For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: ഇന്ത്യയും പാകിസ്താനുമെല്ലാം ഗ്രൗണ്ടില്‍ മാത്രം, പുറത്ത് ഇവര്‍ ഉറ്റ സുഹൃത്തുക്കള്‍!

ക്രിക്കറ്റിലെ ഐതിഹാസിക പോരാട്ടമെന്നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ബദ്ധവൈരികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള മല്‍സരങ്ങള്‍ ആരാധകരെ സംബന്ധിച്ച് ശരിക്കും യുദ്ധത്തിനു തുല്യമാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യ- പാക് പോരാട്ടങ്ങള്‍ എല്ലാ കാലത്തും ത്രില്ലറുകളായി മാറുന്നത്. ഏതു ടീമിനോടു തോറ്റാലും പാകിസ്താനോടു പരാജയപ്പെടരുതെന്ന ദൃഢനിശ്ചയത്തോടെയാണ് തങ്ങള്‍ കളിക്കാറുള്ളതെന്നു ഇന്ത്യയുടെ ചില താരങ്ങള്‍ തന്നെ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

കളിക്കളത്തില്‍ ബദ്ധശത്രുക്കളാണെങ്കിലും ഗ്രൗണ്ടിനു പുറത്ത് എല്ലാവരും കരുതുന്നതു പോലെ ഇന്ത്യ- പാക് താരങ്ങള്‍ക്കിടയില്‍ അത്ര വലിയ ശത്രുതയൊന്നുമില്ലെന്നതാണ് യാഥാര്‍ഥ്യം. മല്‍സരശേഷം പാക് താരങ്ങള്‍ ഇന്ത്യന്‍ താരങ്ങളുടെ മുറിയിലേക്കും, അതുപോലെ ഇന്ത്യന്‍ കളിക്കാര്‍ പാക് താരങ്ങളുടെ മുറിയിലേക്കുമെല്ലാം പോവുകയും തമാശ പങ്കിടുകയുമെല്ലാം ചെയ്യാറുണ്ട്.

KOHLI BABAR

ഇന്ത്യ- പാകിസ്താന്‍ താരങ്ങളില്‍ വളരെ നല്ല സുഹൃത്തുക്കളായ ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. രവി ശാസ്ത്രിയും മുന്‍ പാക് ക്യാപ്റ്റന്‍ റമീസ് രാജയുമാണ് ഈ ലിസ്റ്റിലെ ആദ്യത്തെ സുഹൃത്തുക്കള്‍. കളിച്ചിരുന്ന കാലം മുതല്‍ നല്ല സൗഹൃദം ഇരുവര്‍ക്കുമിടയിലുണ്ടായിരുന്നു.

പലപ്പോഴും ശാസ്ത്രിയെ വാനോളം പുകഴ്ത്തി രാജ സംസാരിക്കുകയും ചെയ്യാറുണ്ട്. 2017 മുതല്‍ 21 വരെ ഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോഴുള്ള ശാസ്ത്രിയുടെ പ്രകടനത്തെ രാജ അഭിനന്ദിച്ചിരുന്നു. പാകിസ്താന്റെ മുന്‍ ഇതിഹാസ നായകന്‍ ഇമ്രാന്‍ ഖാനോടായിരുന്നു ഒരിക്കല്‍ ശാസ്ത്രിയെ രാജ താരതമ്യം ചെയ്തത്.

മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുമാണ് അടുത്ത സൗഹൃദമുള്ള മറ്റൊരു ഇന്ത്യ-പാക് ജോടികള്‍. 2008ല്‍ ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ ഗാംഗുലിക്കു കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി അക്തര്‍ കളിക്കുകയും ചെയ്തിരുന്നു.

പലപ്പോഴും ഗാംഗുലിയുടെ നേതൃശേഷിയെ പ്രശംസിച്ചിട്ടുള്ളയാളാണ് അക്തര്‍. തന്റെ കരിയറില്‍ ബൗള്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും ധൈര്യശാലിയായ ബാറ്ററാണ് ദാദയെന്നായിരുന്നു ഒരിക്കല്‍ അക്തര്‍ പറഞ്ഞത്. കൂടാതെ താന്‍ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും ശക്തനായ എതിരാളിയും ക്യാപ്റ്റനുമെല്ലാം ഗാംഗുലിയാണെന്നും അക്തര്‍ തുറന്നു പറഞ്ഞിരുന്നു.

മുന്‍ ക്യാപ്റ്റനും നിലവിലെ കോച്ചുമായ രാഹുല്‍ ദ്രാവിഡും മുന്‍ പാക് നായകന്‍ ഇന്‍സമാമുള്‍ ഹഖും അടുത്ത സുഹൃത്തുക്കളാണ്. 2006ല്‍ ദ്രാവിഡ് ക്യാപ്റ്റനായിരിക്കെ ഒരു കളിയില്‍ ഫീല്‍ഡ് തടസപ്പെടുത്തിയതിന്റെ പേരില്‍ ഇന്‍സമാം പുറത്തായത് വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു.

പക്ഷെ അതിനു ശേഷം ദ്രാവിഡും ഇന്‍സിയും പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുകളായി മാറുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയിട്ടുള്ള സംഭാവനകളുടെ പേരില്‍ ദ്രാവിഡിനെ പല തവണ ഇന്‍സി പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ദ്രാവിഡ് വഹിച്ച പങ്കിനെയും അദ്ദേഹം പുകഴ്ത്തിയിരുന്നു.

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും പാകിസ്താന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്കും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. 2019ലെ ഗ്ലോബല്‍ കാനഡ ലീഗില്‍ ഇരുവര്‍ക്കും ഒരേ ടീമില്‍ ഒരുമിച്ച് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ഈ ടൂര്‍ണമെന്റിനിടെ തനിക്കൊപ്പം ഡിന്നറിനായി മാലിക്കിനെ യുവി ക്ഷണിക്കുകയും ചെയ്തിരുന്നു. അര്‍ബുദത്തോടു പോരാടി ജീവിതത്തിലേക്കും പിന്നീട് ക്രിക്കറ്റിലേക്കും മടങ്ങിയെത്തിയ യുവിയെ വാനോളം പ്രശംസിക്കാനും മാലിക്ക് നേരത്തേ മുന്നോട്ടു വന്നിരുന്നു.

GANGULY AKHTAR

ഇതിഹാസ ബാറ്റര്‍ വിരാട് കോലിയും നിലവിലെ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസവും തമ്മിലും നല്ല സൗഹൃദമാണുള്ളത്. 2020-22 കാലഘട്ടത്തില്‍ കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നു പോയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചും പ്രചോദിപ്പിച്ചും രംഗത്തുവന്ന ഏക പാക് താരം ബാബറായിരുന്നു.

ഈ സമയവും കടന്നുപോവും, കരുത്തനായിരിക്കൂയെന്നായിരുന്നു കോലിക്കൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ബാബര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പിന്നാലെ കോലി ഇതിനു നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

2021ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് പോരിനു മുമ്പ് ടോസിനായി ഗ്രൗണ്ടിലെത്തിയപ്പോള്‍ ബാബറുടെ തോളില്‍ കൈയിട്ടായിരുന്നു കോലിയുടെ വരവ്. പലപ്പോഴും വാര്‍ത്താ സമ്മേളനങ്ങളില്‍ ബാബറിനെ പുകഴ്ത്തി കോലി സംസാരിക്കുകയും ചെയ്യാറുണ്ട്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ ബാബറാണെന്നായിരുന്നു കോലി അടുത്തിടെ പ്രശംസിച്ചത്.

Story first published: Friday, August 18, 2023, 17:57 [IST]
Other articles published on Aug 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+