ക്രിക്കറ്റെന്ന ഗെയിമില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കുകയും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്യുകയെന്നത് എല്ലാ താരങ്ങള്‍ക്കും സാധിക്കുന്ന കാര്യമല്ല. ചുരുക്കം ചിലര്‍ക്കു മാത്രമേ ഇങ്ങനെയൊരു നേട്ടം കൈവരിക്കാനുള്ള ഭാഗ്യമുണ്ടാവാറുള്ളൂ. പ്രതിഭ കൊണ്ടു മാത്രം ഒരു ക്രിക്കറ്റര്‍ വിജയിക്കില്ല. അതിനു ആത്മസമര്‍പ്പണവും കഠിനാധ്വാനവും അച്ചടക്കവുമെല്ലാം ഒരുപോലെ ആവശ്യമാണ്. കരിയറിലുടനീളം ഇതിനു സാധിച്ചവരാണ് പിന്നീട് ഇതിഹാസ താരങ്ങളായി ക്രിക്കറ്റിന്റെ നെറുകയിലേക്കു എത്തിയത്.
ഇന്ത്യയില്‍ പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാര്‍ എല്ലായ്‌പ്പോഴുമുണ്ടായിട്ടുണ്ട്. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, വിരാട് കോലി എന്നിങ്ങനെ വളരെ കുറച്ചു പേര്‍ക്കുമാത്രമാണ് ഇതിഹാസ പദവിയിലേക്കുയരാന്‍ സാധിച്ചിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്തു വന്‍ പ്രതീക്ഷ നല്‍കിയ ശേഷം പിന്നിട് എങ്ങുമെത്താതെ പോയ ചില ഇന്ത്യന്‍ ക്രിക്കറ്റര്‍മാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഇതിഹാസ താരങ്ങളായി മാറുമെന്നു വാഴ്ത്തപ്പെടുകയും പിന്നീട് അപ്രത്യക്ഷരാവുകയും ചെയ്തിട്ടുള്ള പ്രമുഖരായ ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. വിനോദ് കാംബ്ലിയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. സച്ചിന്റെ സമകാലികനും ഉറ്റ സുഹൃത്തുമായിരുന്ന കാംബ്ലി വലിയ പ്രതീക്ഷ നല്‍കിയ ക്രിക്കറ്ററാണ്.
സച്ചിനേക്കാള്‍ കഴിവുണ്ടായിരുന്ന കാംബ്ലി ഇന്ത്യയുടെ ഇതിഹാസമാവുമെന്നു അന്നു പലരും ചൂണ്ടിക്കാട്ടി. പക്ഷെ പരിക്കുകളും കുത്തഴിഞ്ഞ ജീവിത ശൈലിയുമെല്ലാം കാംബ്ലിയുടെ ക്രിക്കറ്റ് കരിയര്‍ തകര്‍ക്കുകയായിരുന്നു. ഇന്ത്യക്കായി 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലുമാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ നിന്നും യഥാക്രമം 1084ഉം 2477ഉം റണ്‍സ് കാംബ്ലി നേടുകയും ചെയ്തു.
പ്രവീണ്‍ ആംറെയാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ചതോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രകടനത്തോടെ ആംറെ അടുത്ത സൂപ്പര്‍ താരമായി മാറുമെന്നു പലരും വിലയിരുത്തുകയും ചെയ്തു.
പക്ഷെ ആംറെയുടെ കരിയര്‍ ഗ്രാഫ് പിന്നീട് നേരെ താഴേക്കാണ് പോയത്. 11 ടെസ്റ്റുകളില്‍ നിന്നും വെറും 425 റണ്‍സ് മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഏകദിനത്തിലാവട്ടെ ആംറെ 37 മല്‍സരങ്ങളില്‍ നിന്നും നേടിയത് 513 റണ്‍സായിരുന്നു. കളിക്കാരനെന്ന നിലയില്‍ വിജയിച്ചില്ലെങ്കിലും പരിശീലകനായി ആംറെ പിന്നീട് പേരെടുക്കുകയും ചെയ്തു.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചാന്ദാണ് ലിസ്റ്റിലെ മൂന്നാമന്‍. വിരാട് കോലിയുടെ പിന്‍ഗാമായി അദ്ദേഹം മാറുമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. പക്ഷെ ചാന്ദിന് കരിയറില്‍ പിന്നീട് ഉയരങ്ങളിലേക്കു കുതിക്കാനായില്ല.
ഐപിഎല്ലില്‍ പല ഫ്രാഞ്ചൈസികളിലും താരം കളിച്ചെങ്കിലും എവിടെയും ക്ലിക്കായില്ല. ഇതോടെ ചാന്ദ് പൂര്‍ണമായും തഴയപ്പെട്ടു. ഇന്ത്യയില്‍ ഒരു കരിയറില്ലെന്നു ബോധ്യമായതോടെ താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച ശേഷം അമേരിക്കയിലേക്കു കൂടുമാറുകയായിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ അമേരിക്കയ്ക്കായി കളിക്കാനൊരുങ്ങുകയാണ് ചാന്ദ്.
മുന്‍ താരം മനീന്ദര്‍ സിങാണ് ഈ ലിസ്റ്റില്‍പ്പെട്ട മറ്റൊരു താരം. മുന്‍ ഇതിഹാസ സ്പിന്നര്‍ ബിഷന്‍ സിങ് ബേദിയുടെ പിന്‍ഗാമിയായി മാറുമെന്നായിരുന്നു മനീന്ദര്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പക്ഷെ താരത്തിന്റെ കരിയര്‍ വളരെ വേഗത്തില്‍ അസ്തമിക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ 10,000 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള അജയ് ശര്‍മയാണ് വലിയ പ്രതീക്ഷ നല്‍കിയ ശേഷം അപ്രത്യക്ഷനായ മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍വേട്ട ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റിലെയും ഹീറോയാക്കുമെന്നു കരുതിയെങ്കിലും വാതുവയ്പ്പ് വിവാദത്തിലുള്‍പ്പെട്ടതോടെ എല്ലാം തകിടം മറിയുകയായിരുന്നു.
വെടിക്കെട്ട് ബാറ്ററായ റോബിന്‍ ഉത്തപ്പയാണ് ഈ ലിസ്റ്റില്‍പ്പെടുന്ന ഇന്ത്യയുടെ മറ്റൊരാള്‍. അടുത്ത വീരേന്ദര്‍ സെവാഗെന്നായിരുന്നു തുടക്കകാലത്തു ഉത്തപ്പയെ പലരും വിളിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ഉയരങ്ങളിലെത്താതെ അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കുകയായിരുന്നു. സ്ഥിരതില്ലാത്ത പ്രകടനങ്ങളായിരുന്നു പലപ്പോഴും ഉത്തപ്പയ്ക്കു തിരിച്ചടിയായത്.
മറ്റൊരു വെടിക്കെട്ട് ബാറ്ററായ പൃഥ്വി ഷായെയും ഈ ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുത്താം. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. സച്ചിന്‍ ടെണ്ടുല്‍ക്കറോളം കഴിവുള്ള ബാറ്ററെന്നായിരുന്നു പൃഥ്വി തുടക്കകാലത്തു വിശേഷിപ്പിക്കപ്പെട്ടത്. ഇന്ത്യന്‍ ടീമിനോടൊപ്പം നന്നായി തുടങ്ങിയെങ്കിലും കളിക്കളത്തിനു പുറത്തെ വിവാദങ്ങള്‍ പൃഥ്വിയുടെ കരിയറിനുമേല്‍ കരിനിഴല്‍ വീഴ്ത്തി. നിലവില്‍ സീനിയര്‍ ടീം അദ്ദേഹത്തെ പൂര്‍ണമായും മറന്ന മട്ടാണ്.