ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമാണ് വിരാട് കോലി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന കോലി എല്ലാ തരത്തിലും ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറി. ആധുനിക ക്രിക്കറ്റില്‍ ഏറ്റവും അധികം ആഘോഷിക്കപ്പെടുന്ന പേരുകളിലൊന്നാണ് വിരാട് കോലിയുടേത്. ആസ്തിയുടെ കാര്യത്തിലും കോലി മോശമല്ല. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 1050 കോടിയിലധികമാണ് കോലിയുടെ ആസ്തി.
പ്രതിവര്‍ഷം കോടികളാണ് പ്രതിഫല ഇനത്തില്‍ കോലിക്ക് ലഭിക്കുന്നത്. കോലിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് തന്നെ ലക്ഷങ്ങളാണ് പ്രതിഫലമായി ലഭിക്കുന്നത്. സ്വന്തമായി നിരവധി ബിസിനസുകളും കോലിയുടെ പേരിലുണ്ട്. ആസ്തിയുടെ കാര്യത്തില്‍ ഏഷ്യയില്‍ രണ്ടാം സ്ഥാനത്തുള്ള കായിക താരമാണ് കോലി. എന്നാല്‍ ക്രിക്കറ്റിലെ വാര്‍ഷിക പ്രതിഫലത്തില്‍ കോലിയാണോ തലപ്പത്ത്?. അല്ലെന്നതാണ് വാസ്തവം. കോലിക്ക് മുകളില്‍ അഞ്ച് പേരാണുള്ളത്. അത് ആരൊക്കെയാണെന്ന് നോക്കാം.
കോലി ബിസിസിഐയുടെ എപ്ലസ് വിഭാഗത്തിലുള്ള താരമാണ്. 7 കോടിയാണ് പ്രതിവര്‍ഷം ബിസിസിഐ കോലിക്ക് പ്രതിഫലം നല്‍കുന്നത്. ഒരു ഏകദിനം കളിച്ചാല്‍ 6 ലക്ഷവും ടി20ക്ക് 3 ലക്ഷവും ടെസ്റ്റിന് 15 ലക്ഷവുമാണ് പ്രതിഫലമായി കോലിക്ക് ലഭിക്കുന്നത്.
എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്‍ ടെസ്റ്റ് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടിന് കോലിയെക്കാള്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുണ്ട്. വാര്‍ഷിക കരാര്‍ പ്രകാരം 9.61 കോടിയാണ് റൂട്ടിന് ലഭിക്കുന്നത്. ഇത് കോലിയെക്കാള്‍ 2.62 കോടി കൂടുതലാണ്.
ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവര്‍ക്കും വാര്‍ഷിക കരാര്‍ പ്രകാരം കോലിയെക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ട്. ഒരു ഓസീസ് താരത്തിനും കോലിയെക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ട്. അത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ 7.5 കോടിയാണ് സ്മിത്തിന് വാര്‍ഷിക പ്രതിഫലമായി നല്‍കുന്നത്. ഇത് കോലിയെക്കാള്‍ കൂടുതലാണ്.

എന്നാല്‍ ഒരു വര്‍ഷത്തെ ആകെ വരുമാനം പരിശോധിച്ചാല്‍ കോലിയുടെ ഏഴയലത്ത് എത്താന്‍ ഇവര്‍ക്കാര്‍ക്കും സാധിക്കില്ല. 60 കോടിക്ക് മുകളിലാണ് പ്രതിവര്‍ഷം കോലിയുടെ ആസ്തി. ക്രിക്കറ്റിന് പുറത്തുനിന്നാണ് കോലിക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത്. 15 കോടി രൂപ ആര്‍സിബിയില്‍ നിന്നും പ്രതിഫലമായി കോലി വാങ്ങുന്നു. ഫാഷന്‍ മേഖലയില്‍ ഇതിനോടകം കോലി നിക്ഷേപം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരിയാണ് ഫാഷന്‍ മേഖലയിലെ ബിസിനസ് നോക്കി നടത്തുന്നത്.
പരസ്യ ചിത്രങ്ങളിലൂടെയും ബ്രാന്റ് അംബാസഡറെന്ന നിലയിലും കോലിക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. ബൂസ്റ്റ്, പെപ്‌സി, റീബോക്ക്, ഗോദ്രേജ്, ഹെഡ് ആന്റ് ഷോള്‍ഡേഴ്‌സ്, നെസ്‌ളെ ഇന്ത്യ, വിവോ തുടങ്ങിയവയെല്ലാം കോലിയുമായി കരാറുള്ള ചില പ്രധാന ബ്രാന്റുകളാണ്. ബിഎംഡബ്ല്യു, പ്യൂമ, എംആര്‍എഫ് ടയേഴ്‌സ് എന്നിവയിലൂടെയാണ് കോലിക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്നത്. കോലിയുടെ വരുമാനത്തിന്റെ 75 ശതമാനവും ക്രിക്കറ്റിന് പുറത്തുനിന്നാണ്.
ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം ലഭിച്ചതിനെക്കാളും താരമൂല്യം കോലിക്കുണ്ട്. എംഎസ് ധോണി, രോഹിത് ശര്‍മ എന്നിവരെല്ലാം സൂപ്പര്‍ താരങ്ങളാണെങ്കിലും ഇവര്‍ക്കൊന്നും കോലിയുടെ അത്രയും വാര്‍ഷിക പ്രതിഫലമില്ല. കോലി പുതിയ പുതിയ ബിസിനസുകളിലേക്ക് നിക്ഷേപം നടത്തി വികസിച്ചുകൊണ്ടിരിക്കുകയാണ്. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മയാണ് കോലിയുടെ പ്രധാന ബിസിനസുകളെല്ലാം നോക്കി നടത്തുന്നത്. കോലിയുടെ മാനേജര്‍ റോളുകൂടിയാണ് അനുഷ്‌ക നിര്‍വഹിക്കുന്നത്.
ഇനിയും ആറ് വര്‍ഷമെങ്കിലും ക്രിക്കറ്റില്‍ തുടരാന്‍ കോലിക്ക് സാധിച്ചേക്കും. അങ്ങനെയാണെങ്കില്‍ 1500 കോടിക്ക് മുകളിലേക്ക് കോലിയുടെ ആസ്തി ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോലിയുടെ ആകെ ആസ്തിയോട് മത്സരിക്കാന്‍ നിലവിലെ മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കൊന്നും സാധിക്കില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.