IND vs AUS: ഏകദിനത്തിലെ കിങ് കോലി തന്നെ, സച്ചിന്റെ സിംഹാസനം തെറിച്ചു!- ലോക റെക്കോര്‍ഡ്
കാന്‍ബെറ: ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനുമായ വിരാട് കോലിയുടെ കരിയറിലേക്കു വീണ്ടുമൊരു പൊന്‍തൂവല്‍ കൂടി. ഓസ്‌ട്രേലിയക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ലോക റെക്കോര്‍ഡാണ് കോലി തന്റെ പേരില്‍ കുറിച്ചത്. ഏകദിനത്തില്‍ അതിവേഗം 12,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡിനാണ് അദ്ദേഹം അവകാശിയത്.

ഇന്ത്യയുട മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോലി തിരുത്തുകയായിരുന്നു. 12,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കു 232 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. സച്ചിന്‍ 300 ഇന്നിങ്‌സുകളിലായിരുന്നു ഈ നാഴികക്കല്ല് പിന്നിട്ടത്. 12,000 റണ്‍സിലെത്താന്‍ സച്ചിനേക്കാള്‍ 58 ഇന്നിങ്‌സുകള്‍ കുറച്ചു മാത്രമേ കോലിക്കു വേണ്ടി വന്നുള്ളൂ.
314 ഇന്നിങ്‌സുകളില്‍ നിന്നും 12,000 റണ്‍സെടുത്ത ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങാണ് കോലിക്കും സച്ചിനും പിറകില്‍ എലൈറ്റ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (336 ഇന്നിങ്‌സ്), സനത് ജയസൂര്യ (379), മഹേല ജയവര്‍ധനെ (399) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഓസീസിനെതിരേ കളിയുടെ 13ാം ഓവറിലെ ആദ്യ പന്തിലായിരുന്നു ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന നിമിഷം. സീന്‍ അബോട്ടിന്റെ ബൗളിങില്‍ ക്രീസിന് പുറത്തേക്കു ഇറങ്ങി കോലി എക്‌സ്ട്രാ കവറിലേക്കു ഡ്രൈവ് ചെയ്ത് സിംഗിള്‍ നേടുകയായിരുന്നു. ഇതോടെ 12,000 റണ്‍സ് ക്ലബ്ബില്‍ അദ്ദേഹം അംഗമാവുകയും ചെയ്തു. ഹര്‍ഷാരവത്തോടെയാണ് മനൂക്ക ഓവലിലെ കാണികള്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ നേട്ടത്തെ അഭിനന്ദിച്ചത്.
ഈ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ കോലി നിരാശപ്പെടുത്തിയിരുന്നു. 21 പന്തുകളില്‍ നിന്നും രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 21 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ കോലി ഇതിനു പ്രായശ്ചിത്തം ചെയ്തു. 87 പന്തില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 89 റണ്‍സോടെ കോലി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനും ടീമിനെ രക്ഷിക്കാനായിരുന്നില്ല. 51 റണ്‍സിനു മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications