കോലി അമ്പതിലൊന്നും നിര്‍ത്തില്ല; ഏകദിനത്തില്‍ 100 സെഞ്ച്വറിയടിക്കുമെന്ന് മുന്‍ ക്യാപ്റ്റന്‍

ദില്ലി: സെഞ്ച്വറി നേടുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കുന്നത് കാത്തുനില്‍ക്കുകയാണ് ആരാധകര്‍. ഏകദിനത്തില്‍ 49 സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ അടുത്തെത്താന്‍ വിരാട് കോലിക്ക് ഇനി 10 സെഞ്ച്വറികള്‍കൂടി മതിയാകും. കഴിഞ്ഞദിവസം ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ 39-ാം ശതകമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തികച്ചത്.
സച്ചിന്‍ 463 മത്സരങ്ങളില്‍നിന്നും 49 സെഞ്ച്വറികള്‍ നേടിയപ്പോള്‍ കേവലം 218 മത്സരങ്ങളില്‍നിന്നും വിരാട് കോലി 39 സെഞ്ച്വറികള്‍ നേടിക്കഴിഞ്ഞു. ഈ നിലയില്‍ കായികക്ഷമതയോടെ കളിക്കാന്‍ കഴിഞ്ഞാല്‍ കോലിക്ക് 100 സെഞ്ച്വറികള്‍ നേടാന്‍ കഴിയുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ പറയുന്നത്. കോലിയുടെ സ്ഥിരത അതിശയിപ്പിക്കുന്നതാണെന്നും താരം പറഞ്ഞു.
ഇത് ധോണിയുടെ ക്ലാസിക് ഇന്നിങ്‌സ്; അഡ്‌ലെയ്ഡിലെ ജയത്തെക്കുറിച്ച് വിരാട് കോലി

കോലി 100 സെഞ്ച്വറി നേടും
കോലി ഫിറ്റാണെങ്കില്‍ 100 സെഞ്ച്വറി കടക്കുമെന്നുറപ്പാണ്. കോലി സ്ഥിരതയുടെ കാര്യത്തില്‍ മറ്റെല്ലാ താരങ്ങളെക്കാളും മുകളിലാണ്. കോലി മഹാനായ താരമാണെന്നും അദ്ദേഹം ക്രീസിലുണ്ടാകുമ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും അസറുദ്ദീന്‍ പറഞ്ഞു. ഓസ്‌ട്രേലിയയക്കെതിരായി ധോണി പുറത്തെടുത്ത പ്രകടനത്തെയും മുന്‍ ക്യാപ്റ്റന്‍ പുകഴ്ത്തി.

ധോണിയും തിളങ്ങി
മുന്‍നിര താരങ്ങള്‍ തിളങ്ങുന്നത് ശീലമാക്കിയാല്‍ ഇന്ത്യയ്ക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ ആദ്യ മത്സരത്തില്‍ നമുക്കതിന് സാധിച്ചില്ല. എന്നാല്‍, വിരാട് കോലിക്കൊപ്പം ധോണിയും തിളങ്ങിയതോടെ ജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു. ധോണി വിക്കറ്റ് നഷ്ടമാകാതെ അവസാനം വരെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു. കാര്‍ത്തിക്കും നന്നായാണ് കളിച്ചതെന്നും ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനമാണിതെന്നും അസറുദ്ദീന്‍ വ്യക്തമാക്കി.

ഇന്ത്യയുടെ വിജയം
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം ഇന്ത്യ 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 7 റണ്‍സാണ്. ജേസണ്‍ ബെഹ്രെന്‍ഡ്രോഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സറിന് പറത്തിയതോടെ കളി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. രണ്ടാം പന്തില്‍ സിംഗിളെടുത്ത് ധോണി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. ഇന്ത്യയ്ക്കുവേണ്ടി വിരാട് കോലി(104), എംഎസ് ധോണി(55), രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), ദിനേഷ് കാര്‍ത്തിക്(25), അമ്പാട്ടി റായിഡു(24) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications