ആധുനിക ടി20 ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ചവനാര്? ടോപ് ഫൈവിനെ പരിചയപ്പെടാം
മുംബൈ: ഐസിസി ടി20 ലോകകപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്. ലോകകപ്പ് കിരീടം നേടാനായുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതുവരെ ലോകകപ്പ് കിരീടം നേടാന്‍ സാധിക്കാത്ത വിരാട് കോലിയെന്ന ഇന്ത്യന്‍ നായകന് മുന്നിലുള്ള സുവര്‍ണ്ണാവസരം കൂടിയാണിത്. എന്നാല്‍ കെയ്ന്‍ വില്യംസണ്‍,ആരോണ്‍ ഫിഞ്ച്,ബാബര്‍ അസാം തുടങ്ങിയ നായകന്മാരൊക്കെ കോലിക്ക് വെല്ലുവിളി ഉയര്‍ത്തി മുന്നില്‍ത്തന്നെയുണ്ടാവും. ടി20 ലോകകപ്പ് വരാനിരിക്കെ നിലവിലെ ഏറ്റവും മികച്ച അഞ്ച് ടി20 നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഓയിന്‍ മോര്‍ഗന്‍
2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഓയിന്‍ മോര്‍ഗന്‍. ടി20യിലും മോര്‍ഗന്റെ നായക മികവ് എടുത്തു പറയേണ്ടതാണ്. ത്രീലയണ്‍സിനുവേണ്ടി 97 ടി20 മത്സരങ്ങള്‍ കളിച്ച മോര്‍ഗന്‍ 2278 റണ്‍സ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ 54 മത്സരങ്ങളില്‍ നയിച്ച മോര്‍ഗന്‍ 31 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് മോര്‍ഗന്‍. നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ടി20 നായകനും മോര്‍ഗന്‍ തന്നെ.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് പട്ടികയിലെ രണ്ടാമന്‍. ഐപിഎല്ലില്‍ ആര്‍സിബിയെ ഇതുവരെ കിരീടത്തിലേക്കെത്തിക്കാന്‍ കോലിക്ക് സാധിച്ചില്ലെങ്കിലും ദേശീയ ടീമിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 40 ടി20 മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് 24 ജയമാണ് കോലി നേടിക്കൊടുത്തത്. 65.78 ആണ് കോലിയുടെ വിജയ ശരാശരി. ഈ വര്‍ഷം ഒരു ടി20 മത്സരം മാത്രമാണ് ഇന്ത്യ തോറ്റത്.

കെയ്ന്‍ വില്യംസന്‍
ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനാണ് മൂന്നാം സ്ഥാനക്കാരന്‍. 62 ടി20കളില്‍ നിന്ന് 1723 റണ്‍സാണ് അദ്ദേഹം നേടിയത്. 44 ടി20 മത്സരങ്ങളില്‍ ഇതിനോടകം ന്യൂസീലന്‍ഡിനെ നയിക്കാന്‍ വില്യംസനായി. ഇതില്‍ 20 മത്സരങ്ങളിലാണ് അദ്ദേഹം ടീമിനെ വിജയിപ്പിച്ചത്. 2019ലെ ഏകദിന ലോകകപ്പ് റണ്ണറപ്പുകളായിരുന്നു ന്യൂസീലന്‍ഡ്. മുന്നില്‍ നിന്ന് നയിക്കുന്ന നായകനാണ് കെയ്ന്‍ വില്യംസണ്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ്.

ആരോണ്‍ ഫിഞ്ച്
ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് നാലാം സ്ഥാനത്ത്. 66 ടി20കളില്‍ നിന്നായി 2149 റണ്‍സ് അദ്ദേഹം കംഗാരുക്കള്‍ക്കൊപ്പം നേടിയിട്ടുണ്ട്. ഓപ്പണറായി ഇറങ്ങി തല്ലിത്തകര്‍ക്കുന്ന ശൈലിയാണ് ഫിഞ്ചിന്റേത്. 39 ടി20 മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ നയിച്ച അദ്ദേഹം 20 മത്സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ 17 മത്സരങ്ങളില്‍ പരാജയപ്പെട്ടു. 54.05 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. അവസാന സീസണില്‍ ആര്‍സിബിയുടെ താരമായിരുന്ന ഫിഞ്ചിനെ താരലേലത്തിന് മുമ്പായി ടീം ഒഴിവാക്കിയിട്ടുണ്ട്.

ബാബര്‍ അസാം
പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസാമാണ് അഞ്ചാം സ്ഥാനത്ത്. ആധുനിക ക്രിക്കറ്റിലെ മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ബാബര്‍ അസാം. 44 ടി20കളില്‍ നിന്നായി 50.94 ശരാശരിയില്‍ 1681 റണ്‍സ് ബാബറിന്റെ പേരിലുണ്ട്. 11ടി20 മത്സരങ്ങളില്‍ പാകിസ്താനെ നയിച്ച ബാബര്‍ ആറ് മത്സരത്തിലാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 66.66 ആണ് വിജയശരാശരി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications