മുംബൈ: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലി ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണെന്നു റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നു മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
താരത്തിനു സൗജന്യ ചികില്‍സ നല്‍കുമെന്നു ആശുപത്രി അറിയിക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് തിങ്കളാഴ്ച കാംബ്ലിയെ ആകൃതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. മുന്‍ കോച്ച് രമാകാന്ത് അച്ചരേക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിനെത്തിയപ്പോള്‍ കാംബ്ലിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി വ്യക്തമായതോടെ ഇന്നു അദ്ദേഹം ആശുപത്രിയില്‍ കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാവും.
അതിനിടെയാണ് കാംബ്ലിക്കു ഇനി സൗജന്യമായി ആജീവനാന്ത ചികില്‍സ നല്‍കുമെന്നു ആശുപത്രി ഇന്‍ ചാര്‍ജായ എസ് സിങ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല ആരോഗ്യ പ്രശ്‌നങ്ങളും അദ്ദേഹത്തെ വേട്ടയാടുന്നുണ്ട്. ഇതിനിടെ രണ്ടു ഹൃദയ ശസ്ത്രക്രിയകള്‍ക്കു കാംബ്ലി വിധേയനാവുകയും ചെയ്തിരുന്നു. ഉറ്റ സുഹൃത്ത് കൂടിയായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സാമ്പത്തിക സഹായവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.