണ് കോലിയുടെ മറ്റൊരു പ്ലസ് പോയിന്റ്. ക്രിക്കറ്റര്‍മാര്‍ മത്രമല്ല മറ്റു കായിക ഇനങ്ങളിലെ പ്രധാന താരങ്ങള്‍ പോലും ആരാധിക്കുന്ന ക്രിക്കറ്ററെന്ന നിലയിലേക്കു കോലി വളര്‍ന്നുകഴിഞ്ഞു. ലോകകപ്പുള്‍പ്പെടെയുള്ള ഐസിസി ടൂര്‍ണമെന്റുകളിലെ മിന്നുന്ന പ്രകടനങ്ങളാണ് ആഗോള തലത്തില്‍ അദ്ദേഹത്തിന്റെ താരമൂല്യം വാനോളമുയര്‍ത്തിയത്.
യൂത്ത് ഐക്കണ്‍ ആണെന്നതാണ് കോലിയെ കിങായി മാറ്റുന്ന മറ്റൊരു പ്രധാനപ്പെട്ട കാരണം. ഒരു സാധാരണ മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്നും എത്തിയ ശേഷമാണ് അദ്ദേഹം ലോകം മുഴുവന്‍ ആരാധിക്കുന്ന ക്രിക്കറ്ററായി ഇപ്പോള്‍ മാറിയിരിക്കുന്നത്. കഠിനാധ്വാനത്തിലൂടെ ഏതു സ്വപ്‌നവും നേടിയെടുക്കാന്‍ കഴിയുമെന്നാണ് കോലി കാണിച്ചു തരുന്നത്. ഇതു പുതുതലമുറയെ കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നതായി നിസംശയം പറയാം.