
ഇന്ത്യന്‍ സീനിയര്‍ ടീമിനു വേണ്ടി വിരാട് ഒരു ദിവസം കളിക്കുമെന്നു ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാരണം വലിയ സെഞ്ച്വറികള്‍ നേടുന്ന ശീലം അവനു അന്നുമുണ്ടായിരുന്നു. തുടക്കം മുതല്‍ തന്നെ വിരാടിനു ഈ ശീലമുണ്ടായിരുന്നു. ഒരുപാട് റണ്‍സ് അവന്‍ അന്നും അടിച്ചെടുത്തു കൊണ്ടിരുന്നു.
എല്ലാ മികച്ച ടീമുകള്‍ക്കെതിരേയും റണ്ണെടുക്കുന്നുണ്ടെന്നു വിരാട് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. വലിയ ടീമുകള്‍ക്കെതിരേ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ അതു ഇന്ത്യന്‍ സീനിയര്‍ ടീമിലെത്താനുള്ള തന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന ചിന്തയായിരുന്നു വിരാടിനുണ്ടായിരുന്നത്. ഇതു നടക്കുകയാണെങ്കില്‍ ആളുകള്‍ തന്നെക്കുറിച്ച് ചോദിക്കച്ചുകൊണ്ടിരിക്കുമെന്നും അവനു അറിയാമായിരുന്നുവെന്നു പ്രദീപ് സാങ്വാന്‍ വ്യക്തമാക്കി.

ഗ്രൗണ്ടിന് അകത്തായിരിക്കുമ്പോള്‍ ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടുന്ന പ്രകൃതമായിരുന്നു വിരാട് കോലിയുടേത്. ഞാന്‍ മാത്രമേയുള്ളൂ, ഞാന്‍ തന്നെ ജോലി പൂര്‍ത്തിയാക്കണമെന്നായിരുന്നു അവന്‍ വിശ്വസിച്ചിരുന്നത്. ഇവിടുത്തെ രാജാവ് ഞാന്‍ തന്നെയാണ്, എന്റെ ടീമിനു വേണ്ടി ഞാന്‍ ഈ മല്‍സരം വിജയിക്കുമെന്ന ചിന്തയോടെയായിരുന്നു വിരാട് കളിച്ചിരുന്നത്.
പക്ഷെ ഡ്രസിങ് റൂമില്‍ വളരെ രസികനായിരുന്നു അവന്‍. തമാശകള്‍ പറയാന്‍ സാധിക്കുന്ന കൂട്ടുകാരെയാണ് വിരാട് നോക്കാറുള്ളത്. അവരുമായി അവന്‍ തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കും. ടീമിനകത്തെ അന്തരീക്ഷം എല്ലായ്‌പ്പോഴും വളരെ ലൈറ്റായി വിരാട് നിലനിര്‍ത്തും. ഇതു വളരെ പ്രധാനവുമാണ്, കാരണം ചില സമയങ്ങളില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പിരിമുറുക്കമുള്ളതായിരിക്കുമെന്നും പ്രദീപ് സാങ്വാന്‍ കൂട്ടിച്ചേര്‍ത്തു.

വിരാട് കോലിയുടെ അഗ്രസീവായ പെരുമാറ്റം കാരണം ഒരുപാട് ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നു തന്‍മയ് ശ്രീവാസ്തവ പറയുന്നു. മനോഭാവം കാരണം തുടക്കകാലം മുതല്‍ വിരാട് മറ്റുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു. അന്നും ഗ്രൗണ്ടില്‍ നിന്നും മറ്റുള്ളവരുമായി ഏറ്റുമുട്ടാനും ആരെയും നേരിടാനും അവനു മടിയില്ലായിരുന്നു. 2008ല്‍ മികച്ച ടീമായിരുന്നു ഞങ്ങളുടേത്. ഒരുപാട് മാച്ച് വിന്നര്‍മാര്‍ അന്നു ടീമിന്റെ ഭാഗമായിരുന്നുവെന്നും ശ്രീവാസ്ത വ്യക്തമാക്കി.

അണ്ടര്‍ 19 തലത്തില്‍ സോണല്‍ മല്‍സരങ്ങളില്‍ കളിച്ചിരുന്ന കാലം മുതല്‍ വിരാട് കോലിയെ എനിക്കറിയാം. അന്നു നോര്‍ത്ത് സോണും സെന്‍ട്രല്‍ സോണും തമ്മിലൊരു മല്‍സരം നടന്നിരുന്നു. ഇഷാന്ത് ശര്‍മയെപ്പോലെയുള്ള കളിക്കാര്‍ നോര്‍ത്ത് സോണ്‍ ടീമിന്റെ ഭാഗമായിരുന്നു. ഈ മല്‍സരത്തില്‍ ഞാന്‍ സെന്‍ട്രല്‍ സോണിനായി 180 റണ്‍സ് നേടിയപ്പോള്‍ വിരാട് നോര്‍ത്ത് സോണിനായി അടിച്ചെടുത്തത് 190 റണ്‍സായിരുന്നു. അന്നാണ് വിരാടിലെ യഥാര്‍ഥ സ്പിരിറ്റ് ഞാന്‍ നേരില്‍ കണ്ടത്. ഞങ്ങളുടെ ടീമിലെ ബൗളര്‍മാര്‍ അവന്‍ ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രഹരിച്ചിരുന്നുവെന്നും ശ്രീവാസ്തവ ഓര്‍മിക്കുന്നു.

വിരാട് കോലി വളരെ അഗ്രസീവായിരുന്നു. പക്ഷെ പുറമെയുള്ള ആളുകള്‍ പറഞ്ഞിരുന്നത് അവന്റെ മനോഭാവത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നായിരുന്നു. പക്ഷെ വിരാട് പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവന്റെ മനോഭാവം അവരുടെ കണ്ണില്‍ അഗ്രഷന്‍ ആയി മാറി. വിരാട് വലിയ താരമായി മാറിയെന്നു അന്നു പല മുന്‍ താരങ്ങളും പറയാറുണ്ടായിരുന്നു. അവന്റെ സണ്‍ഗ്ലാസ് നോക്കൂ, നടത്തം നോക്കൂയെന്നെല്ലാം പറഞ്ഞ് വിരാടിനെ പലരും പരിഹസിക്കാറുണ്ടായിരുന്നു. സ്‌കോര്‍ ചെയ്യാതെ വന്നപ്പോഴെല്ലാം ആളുകള്‍ അവനുനേരെ വിരല്‍ ചൂണ്ടുകയും ചെയ്തിരുന്നതായും ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications