
ദുബായ്: ഐസിസിയുടെ ഏകദിന റാങ്കിങില്‍ ഇന്ത്യയുടെ ആധിപത്യം തുടരുന്നു. ബാറ്റിങിലും ബൗളിങിലും ഇന്ത്യ ഇത്തവണയും ഒന്നാംസ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തില്ല. ബാറ്റിങില്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലിയാണ് തലപ്പത്ത്. ബൗളിങില്‍ പ്രമുഖ പേസര്‍ ജസ്പ്രീത് ബുംറ ഒന്നാംറാങ്കില്‍ തുടരുകയാണ്. 899 പോയിന്റുമായാണ് കോലി ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ രോഹിത് ശര്‍മയ്ക്കാണ് രണ്ടാംസ്ഥാനം. ആദ്യ പത്തില്‍ മറ്റൊരു ഇന്ത്യന്‍ താരം കൂടിയുണ്ട്. നേരത്തേ ഒമ്പതാം സ്ഥാനത്തായിരുന്ന ശിഖര്‍ ധവാന്‍ ഒരു റാങ്ക് മെച്ചപ്പെടുത്തി എട്ടാംസ്ഥാനത്തേക്കു കയറി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി 20ാം റാങ്കിലുണ്ട്.
ബൗളര്‍മാരുടെ പട്ടികയില്‍ 841 പോയിന്റോടെയാണ് ബുംറ ഒന്നാം റാങ്കില്‍ നില്‍ക്കുന്നത്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്നാംസ്ഥാനത്തുണ്ട്. കുല്‍ദീപിന്റെ സ്പിന്‍ പങ്കാളിയായ യുസ്‌വേന്ദ്ര ചഹല്‍ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം റാങ്കിലെത്തിയിട്ടുണ്ട്. അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനാണ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ 353 പോയിന്റോടെ ഒന്നാംസ്ഥാനത്തുള്ളത്. ടീമുകളുടെ റാങ്കില്‍ ഇംഗ്ലണ്ടാണ് തലപ്പത്ത്. ഇന്ത്യ തൊട്ടുതാഴെയുണ്ട്.