ജോഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ സമാനതകളില്ലാത്ത വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി തന്റെ പ്രകടന മികവിന് ഭാര്യ അനുഷ്‌ക കോലിക്കും പങ്കുണ്ടെന്ന് വെളിപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 5-1 എന്ന മാര്‍ജിനില്‍ ഏകദിന പരമ്പര സ്വന്തമാക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോലി.
കേരളത്തിന് ഇത് അഭിമാന നിമിഷം... കര്‍ണാടകയെ കരുണ്‍ നയിക്കും
ഞാനുമായി അടുപ്പമുള്ളവര്‍ക്ക് എന്റെ വിജയത്തില്‍ പങ്കുണ്ട്. പ്രത്യേകിച്ചും ഭാര്യ അനുഷ്‌കയ്ക്ക്. ഭാര്യയുടെ സാമീപ്യവും മാനസികമായ പിന്തുണയും കളിക്കളത്തില്‍ ആത്മവിശ്വാസമുണ്ടാക്കി. മുന്നില്‍ നിന്നും നയിക്കുന്നത് മനോഹരമായ അനുഭവമാണെന്നും കോലി മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.

പരമ്പരയില്‍ മൂന്നു സെഞ്ച്വറികളോടെ 558 റണ്‍സ് നേടി കോലി ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയിരുന്നു. അവസാനത്തെ ഏകദിന മത്സരം വളരെ ആസ്വദിച്ചാണ് കളിച്ചതെന്ന് കോലി പറയുന്നു. ലൈറ്റിനുകീഴെ സ്‌കോര്‍ പിന്തുടരാന്‍ പറ്റിയ വേദിയാണ് സെഞ്ചൂറിയന്‍. ഷോര്‍ട്ട് പന്തുകളില്‍ ബൗണ്ടറികള്‍ നേടുന്നത് ആനന്ദകരമാണ്. രാത്രിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പിച്ചാണ് ഇവിടുത്തേതെന്നും കോലി വ്യക്തമാക്കി.

നിരന്തര പരിശീലനത്തിലൂടെയാണ് ബാറ്റിങ്ങില്‍ പുരോഗതി നേടുന്നത്. എല്ലായിപ്പോഴും കഠിനമായ പരിശീലനം നടത്തുന്നു. ദൈവനുഗ്രഹത്താല്‍ പരിക്കേല്‍ക്കാതെ ആരോഗ്യത്തോടെ കളിക്കാന്‍ കഴിയുന്നുണ്ട്. ടീമിനുവേണ്ടി 120 ശതമാനവും അര്‍പ്പിക്കുകയെന്നതാണ് തന്റെ രീതി. രാജ്യത്തിനുവേണ്ടി കളിക്കുന്നതും ക്യാപ്റ്റനാകുന്നതും അഭിമാനകരമാണെന്നും കോലി പറഞ്ഞു.